ADVERTISEMENT

ചെങ്ങന്നൂർ ∙ നഗരസഭയിലെ ഏറ്റവും ഉയർന്ന പ്രദേശമായ പാണ്ഡവൻപാറയിൽ ശുദ്ധജലത്തിനു നെട്ടോട്ടം. പ്രിയദർശിനി കോളനി ഭാഗത്തു ശുദ്ധജലമെത്തിയിട്ടു പത്തു ദിവസമായി. ആഴ്ചയിൽ ഒരിക്കൽ ജല അതോറിറ്റിയുടെ പൈപ്പിൽ നിന്നു വെള്ളമെത്തുന്നതാണ് പതിവ്. ഇവിടെ വെള്ളം സ്വകാര്യ വിൽപനക്കാരിൽ നിന്നു വിലയ്ക്കു വാങ്ങി ഉപയോഗിക്കുകയാണ് ജനം.

കിണറോ ജല അതോറിറ്റിയുടെ ഗാർഹിക കണക്‌ഷനോ ഇല്ലാത്തവരാണു കൂടുതൽ വലയുന്നത്. പൊതുടാപ്പിനു മുന്നിൽ നിരത്തിവച്ചിരിക്കുന്ന എണ്ണമറ്റ കുടങ്ങൾ പാണ്ഡവൻപാറയിലെ പതിവുകാഴ്ചയാണ്. പാറയായതിനാൽ പലർക്കും കിണർ നിർമിക്കാൻ കഴിയുന്നില്ല. ഉള്ള കിണറുകളിലാകട്ടെ വേനൽ കടുത്താൽ പിന്നെ ജലനിരപ്പും താഴും.

ഇതോടെ പാറയ്ക്കു താഴെയുള്ള വീടുകളിലെ കിണറുകളിൽ നിന്നു വെള്ളം കോരിയെടുത്തു കുന്നു കയറേണ്ട ഗതിയാകും. 1000 ലീറ്ററിന് 500 രൂപ നിരക്കിൽ വെള്ളം വിലയ്ക്കു വാങ്ങുകയാണു പലരും. 22–ാം വാർഡിൽ കിണറിൽ നിന്നു ടാങ്കിൽ വെള്ളം ശേഖരിച്ച് ഇരുപതിലേറെ വീടുകളിലേക്കു വെള്ളമെത്തിക്കുന്ന പദ്ധതി നടത്തിവരുന്നു. വേനൽ കടുക്കുമ്പോൾ നഗരസഭയുടെ നേതൃത്വത്തിൽ ടാങ്കറിൽ വെള്ളമെത്തിക്കും.

പ്രത്യേക പദ്ധതി വരുമോ ?
പി.സി.വിഷ്ണുനാഥ് എംഎൽഎ ആയിരുന്ന കാലത്ത് പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചു പ്രത്യേക കുടിവെള്ള പദ്ധതിക്കു ശ്രമം നടത്തി. എന്നാൽ 50 ശതമാനത്തിലേറെ പട്ടികജാതിക്കാർ ഉണ്ടാകണം എന്ന വ്യവസ്ഥയിൽ തട്ടി അന്നു പദ്ധതി നടന്നില്ല. 

പിന്നീട് കെ.കെ.രാമചന്ദ്രൻനായർ എംഎൽഎ ആയിരുന്നപ്പോൾ സാഹചര്യം മാറി, പദ്ധതിക്ക് അനുമതി ലഭിച്ചെങ്കിലും നടപടികൾ മുന്നോട്ടുപോയില്ല. മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയിൽ പാണ്ഡവൻപാറയിൽ ശുദ്ധജലമെത്തുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com