ADVERTISEMENT

ആലപ്പുഴ ∙ ജില്ലയ്ക്കായി വലിയ പദ്ധതികളൊന്നുമില്ലാതെ സംസ്ഥാന ബജറ്റ്. വലിയ പ്രതീക്ഷകൾ പുലർത്തിയ പല മേഖലകൾക്കും കിട്ടിയതു നേർത്ത തലോടൽ മാത്രം. കുട്ടനാടിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി പ്രഖ്യാപിച്ച 100 കോടിയാണ് എടുത്തുപറയാനുള്ളത്. നബാർഡ് ആർഐഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഈ തുക പാടശേഖരങ്ങളിലെ പുറംബണ്ട് നിർമാണത്തിന്  ഉപയോഗിക്കാനാകും നെല്ലുൽപാദനം വർധിപ്പിക്കാനും കയർ മേഖലയുടെ വികസനത്തിനുമായുള്ള പദ്ധതികളുടെ പ്രയോജനം ജില്ലയ്ക്കും ലഭിക്കുമെന്ന് ആശ്വസിക്കാം. ബജറ്റിൽ ജില്ലയ്ക്കു കിട്ടിയത് ഒറ്റനോട്ടത്തിൽ:

പുനർഗേഹത്തിന് ഇരട്ടിത്തുക 
∙ മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പുനർഗേഹത്തിനും തുക അനുവദിച്ചത് ജില്ലയിലെ തീരമേഖലയ്ക്കും ആശ്വാസമാകും. പുനർഗേഹത്തിനു കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടിയാണ് ഇത്തവണ അനുവദിച്ചത്– 40 കോടി.

∙  മത്സ്യസമ്പത്തിന്റെ പരിപാലനവും സംരക്ഷണവും ഉറപ്പു വരുത്താനായി 20 ബോട്ടുകൾ വാടകയ്ക്ക് എടുക്കാൻ 9 കോടി രൂപ വകയിരുത്തി. ഇതിൽ രണ്ട് ബോട്ടുകളെങ്കിലും ജില്ലയ്ക്കു ലഭിച്ചേക്കും.

∙  മത്സ്യബന്ധന തുറമുഖങ്ങളുടെ മണൽനീക്കത്തിനും അറ്റകുറ്റപ്പണിക്കും 9.50 കോടി അനുവദിച്ചതിന്റെ ഗുണം തോട്ടപ്പള്ളി ഹാർബറിനും ലഭിക്കും.

∙  ആലപ്പുഴ ഉൾപ്പെടെ  5 തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 39.20 കോടി അനുവദിച്ചു. കായംകുളം, മനക്കോടം ഉൾപ്പെടെ 11 ചെറു തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 5 കോടി രൂപയും വകയിരുത്തി.

∙ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കുള്ള ഇൻഷുറൻസിന് ഇത്തവണയും തുക അനുവദിച്ചു.

∙ ഉൾനാടൻ മത്സ്യബന്ധന മേഖലയ്ക്കുള്ള വിഹിതമായ 80.91 കോടിയിൽ നല്ലൊരു വിഹിതം ജില്ലയ്ക്കു ലഭിക്കും. മത്സ്യഫാം, നഴ്സറി, ഹാച്ചറി എന്നിവയ്ക്കായി 18 കോടി അനുവദിച്ചതിന്റെ ഗുണവും ജില്ലയ്ക്കു ലഭിക്കും.

നെൽ  ഉൽപാദനം വർധിപ്പിക്കുക ലക്ഷ്യം
നെല്ലുൽപാദനം വർധിപ്പിക്കാൻ സംസ്ഥാനത്തെ ഏഴു മേഖലകൾക്കായി 93.60 കോടി രൂപ അനുവദിച്ചിട്ടുണ്ട്.  ജില്ലയിലെ കർഷകർക്കും ഇതിന്റെ ഗുണം ലഭിക്കും 

ഉൽപാദന ഉപാധികൾക്കുള്ള സഹായമായി കർഷകർക്ക് ഹെക്ടറിന് 5500 രൂപയും ഉടമകൾക്കു റോയൽറ്റിയായി ഹെക്ടറിന് 3000 രൂപയും നൽകിയിരുന്നത് തുടരും. 

