ADVERTISEMENT

ആലപ്പുഴ ∙ ഒന്നര മാസം നീണ്ട എക്സിബിഷന് ശേഷം മാലിന്യങ്ങൾ ബീച്ചിൽ നിന്നു മാറ്റിയില്ലെന്നു ചൂണ്ടിക്കാട്ടി അണ്ടർ വാട്ടർ ടണൽ എക്സ്പോ സംഘാടകരുടെ ലോറിയും ക്രെയിനും ആലപ്പുഴ നഗരസഭാ ആരോഗ്യവിഭാഗം തടഞ്ഞു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞിട്ടത്. തുടർന്ന് നഗരസഭാധ്യക്ഷയുടെ പരാതിയിൽ കലക്ടർ ഇടപെടുകയും വാഹനങ്ങൾ സൗത്ത് പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

കഴിഞ്ഞ മാസം 28നാണ് എക്സിബിഷൻ സമാപിച്ചത്. ഇതിനു ശേഷം എക്സ്പോ നടന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലുമായി ഒരു കിലോമീറ്ററോളം നീളത്തിൽ വിവിധ തരത്തിലുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതായി നഗരസഭ ആരോഗ്യവിഭാഗം അധികൃതർ പറയുന്നു. മാലിന്യം നീക്കുന്നതിനു വേണ്ടി ഇവർ ഫീസ് നഗരസഭയിലോ പോർട്ട് അധികൃതർക്കോ നൽകിയിരുന്നില്ല.

മാലിന്യം നീക്കം ചെയ്യുന്നതിന് സമയപരിധി നൽകിയെങ്കിലും അതും പാലിച്ചില്ല. പൊട്ടിയ ചില്ല്, തെർമോകോൾ, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങളാണ് കൂടുതലുള്ളത്. ശുചിമുറി മാലിന്യം ഉൾപ്പെടെ പ്രദേശത്ത് തള്ളിയിട്ടുണ്ട്. അപകടകരമാം വിധത്തിൽ പൊട്ടിയ ചില്ലുകൾ ബീച്ചിൽ തന്നെ കുഴിയെടുത്ത് മൂടിയതായും നഗരസഭ അധികൃതർ അറിയിച്ചു.

എക്സ്പോയുമായി ബന്ധപ്പെട്ട സാധനങ്ങളെല്ലാം സംഘാടകർ പല ഘട്ടങ്ങളായി ഇവിടെ നിന്നും അടുത്ത പ്രദർശനം നടക്കുന്ന പാലക്കാട്ടേക്ക് കൊണ്ടു പോയിരുന്നു. അവസാന ഘട്ടത്തിൽ സാധനങ്ങൾ കൊണ്ടു പോകാൻ ലോറി എത്തിയപ്പോഴാണ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എ.എസ്.കവിതയുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞിട്ടത്. തുടർന്ന് നഗരസഭാധ്യക്ഷ കെ.കെ ജയമ്മയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com