ദമ്പതികൾക്കു നേരെ ആക്രമണം; ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ
Mail This Article
ഹരിപ്പാട്∙ ദമ്പതികളെ ആക്രമിച്ചു ഗുരുതരമായി പരുക്കേൽപിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം വടക്ക് പുത്തൻപറമ്പിൽ പത്മരാജൻ(58) ആണ് അറസ്റ്റിലായത്. കുമാരപുരം താമല്ലക്കൽ വടക്കുംമുറിയിൽ രാജുവിന്റെ പുരയിടത്തിൽ അതിക്രമിച്ചു കയറി പത്മരാജൻ മണ്ണെടുത്തതിനെ ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണം. രാജുവിന്റെ ഭാര്യ ദേവയാനിയെ പ്രതി കയ്യിൽ ഉണ്ടായിരുന്ന മൺവെട്ടി ഉപയോഗിച്ചു തലയ്ക്ക് അടിക്കുകയും ഭാര്യയുടെ നിലവിളി കേട്ട് ഓടിവന്ന രാജുവിനെ വടി ഉപയോഗിച്ചു തലയ്ക്കും മറ്റും അടിച്ചു ഗുരുതരമായി പരുക്ക് ഏൽപിക്കുകയും ചെയ്തതായാണു കേസ്. പരുക്കു പറ്റിയ ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. 2023 നവംബർ 29നായിരുന്നു സംഭവം. ഒളിവിൽ കഴിയവെ കാർത്തികപ്പള്ളിയിലെ ബന്ധു വീട്ടിൽ നിന്നാണു പ്രതിയെ പൊലീസ് പിടികൂടിയത്. എസ്എച്ച്ഒ സി.ദേവരാജ്, എസ്ഐമാരായ ഷൈജ, സുജിത്, രാജേഷ് ഖന്ന, എഎസ്ഐ പ്രദീപ്, സിപിഒമാരായ കിഷോർകുമാർ, എ.നിഷാദ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.