മിത്രക്കരിയിൽ കടുത്ത ശുദ്ധജലക്ഷാമം
Mail This Article
കുട്ടനാട് ∙ കടുത്ത ശുദ്ധജല ക്ഷാമത്തിൽ വീർപ്പുമുട്ടി മിത്രക്കരി നിവാസികൾ. മുട്ടാർ ഗ്രാമ പഞ്ചായത്തിലെ 1, 2, 12, 13 വാർഡുകൾ ഉൾപ്പെട്ട പ്രദേശത്താണു മാസങ്ങളായി ശുദ്ധജല ക്ഷാമം നേരിടുന്നത്. ജല അതോറിറ്റിയുടെ ശുദ്ധജലം പ്രദേശത്തു ലഭിച്ചിരുന്നെങ്കിലും മാസങ്ങളായി അതു നിലച്ചിട്ട്. പ്രദേശത്തെ നാട്ടു തോടുകൾ മലിനമായി കിടക്കുന്ന അവസ്ഥയിലാണ്. കൂടാതെ കുളങ്ങളും കിണറുകളും വറ്റിയ നിലയിലാണ്.
പ്രാഥമിക ആവശ്യങ്ങൾക്കു പോലും കടുത്ത ശുദ്ധജല ക്ഷാമമാണു പ്രദേശത്തു നേരിടുന്നത്.ലീറ്ററിന് ഒരു രൂപ മുതൽ വില കൊടുത്തു സമീപ ജില്ലകളിൽ നിന്ന് എത്തിക്കുന്ന വെള്ളം വാങ്ങിയാണു പ്രാഥമിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. കുടിക്കാനും ആഹാരം പാകം ചെയ്യാനും ജല അതോറിറ്റിയുടെ കനിവു തേടി ഓടി നടക്കുകയുമാണ്.
കളങ്ങര-മാമ്പുഴക്കരി റോഡിലൂടെ കടന്നു പോകുന്ന ജല അതോറിറ്റിയുടെ പ്രധാന പമ്പിങ് ലൈനിലെ എയർ വാൽവിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളം ശേഖരിച്ചാണു പ്രദേശവാസികൾ ഇപ്പോൾ ദാഹം അകറ്റുന്നത്. ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടാൽ മാത്രമേ പ്രദേശവാസികളുടെ ദുരിതത്തിനു പരിഹാരമുണ്ടാക്കാൻ സാധിക്കുകയുള്ളു. പഞ്ചായത്ത് ഭരണസമിതി ഇടപെട്ടു ലോറികളിൽ ഈ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം നടത്തണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.