പ്രതീക്ഷയോടെ ജലഗതാഗതം
∙ പുതിയ ബോട്ടുകൾക്കായി 22.3 കോടി രൂപ വകയിരുത്തിയതു ജലഗതാഗതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷ.

∙ സീ കുട്ടനാട്, സീ അഷ്ടമുടി ടൂറിസം സർവീസുകൾക്കായി രണ്ട് സോളർ ബോട്ടുകൾ വാങ്ങുന്നതിന് 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇവയിൽ ഒന്നും ജില്ലയ്ക്ക് ലഭിക്കും.

∙ 3 കോടി വകയിരുത്തിയ പുതിയ ക്രൂയിസ് യാനം ആലപ്പുഴയ്ക്കു ലഭിച്ചേക്കും.

വിലസ്ഥിരത: കയർ മേഖല പ്രതീക്ഷയിൽ
∙ കയറിന്റെയും കയർ ഉൽപന്നങ്ങളുടെയും വിലസ്ഥിരത ഉറപ്പുവരുത്തുന്നതിനായി 38 കോടി രൂപ നീക്കിവച്ചതിനാൽ കയറിനു വിപണി വില ഉറപ്പാക്കാനാകുമെന്നു പ്രതീക്ഷ. 

∙ പരമ്പരാഗത തൊഴിലാളികൾക്ക് 1250 രൂപ നിരക്കിൽ ധനസഹായം നൽകുന്നതിനുള്ള പദ്ധതിക്കു ബജറ്റിൽ 90 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

    ഇതിൽ നിന്നും കയർ മേഖലയ്ക്ക് ആനുപാതികമായ തുക ലഭിക്കുമെന്നാണു പ്രതീക്ഷ.

പ്രളയം നേരിടാൻ
∙ കുട്ടനാട് മേഖലയിലെയും തോട്ടപ്പള്ളി സ്പിൽവേയിലെയും വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾക്ക് 5 കോടി രൂപ 

∙  നബാർഡ് ആർഐഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടനാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു 100 കോടി രൂപ. പാടശേഖരങ്ങളിലെ പുറംബണ്ട് നിർമാണത്തിന് ഈ തുക ഉപയോഗിക്കാനാകും

∙ കുട്ടനാട്ടിലെ പരമ്പരാഗത പെട്ടിയും പറയും സംവിധാനത്തിനു പകരമായി വെർട്ടിക്കൽ ആക്സിൽ ഫ്ലോ പമ്പും മോട്ടോർ തറയും സ്ഥാപിക്കുന്നതിനു 36 കോടി രൂപ 

ഡെസ്റ്റിനേഷൻ ടൂറിസം
∙ ദേശീയ, രാജ്യാന്തര തലത്തിലുള്ള പരിപാടികൾക്കു വേദിയാകാൻ കഴിയും വിധം വിപുലമായ കൺവൻഷൻ സെന്ററുകൾ സ്ഥാപിക്കാൻ തിരഞ്ഞെടുക്കപ്പെട്ട 12 സ്ഥലങ്ങളിൽ ആലപ്പുഴയുമുണ്ട്. 500നു മുകളിൽ ആളുകൾക്ക് ഒരുമിച്ചു വരാനും കൂടിച്ചേരാനുമുള്ള സൗകര്യങ്ങൾ സജ്ജമാക്കാൻ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും ചേർത്തു പദ്ധതി ആവിഷ്കരിക്കും. 50 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.

∙  ആലപ്പുഴ ഉൾപ്പെടെ നാലിടത്തു ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, വിശ്രമ കേന്ദ്രം, റസ്റ്ററന്റ്, ചെറു വിനോദത്തിനുള്ള ഇടം, മോട്ടലുകൾ എന്നിവ ഉൾപ്പെടുന്ന മിനി മറീനകളും യാട്ട് ഹബ്ബുകളും വികസിപ്പിക്കും.

∙ മുസിരിസ് പൈതൃക പദ്ധതി ഉൾപ്പെടെയുള്ള പൈതൃക പദ്ധതികൾക്ക് അനുവദിച്ച 14 കോടി രൂപയിൽ ഒരു വിഹിതം ആലപ്പുഴ പൈതൃക പദ്ധതിക്കും ലഭിക്കും.

