ADVERTISEMENT

മാവേലിക്കര ∙ നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു. സമീപത്തെ കടയിൽ സാധനം വാങ്ങാനെത്തിയ 2 പേർക്കും കാറിടിച്ചു പരുക്കേറ്റു. ലോട്ടറി വിൽപനക്കാരനായ തഴക്കര കുന്നം പാറയ്ക്കൽ വീട്ടിൽ പി.കെ.ഗോപി (72) ആണു മരിച്ചത്. ഇറവങ്കര ശ്രീഭവനം പ്രിയ അരവിന്ദ് (45), വേൽഭവനം ഉണ്ണിക്കൃഷ്ണൻ നായർ (56) എന്നിവർക്കാണു പരുക്കേറ്റത്. 

ഇന്നലെ വൈകിട്ട് അഞ്ചരയോടെ മാവേലിക്കര–പന്തളം റോഡിൽ ഇറവങ്കര ജംക്‌ഷനു സമീപമായിരുന്നു അപകടം. കൊച്ചാലുംമൂട് ഭാഗത്തേക്കു പോകുകയായിരുന്ന കാർ അതേ ദിശയിൽ സഞ്ചരിച്ച ഗോപിയുടെ സ്കൂട്ടറിൽ ഇടിച്ചു നിയന്ത്രണം വിട്ടു പ്രിയ, ഉണ്ണിക്കൃഷ്ണൻ എന്നിവരെ ഇടിക്കുകയായിരുന്നു.

പരുക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊട്ടാരക്കര സ്വദേശിയായ ഡോക്ടറുടെ കാറാണ് അപകടത്തിന് ഇടയാക്കിയത്. മരിച്ച ഗോപിയുടെ ഭാര്യ: സരളമ്മ. മകൻ: സന്ദീപ് കുമാർ. മരുമകൾ: സ്നേഹ.

ഇറവങ്കര ജംക്‌ഷൻ അപകട മേഖലയാകുന്നു: 6 മാസത്തിനിടെ ഇറവങ്കര ഭാഗത്ത് 3 മരണം
തഴക്കര ∙ നവീകരണം പൂർത്തിയായതോടെ ഇറവങ്കര ജംക്‌ഷൻ അപകട മേഖലയാകുന്നു. കഴിഞ്ഞ 6 മാസത്തിനിടയിൽ ഇറവങ്കര ഭാഗത്തു പൊലിഞ്ഞതു 3 ജീവനുകൾ. മാവേലിക്കര–പന്തളം റോഡിൽ അപകടസാധ്യത ഏറെയുള്ള ഭാഗമാണു ഇറവങ്കര. റോഡ‍് നവീകരണം പൂർത്തിയായതോടെ ജംക്‌ഷനിൽ ചെറുതും വലുതുമായ അപകടങ്ങൾ പതിവായിരിക്കുകയാണ്.

നവീകരിച്ച റോഡിലെ അതിവേഗത്തിൽ എത്തുന്ന വാഹനങ്ങൾ പലപ്പോഴും പ്രധാന റോഡിലേക്ക് സംഗമിക്കുന്ന റോഡുകളെ കുറിച്ചു ധാരണ ഇല്ലാതെയാണു പായുന്നത്. കുന്നം അറന്നൂറ്റിമംഗലം ഭാഗങ്ങളിൽ നിന്നായി എത്തുന്ന 3 റോഡ‍ുകളാണ് ഇറവങ്കര ജംക്‌ഷനിൽ പ്രധാന റോഡിലേക്കു സംഗമിക്കുന്നത്. ജംക്‌ഷനിലെ അപകടക്കെണി മുൻപു പരാതിക്ക് ഇടയാക്കിയതിനാൽ വേഗ നിയന്ത്രണ സംവിധാനമായി ഹംപ് സ്ഥാപിച്ചിരുന്നു. 

റോഡ് നവീകരണത്തിന്റെ ഭാഗമായി ജംക്‌ഷനിലുണ്ടായിരുന്ന ഹംപുകൾ നീക്കം ചെയ്തതോടെ വാഹനങ്ങളുടെ മരണപ്പാച്ചിൽ വർധിച്ചു. കൂടാതെ ഇരുവശങ്ങളിലും റോ‍ഡിൽ നിന്ന് ഉയർന്നു ഓടകൾ നിർമിച്ചതോടെ ജംക്‌ഷനിൽ റോഡിന്റെ വീതി കുറഞ്ഞതായി നാട്ടുകാർ പറയുന്നു. ടാറിങ് നിരപ്പിൽ നിന്നും ഓട ഉയർന്നു നിൽക്കുന്നതിനാൽ അത്യാവശ്യഘട്ടത്തിൽ ഇരുചക്രവാഹനങ്ങൾ വശത്തേക്ക് ഒതുക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.

വൈ.രമേശ്, വ്യാപാരി, ഇറവങ്കര
നവീകരണം പൂർത്തിയായ റോഡിൽ 6 മാസത്തിനുള്ളിൽ ഉണ്ടായ അപകടങ്ങളുടെ കണക്ക് ശേഖരിച്ചാൽ നിർമാണത്തിലെ അശാസ്ത്രീയത ബോധ്യപ്പെടും. ഇറവങ്കര ജംക്‌ഷനിൽ ശാസ്ത്രീയമായ രീതിയിൽ വേഗ നിയന്ത്രണ സംവിധാനം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com