ആഞ്ഞിലുമൂട് ജംക്‌ഷനിൽ ഡ്രൈവർമാർ ‘വട്ടംകറങ്ങുന്നു’
Mail This Article
ചെങ്ങന്നൂർ ∙ എംസി റോഡിലെ പ്രധാന കവലകളിലൊന്നായ ആഞ്ഞിലിമൂട് ജംക്‌ഷനിൽ നവീകരണം നടത്തിയെങ്കിലും അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയങ്ങൾ ഇനിയുമേറെ. അപകടങ്ങൾക്കു കുപ്രസിദ്ധിയാർജിച്ച ജംക്‌ഷനിൽ മന്ത്രി സജി ചെറിയാന്റെ ശ്രമഫലമായി റൗണ്ട് എബൗട്ട് നിർമിച്ചിരുന്നു. ഇതോടെ അപകടങ്ങൾ കുറയുകയും ചെയ്തു. എന്നാൽ റൗണ്ട് എബൗട്ടിനു സമീപത്തായി ദിശാബോർഡുകൾ സ്ഥാപിക്കാത്തതു ഡ്രൈവർമാരെ വലയ്ക്കുന്നു.
മാവേലിക്കര ഭാഗത്തേക്കും പന്തളം ഭാഗത്തേക്കും ചെങ്ങന്നൂരേക്കും വാഹനങ്ങൾ തിരിയേണ്ട റൗണ്ട് എബൗട്ടിൽ ദിശയറിയാതെ ഡ്രൈവർമാർ ആശയക്കുഴപ്പത്തിലാകുന്നതു പതിവാണെന്നു സമീപവാസികൾ പറയുന്നു. റൗണ്ട് എബൗട്ടിൽ നിന്ന് അൽപം അകലെയായാണു സൂചനാബോർഡുകൾ ഉള്ളത്. ഇവ ശ്രദ്ധയിൽപെടാതെ റൗണ്ട് എബൗട്ടിനു സമീപത്തെത്തുന്നവരാണു ആശയക്കുഴപ്പത്തിലാകുന്നത്.
നടപ്പാകാതെ ബസ് സ്റ്റോപ്പുകളുടെ പുനഃക്രമീകരണം
മാവേലിക്കര ഭാഗത്തേക്കും ചെങ്ങന്നൂർ ഭാഗത്തേക്കും പോകുന്ന ബസുകൾ നിർത്തുന്ന ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കണമെന്ന ആവശ്യം ഏറെ നാളായുണ്ട്. മുളക്കുഴ ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ വളവു തിരിഞ്ഞെത്തുന്ന ഭാഗത്താണ് മാവേലിക്കര ഭാഗത്തേക്കുള്ള ബസുകൾ നിർത്തി ആളെ കയറ്റുക. ഇത് അപകടത്തിനിടയാക്കും. അൽപം കൂടി മുന്നിലേക്കു നീക്കണമെന്നാണ് ആവശ്യം.
മാവേലിക്കരയിൽ നിന്നു ചെങ്ങന്നൂർ ഭാഗത്തേക്കു വരുന്ന ബസുകൾ റൗണ്ട് എബൗട്ടിനു സമീപത്തായി നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ഈ ബസ് സ്റ്റോപ്പും അൽപം കൂടി മുന്നിലേക്കു നീക്കണം. രണ്ടിടത്തും മുളക്കുഴ ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്നിടത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കണമെന്നും ആവശ്യമുയരുന്നു.