മറ്റുള്ളവ
∙ ചാംപ്യൻസ് ട്രോഫി ലീഗിനായി 9.96 കോടി രൂപ വകയിരുത്തി. ലീഗിലെ പകുതി മത്സരങ്ങളും ജില്ലയിൽ 

∙ പിഎസ്‌സിക്ക് പുതിയ ജില്ലാ ഓഫിസ്. ആലപ്പുഴ ഉൾപ്പെടെ 5 ജില്ലാ ഓഫിസുകൾക്കായി   5.24 കോടി രൂപ 

∙ ആലപ്പുഴ ഉൾപ്പെടെ 5 തുറമുഖങ്ങളുടെ വികസനത്തിനായി 39.20 കോടി രൂപ നീക്കിവച്ചു. ആലപ്പുഴ പോർട്ട് കം മറീന പദ്ധതി നടപ്പാകുമെന്നു പ്രതീക്ഷ 

∙ കായംകുളം ഉൾപ്പെടെ 13 ചെറുകിട തുറമുഖങ്ങളുടെ വികസനത്തിനായി 5 കോടി രൂപ

നെൽക്കർഷകന് നിരാശ
ആലപ്പുഴ ∙ മൂന്നു കർഷക ആത്മഹത്യകൾ നടന്ന ജില്ല നെൽക്കർഷകർക്കായി ഏറെ പ്രതീക്ഷിച്ചിരുന്നു. നെല്ലിന്റെ താങ്ങുവിലയിൽ വർധനയും സംഭരണത്തിനായി റിവോൾവിങ് ഫണ്ടും പ്രതീക്ഷിച്ചിരുന്ന കർഷകർക്കു ബജറ്റ് സമ്മാനിച്ചത് സമ്പൂർണ നിരാശ. 

പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് അടുത്ത സാഹചര്യത്തിൽ സംഭരണത്തിനായി ബജറ്റിൽ തുക നീക്കിവയ്ക്കുമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. എന്നാൽ നെല്ലുസംഭരണത്തെക്കുറിച്ചു ബജറ്റിൽ പരാമർശമേയില്ല. ബാങ്കുകളുടെ കൺസോർഷ്യം നൽകുന്ന വായ്പയെ ആശ്രയിച്ചായിരിക്കും ഇത്തവണയും സംഭരണം. മൂന്നാം വർഷവും നെല്ലിന്റെ താങ്ങുവിലയിലും വർധനയില്ല. നെല്ലു സംഭരണത്തിന്റെ കൈകാര്യച്ചെലവ് ക്വിന്റലിന് 12 രൂപയാണ് ലഭിക്കുന്നത്. 8 വർഷമായി തുടരുന്ന ഈ തുക വർധിപ്പിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല .

ജില്ല പ്രതീക്ഷയോടെ കാത്തിരുന്ന മറ്റു പലതും ബജറ്റിൽ ഉൾപ്പെട്ടില്ല എന്നതു നിരാശയായി. കഴിഞ്ഞ ബജറ്റിലെ പല പ്രഖ്യാപനങ്ങളിലും നടപടിക്കു തുടക്കമിടുക പോലും ചെയ്യാതിരിക്കുമ്പോഴാണ് ഇത്തവണ പല വിഷയങ്ങൾ‍ക്കും നേരെ ബജറ്റ് കണ്ണടച്ചത്. 

∙ രണ്ടാം കുട്ടനാട് പാക്കേജിനു കഴിഞ്ഞ ബജറ്റിൽ രണ്ടു വിഭാഗത്തിലായി 237 കോടി പ്രഖ്യാപിച്ചെങ്കിൽ ഇത്തവണ പാക്കേജിന്റെ പേരിലുള്ളത് 5 കോടി മാത്രം.

