ADVERTISEMENT

ചെട്ടികുളങ്ങര ∙ ആവേശപ്പൂരത്തിന് ഒരുക്കം തുടങ്ങി, ഭരണി കാഴ്ചക്കായി മെയ്യും മനവും നിറച്ചു കരക്കാർ ആഹ്ലാദത്തേരിൽ കെട്ടുകാഴ്ച ഒരുക്കുന്നതിൽ സജീവമായി. ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിൽ തിരക്കായിരുന്നു. മേനാമ്പള്ളിക്കരയിലെ പറയെടുപ്പു കഴിഞ്ഞു ഭഗവതി ജീവതയിൽ എത്തുന്നതും കാത്തു ഭക്തരുടെ കാത്തിരിപ്പ്. ഭക്തരും കരക്കാരും കുത്തിയോട്ട വഴിപാടു നടത്തുന്ന വീട്ടുകാരും ഒത്തു ചേർന്നപ്പോൾ തിരുനടയിൽ ദേവീസ്തുതികൾ ഉച്ചസ്ഥായിയിലായി. കുത്തിയോട്ട വഴിപാട് നടക്കുന്ന 15 വീടുകളിൽ നിന്നു കുത്തിയോട്ട കുട്ടികളുമായി എത്തിയവർ ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ അർപ്പിച്ചു പ്രാർഥിച്ചു. ദേവീ സന്നിധിയിൽ വച്ചു കുട്ടികൾ ആശാന്മാർക്കു ദക്ഷിണ നൽകി ശിഷ്യത്വം സ്വീകരിച്ചു.

വഴിപാട് നടക്കുന്ന വീടുകളിൽ പ്രത്യേക കണക്കനുസരിച്ചു തയാറാക്കിയ മണ്ഡപത്തിൽ ദേവീ വിഗ്രഹത്തിനു മുന്നിൽ സന്ധ്യയോടെ വിളക്കു തെളിച്ചു. ആശാന്മാർ ദക്ഷിണ സ്വീകരിച്ചതോടെ കുത്തിയോട്ട ചടങ്ങുകൾക്കു തുടക്കമായി. ചന്ദനം, ഭസ്മം, കുങ്കുമം, പനിനീർ, സുഗന്ധദ്രവ്യങ്ങൾ എന്നിവ പൂശി തോർത്തുടിപ്പിച്ചു കുട്ടികളെ കുത്തിയോട്ടക്കളത്തിൽ ഉപവിഷ്ഠരാക്കി. മണ്ഡപത്തിൽ ദീപാരാധന നടത്തി ദേവീ മാഹാത്മ്യം ചൊല്ലി കുട്ടികളെ ചുവടുകൾ അഭ്യസിപ്പിച്ചു. കുംഭഭരണി നാളിൽ രാവിലെ ക്ഷേത്രത്തിലെത്തി സമർപ്പണം നടത്തുന്നതോടെയാണു കുത്തിയോട്ടത്തിന്റെ ചടങ്ങുകൾ സമാപിക്കുന്നത്. 

ഒരുമയോടെ കെട്ടുകാഴ്ച ഒരുക്കം
കുതിരമൂട്ടിൽ കഞ്ഞിയുടെ രുചിയൂറുന്ന പകലുകളും കുത്തിയോട്ടപാട്ടിന്റെ ഈരടികൾ മുഴങ്ങുന്ന രാവുകളുമാണു ഓണാട്ടുകരയിൽ വിസ്മയമൊരുക്കുന്നത്. 13 കരകളിൽ നിന്നുമുള്ള കരനാഥന്മാർ ക്ഷേത്രത്തിലെത്തി വഴിപാടുകൾ നടത്തി. ക്ഷേത്രത്തിൽ നിന്നുള്ള തീർഥവുമായി കരയുടെ ആസ്ഥാനത്തെത്തി കെട്ടുകാഴ്ചപ്പുരകളിൽ തളിച്ചു. ശുഭമുഹൂർത്തത്തിൽ കെട്ടുരുപ്പടികൾ പുറത്തെടുത്തു നിർമാണ ജോലികൾ ആചാരപരമായി ആരംഭിച്ചു. കാലപ്പഴക്കം വന്ന തടിയുരുപ്പടികൾ മാറ്റുന്നതിനും പുതിയവ നിർമിക്കുന്നതിനുമായി ചില കരകളിൽ നേരത്തെ നിശ്ചയിച്ച മുഹൂർത്തത്തിൽ നിർമാണം ആരംഭിച്ചിരുന്നു. രാവിലെ തന്നെ ആവേശത്തോടെ കരയിലെ ആബാലവൃദ്ധം ജനങ്ങളും കെട്ടുകാഴ്ചയൊരുക്കുന്ന സ്ഥലങ്ങളിൽ സജീവമായിരുന്നു. അംബരചുംബികളായ 6കുതിര, 5 തേര്, ഭീമൻ, ഹനുമാൻ, പാഞ്ചാലി എന്നീ കെട്ടുകാഴ്ചകളുടെ നിർമാണമാണു 13 കരകളിലായി പുരോഗമിക്കുന്നത്.

