ജില്ലാ കേരളോത്സവം രണ്ടര മാസമായിട്ടും യാത്രാബത്ത ലഭിച്ചില്ല

Mail This Article
ചെങ്ങന്നൂർ ∙ ജില്ലാ കേരളോത്സവത്തിൽ പങ്കെടുത്ത ഫുട്ബോൾ, ക്രിക്കറ്റ് ടീമുകൾക്ക് രണ്ടര മാസമായിട്ടും യാത്രാബത്ത ലഭിച്ചില്ലെന്നു പരാതി. മുളക്കുഴ പഞ്ചായത്തിൽ നിന്നു പോയ ഫുട്ബോൾ ടീമിലെയും പുലിയൂർ പഞ്ചായത്തിൽ നിന്നു പോയ ക്രിക്കറ്റ് ടീമിലെയും അംഗങ്ങൾക്കാണു കേരളോത്സവം കഴിഞ്ഞു രണ്ടര മാസമാകുമ്പോഴും യാത്രാബത്തയ്ക്കായി അലയേണ്ടി വരുന്നത്.
കഴിഞ്ഞ വർഷം നവംബർ 23, 24 തീയതികളിൽ ആലപ്പുഴ കലവൂരിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ ഫൈനലിൽ വരെയെത്തിയിരുന്നു മുളക്കുഴ ടീം.2 ദിവസം മിനി ബസിൽ കലവൂരിലേക്കു പോയിവന്നു. 12000 രൂപയിലേറെ ചെലവായി.നവംബർ 25നു നടന്ന ക്രിക്കറ്റ് മത്സരത്തിലാണ് പുലിയൂർ ടീം മത്സരിച്ചത്. സർട്ടിഫിക്കറ്റ് ഉൾപ്പെടെ നൽകിയിട്ടും ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഇതുവരെ യാത്രാബത്ത അനുവദിച്ചു കിട്ടിയില്ലെന്നാണു ടീം അംഗങ്ങളുടെ പരാതി.
12നു പണം നൽകും : പ്രസിഡന്റ്
ഫണ്ടിന്റെ കുറവ് മൂലമാണ് കേരളോത്സവത്തിൽ പങ്കെടുത്തവർക്കുള്ള യാത്രാബത്ത നൽകാൻ കഴിയാതെ പോയതെന്നും ഈ മാസം 12നു തന്നെ പണം നൽകുമെന്നും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലിം പറഞ്ഞു.