നിർത്തിയ ഫീഡർ സ്റ്റേഷനുകൾ: കൈകഴുകി കെഎസ്ആർടിസി
Mail This Article
ആലപ്പുഴ∙ ദീർഘദൂര യാത്രക്കാർക്കു ബസ് കാത്തു നിൽക്കാൻ ദേശീയ പാതകളിലുണ്ടായിരുന്ന ഫീഡർ സ്റ്റേഷനുകൾക്കു പകരം സംവിധാനമൊരുക്കില്ലെന്നു കെഎസ്ആർടിസി.ദേശീയപാത നവീകരണം നടക്കുന്നതാണു കാരണം. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ കൊമ്മാടിയിലേയും ചേർത്തലയിലെയും ഫീഡർ സ്റ്റേഷനുകൾ കെഎസ്ആർടിസി നിർത്തലാക്കിയത്. ഫീഡർ സ്റ്റേഷൻ മാറ്റിയെങ്കിലും ദീർഘദൂര ബസുകളുടെ സ്റ്റോപ്പുകൾ ഇതേ സ്ഥലത്ത് തുടരും.യാത്രക്കാർക്കു മഴയും വെയിലുമേൽക്കാതിരിക്കാൻ ഈ സ്റ്റോപ്പുകളിൽ താൽക്കാലിക സംവിധാനമൊരുക്കുന്നതു പോലും കെഎസ്ആർടിസിയുടെ പരിഗണനയിലില്ല. തെരുവ് വിളക്കുകൾ കത്താത്തതിനാൽ കൂരിരുട്ടിലാണ് രാത്രി യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്.
ദേശീയ പാതയിലൂടെ സർവീസ് നടത്തുന്ന ദീർഘദൂര ബസുകൾ നഗരത്തിലെ ബസ് സ്റ്റാൻഡുകളിലേക്കു കയറുമ്പോഴുള്ള സമയ, ഇന്ധന നഷ്ടം ഒഴിവാക്കാനായിരുന്നു ദേശീയ പാതയോരത്തു ഫീഡർ സ്റ്റേഷനുകൾ സ്ഥാപിച്ചത്. പഴയ ലോ ഫ്ലോർ ബസുകളാണു രൂപമാറ്റം വരുത്തി ഫീഡർ സ്റ്റേഷനുകളാക്കിയത്. എന്നാൽ ദേശീയപാത നവീകരണ ജോലികൾ നടക്കുന്നതിനാൽ ഇതു മാറ്റണമെന്നു ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടതോടെയാണ് ഫീഡർ സ്റ്റേഷനുകൾ നിർത്തിയത്. ദേശീയപാത അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമായതിനാൽ ഇക്കാര്യത്തിൽ തങ്ങൾക്കു മറ്റൊന്നും ചെയ്യാനാകില്ലെന്നാണു കെഎസ്ആർടിസിയുടെ നിലപാട്.