ടൂറിസം– പ്രത്യേക പദ്ധതികളൊന്നുമില്ല
ടൂറിസം രംഗത്തു നിർണായക സ്ഥാനമുണ്ട് കിഴക്കിന്റെ വെനീസിന്. എല്ലാ ബജറ്റിലും ഈ മേഖലയിൽ കാര്യമായ പ്രഖ്യാപനങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തവണ പുതിയ പദ്ധതികളോ അതിനായി നീക്കിയിരിപ്പോ ഇല്ല എന്നതു നിരാശയായി.  ഏറെ സഞ്ചാരികളെ ആകർഷിക്കുന്ന വള്ളംകളികൾക്കായും പ്രഖ്യാപനമില്ല. ചാംപ്യൻസ് ബോട്ട് ലീഗിനുള്ള സഹായം കുറയ്ക്കുകയും ചെയ്തു.

മത്സ്യമേഖലയ്ക്ക് പഴയ പരിഗണനയില്ല
∙ മത്സ്യബന്ധന മേഖലയിൽ കഴിഞ്ഞ വർഷം നോർവേ മോഡൽ ഫുഡ് പ്രോസസിങ് യൂണിറ്റ് ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ വന്നെങ്കിലും നടപ്പായില്ല. ഇത്തവണ ഒന്നിനും പണവുമില്ല.

∙ പഞ്ഞമാസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്കു സഹായം നൽകുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിക്കുള്ള വിഹിതം കുറച്ചു. കഴിഞ്ഞ വർഷം 27 കോടി, ഇത്തവണ 22 കോടി.

കുതിക്കാനാവാതെ കായിക മേഖല
∙ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം വികസനം ഉൾപ്പെടുമെന്ന കായികപ്രേമികളുടെ പ്രതീക്ഷ അസ്ഥാനത്തായി.

∙ മാവേലിക്കരയിൽ സ്റ്റേഡിയം ഇത്തവണ ഉൾപ്പെടുമെന്ന പ്രതീക്ഷ വെറുതെയായി.

കാത്തിരുന്ന പദ്ധതികളെ കുറിച്ച് മിണ്ടാട്ടമില്ല
∙ കായംകുളം കെഎസ്ആർടിസി സ്റ്റാൻഡ് നവീകരണത്തിനു തുകയില്ല. കഴിഞ്ഞ തവണ 10 കോടി പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.

∙ കുട്ടനാടിന്റെ വലിയ പ്രതീക്ഷയായ കാവാലം – തട്ടാശേരി പാലത്തെപ്പറ്റി ബജറ്റ് ഒന്നും പറയുന്നില്ല.

∙ പുളിങ്കുന്ന് താലൂക്ക് ആശുപത്രി വികസനവും കുട്ടനാട് ശുദ്ധജല ‌പദ്ധതിയും ഉൾപ്പെട്ടില്ല.

∙ ആലപ്പുഴ മൊബിലിറ്റി ഹബ്ബും ബജറ്റിന്റെ കണ്ണിൽപെട്ടില്ല.

∙ തുറവൂർ – പമ്പ പാതയും മാക്കേക്കടവ് – നേരേകടവ് പാലവും ബജറ്റിലില്ല.

പ്രതീക്ഷയില്ലാതെ ആരോഗ്യമേഖല
പരാധീനതകൾ കൊണ്ടു വീർപ്പുമുട്ടുന്ന ആലപ്പുഴയുടെ ആരോഗ്യമേഖലയ്ക്കും ബജറ്റ് സമ്മാനിച്ചതു നിരാശ മാത്രം. മെഡിക്കൽ കോളജിലെ ട്രോമ കെയർ യൂണിറ്റ് പൂർത്തീകരണവും പുതിയ എമർജൻസി മെഡിസിൻ വിഭാഗവും, വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്കു പുതിയ കെട്ടിടം,  താലൂക്ക് ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പദ്ധതികളാണ് ജില്ല പ്രതീക്ഷിച്ചതെങ്കിലും നിരാശയാണ് ഫലം.

സംസ്ഥാന മറ്റു മെഡിക്കൽ കോളജുകളിലെ വിവിധ ചികിത്സാ വിഭാഗങ്ങൾ ശക്തിപ്പെടുത്താൻ പണം വകയിരുത്തിയെങ്കിലും ആലപ്പുഴ മെഡിക്കൽ കോളജിന് ഒന്നുമില്ല. അതേസമയം, സംസ്ഥാനത്തെ 6 ഗവ.ഡെന്റൽ കോളജുകളുടെ വികസനത്തിനായി അനുവദിച്ച 22.79 കോടിയുടെയും നഴ്സിങ് കോളജുകളുടെ വികസനത്തിനായി അനുവദിച്ച 13.78 കോടിയുടെയും വിഹിതം ജില്ലയിലെ സ്ഥാപനങ്ങൾക്കു ലഭിക്കും.

