ADVERTISEMENT

ചെട്ടികുളങ്ങര ∙ കുംഭഭരണി കെട്ടുകാഴ്ചയുടെ കീർത്തി വർധിച്ചതോടെ സമാന്തര പാത എന്ന ആശയവും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. കുംഭഭരണി ദിവസം ഉണ്ടാകുന്ന വലിയ തിരക്ക് മൂലം വാഹനങ്ങൾ എത്താത്തതിനാൽ കിലോമീറ്ററോളം നടന്നാണു പലരും ക്ഷേത്രത്തിൽ എത്തുന്നത്. അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന ഒരു പാത എന്ന ആശയം വികസനരേഖയിൽ മാത്രമായി ഒതുങ്ങുകയാണ്. വടക്കേത്തുണ്ടം ജംക്‌ഷനിൽ നിന്നു പടിഞ്ഞാറ് വള്ളപ്പുര മുതൽ പാലമൂട്ടിൽ കടവ് വരെ കരിപ്പുഴ പത്തിയൂർ ഉള്ളിട്ട പുഞ്ചയിലൂടെ ഒരു പാത എന്ന ആശയത്തിനു രണ്ടു പതിറ്റാണ്ടോളം പഴക്കമുണ്ട്. പാടശേഖരത്തിലൂടെ 2 കിലോമീറ്റർ ദൂരത്തിൽ പാതയൊരുക്കിയാൽ ഏവൂർ വഴി ദേശീയപാതയിൽ എത്തിച്ചേരാൻ സാധിക്കും.

വിശാലമായ പാടശേഖരത്തിനു മധ്യത്തിലൂടെയുള്ള വഴി കർഷകർക്കും ഏറെ ഗുണകരമാകും എന്നതിൽ തർക്കമില്ല. ചെട്ടികുളങ്ങര, ചേപ്പാട്, പത്തിയൂർ പഞ്ചായത്തുകൾ കൈകോർത്താൽ പദ്ധതി യാഥാർഥ്യമാകും, അതിനു സ്ഥലം എംപി, എംഎൽഎ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ പിന്തുണ നൽകണം. ആരുണ്ട് മുൻകയ്യെടുക്കാൻ എന്ന ചോദ്യം ഉയരുമ്പോൾ സമാന്തരപാത എന്ന ആശയവും ഫയലിൽ ഉറങ്ങുകയാണ്. തട്ടാരമ്പലം- ചെട്ടികുളങ്ങര-കായംകുളം റോഡിനു സമാന്തരമായി ഉപയോഗിക്കാവുന്ന 2 റോഡുകൾ ഉണ്ട്. കരിപ്പുഴ-വടക്കേത്തുണ്ടം-കണ്ണമംഗലം-പത്തിയൂർ, മറ്റൊന്നു കണ്ടിയൂർ–കൊച്ചിക്കൽ–ഈരേഴ–കൊയ്പ്പള്ളികാരാണ്മ–ഒന്നാംകുറ്റി എന്നിവയാണത്.

എവിടെ മാലിന്യ സംസ്കരണ  പ്ലാന്റ് ?
മാലിന്യ സംസ്കരണ പ്ലാന്റ് എന്ന പ്രഖ്യാപനം കേട്ട് ചെട്ടികുളങ്ങരക്കാർ മടുത്തിരിക്കുകയാണ്. ക്ഷേത്രത്തിൽ ഉണ്ടാകുന്ന മാലിന്യം ശരിയായി സംസ്കരണം നടത്താൻ സംവിധാനം ഇല്ല.

വേണമൊരു പൈതൃക മ്യൂസിയം
കുംഭഭരണി നാളുകളിൽ ചെട്ടികുളങ്ങരയിൽ എത്തുന്നവർക്കു മാത്രമാണു കെട്ടുകാഴ്ചയുടെ മഹത്വം ബോധ്യമാകുന്നത്. മറ്റു ദിവസങ്ങളിൽ ക്ഷേത്രത്തിൽ എത്തുന്നവർക്കു കെട്ടുകാഴ്ചയുടെ മനോഹര ദൃശ്യത്തിന്റെ ചിത്രം മാത്രം കണ്ടു മടങ്ങേണ്ട സാഹചര്യമാണ്. ഇതിനു പരിഹാരമായി കെട്ടുകാഴ്ചയുടെയും ചെട്ടികുളങ്ങരയിലെ ആചാരപരമായ ചടങ്ങുകളുടെയും മിനിയേച്ചറുകൾ ഒരുക്കി സ്ഥിരമായി പ്രദർശിപ്പിക്കാനുള്ള സൗകര്യം ഉണ്ടാകണം.

പ്രാദേശിക പൈതൃക ടൂറിസം
കടവൂർ കരയുടെ പടിഞ്ഞാറെ അതിർത്തിയിൽ തെക്കു വടക്കായി കിടക്കുന്ന കരിപ്പുഴ തോട്ടിലൂടെയാണു ചെട്ടികുളങ്ങര ഭഗവതി ഓണാട്ടുകര ദേശത്തേക്കു എത്തിയതെന്നാണു വിശ്വാസം. ചരിത്രപരമായും ഐതിഹപരമായും ഏറെ പ്രാധാന്യമുള്ള കരിപ്പുഴ കടവ് സംരക്ഷിക്കണമെന്ന ആവശ്യത്തിനു നാളുകളുടെ പഴക്കമുണ്ട്. ഇപ്രകാരം ചെട്ടികുളങ്ങരയുമായി ഏറെ ബന്ധമുള്ള സ്ഥലങ്ങൾ, സമീപത്തുള്ള എരുവ, മണ്ണാറശാല, വെട്ടിക്കോട്ട്, കണ്ടിയൂർ, മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ, ബുദ്ധ സ്മാരകം, ശാരദാമന്ദിരം, കൃഷ്ണപുരം കൊട്ടാരം തുടങ്ങിയ ചരിത്രസ്മാരകങ്ങൾ ഉൾപ്പെടുത്തി പ്രാദേശിക ടൂറിസം പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കണം.(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com