ചാംപ്യൻസ് ബോട്ട് ലീഗിനു നിരാശ
ആലപ്പുഴ ∙ ജില്ലയിലെ 6 വള്ളംകളികൾ ഉൾപ്പെടെ 5 ജില്ലകളിലായി നടക്കുന്ന 12 വള്ളംകളികളെ ചേർത്തുള്ള ചാംപ്യൻസ് ബോട്ട് ലീഗിനുള്ള വിഹിതത്തിൽ വീണ്ടും കുറവ്. സിബിഎൽ ആദ്യ സീസണിനായി 25 കോടി രൂപയാണു ബജറ്റിൽ അനുവദിച്ചത്. രണ്ടാം സീസണിൽ 15 കോടിയും മൂന്നാം സീസണിൽ 12 കോടിയുമാണു ലഭിച്ചത്. ഇത്തവണ 9.96 കോടി രൂപ മാത്രമാണു ബജറ്റിൽ വകയിരുത്തിയത്. വള്ളങ്ങൾക്കും ബോട്ട് ക്ലബ്ബുകൾക്കും ബോണസും ഓരോ മത്സരത്തിലെയും സീസണിലെയും വിജയികൾക്കുള്ള സമ്മാനത്തുകയും നൽകാൻ മാത്രം 6 കോടിയോളം രൂപ വേണ്ടിവരും.

വൻ പ്രഖ്യാപനങ്ങളില്ലാതെ വിനോദ സഞ്ചാര മേഖല
ആലപ്പുഴ ∙ സംസ്ഥാന ബജറ്റിൽ വിനോദ സഞ്ചാര മേഖലയിൽ ജില്ലയ്ക്കു വൻ പ്രഖ്യാപനങ്ങളില്ല. എല്ലാ ജില്ലകൾക്കുമായി അനുവദിച്ചവ ആലപ്പുഴയ്ക്കും ലഭിക്കും എന്നതാണ് ആശ്വാസം. വിനോദ സഞ്ചാര മേഖലയ്ക്കായി ആകെ 351 കോടി രൂപയാണു ബജറ്റിൽ നീക്കി വച്ചത്.ദേശീയ, രാജ്യാന്തര തലത്തിലുള്ള പരിപാടികൾക്കു വേദിയാകാൻ കഴിയും വിധം വിപുലമായ കൺവൻഷൻ സെന്ററുകൾ സ്ഥാപിക്കാൻ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ആലപ്പുഴയുമുണ്ട്.

 500നു മുകളിൽ ആളുകൾക്ക് ഒരുമിച്ചു വരാനും കൂടിച്ചേരാനുമുള്ള സൗകര്യങ്ങൾ സജ്ജമാക്കാൻ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും ചേർത്തു പദ്ധതി ആവിഷ്കരിക്കും. 50 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.ആലപ്പുഴ ഉൾപ്പെടെ നാലിടത്തു ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, വിശ്രമ കേന്ദ്രം, റസ്റ്ററന്റ്, ചെറു വിനോദത്തിനുള്ള ഇടം, മോട്ടലുകൾ എന്നിവ ഉൾപ്പെടുന്ന മിനി മറീനകളും യാട്ട് ഹബ്ബുകളും വികസിപ്പിക്കും.

മുസിരിസ് പൈതൃക പദ്ധതി ഉൾപ്പെടെയുള്ള പൈതൃക പദ്ധതികൾക്ക് അനുവദിച്ച 14 കോടി രൂപയിൽ ഒരു വിഹിതം ആലപ്പുഴ പൈതൃക പദ്ധതിക്കും ലഭിക്കും.വിനോദ സഞ്ചാര മേഖലയ്ക്ക് വിവിധയിനങ്ങളിലായി പണം അനുവദിച്ചെങ്കിലും കായൽ ടൂറിസം, ഹൗസ്ബോട്ട് മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവയിൽ പുതിയ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ലാത്തതു തിരിച്ചടിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com