ആശാന്മാർക്ക് ആദരവ്
മാവേലിക്കര ∙ അഖിലഭാരത അയ്യപ്പ സേവാസംഘം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ കുത്തിയോട്ട ആശാന്മാരെ ഇന്നു മുതൽ 13 വരെ കുത്തിയോട്ട വീടുകളിലെത്തി ആദരിക്കുമെന്നു യൂണിയൻ പ്രസിഡന്റ് കെ.മോഹനൻ നായർ, സെക്രട്ടറി പി.ചന്ദ്രൻ, ട്രഷറർ രവീന്ദ്രൻപിള്ള എന്നിവർ അറിയിച്ചു.

ഈരേഴ തെക്ക് കര ഭാരവാഹികൾ: സി.വിജയൻ (പ്രസി.), ബി.അഭിലാഷ് (സെക്ര.), ബി.ഹരികൃഷ്ണൻ (ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ്, എക്‌സി. അംഗം), എൻ.സഹദേവൻ, പി.കെ.സനോജ് (കൺ.അംഗങ്ങൾ).
ഈരേഴ തെക്ക് കര ഭാരവാഹികൾ: സി.വിജയൻ (പ്രസി.), ബി.അഭിലാഷ് (സെക്ര.), ബി.ഹരികൃഷ്ണൻ (ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ്, എക്‌സി. അംഗം), എൻ.സഹദേവൻ, പി.കെ.സനോജ് (കൺ.അംഗങ്ങൾ).

കരകളിലൂടെ...
ഈരേഴ തെക്ക്

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ആദ്യത്തെ കരയാണ് ഈരേഴ തെക്ക്. കെട്ടുകാഴ്ചയായ കുതിരയുടെ ഇടക്കൂടാരത്തിനു ചുവടെ തത്തിക്കളിക്കുന്ന 2 പാവക്കുട്ടികളുണ്ട്. പാവകൾക്ക് ഉടയാട സമർപ്പിക്കുന്നതു പ്രധാന വഴിപാടാണ്. കുതിരയിൽ സ്ഥാപിച്ചിരിക്കുന്ന ഭദ്രകാളിമുടി ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ എതിരേൽപ് ഉത്സവത്തിനു പാട്ടുപുരയിൽ വച്ച് ആരാധിക്കാറുണ്ട്. ഈരേഴ തെക്ക് കരനാഥന്മാർ: സി.വിജയൻ (പ്രസി.), ബി.അഭിലാഷ് (സെക്ര.), ബി.ഹരികൃഷ്ണൻ (ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ്, എക്‌സി. അംഗം), എൻ.സഹദേവൻ, പി.കെ.സനോജ് (കൺ.അംഗങ്ങൾ).

ഈരേഴ വടക്ക് കര ഭാരവാഹികൾ: രാജേഷ് നടുവിലേത്ത് (പ്രസി.), ആർ.സുരേഷ് കുമാർ (സെക്ര.), വി.അനിൽകുമാർ (ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ എക്‌സി. അംഗം), എസ്.ശ്രീകുമാർ, രാജീവ് ഉണ്ണിച്ചേത്ത് (കൺ. അംഗങ്ങൾ).
ഈരേഴ വടക്ക് കര ഭാരവാഹികൾ: രാജേഷ് നടുവിലേത്ത് (പ്രസി.), ആർ.സുരേഷ് കുമാർ (സെക്ര.), വി.അനിൽകുമാർ (ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ എക്‌സി. അംഗം), എസ്.ശ്രീകുമാർ, രാജീവ് ഉണ്ണിച്ചേത്ത് (കൺ. അംഗങ്ങൾ).

ഈരേഴ വടക്ക്
ചെട്ടികുളങ്ങര ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കരയാണ് ഈരേഴ വടക്ക്. കുതിരയാണ് കരയുടെ കെട്ടുകാഴ്ച. ഇതൾ വിരിയുന്ന താമര, ഗരുഡൻ, സരസ്വതീദേവിയുടെ ദാരുശില്പം എന്നിവ ഈരേഴ വടക്ക് കുതിരയുടെ ആകർഷണങ്ങളാണ്. ഈരേഴ വടക്ക് കരനാഥന്മാർ: രാജേഷ് നടുവിലേത്ത് (പ്രസി.), ആർ.സുരേഷ് കുമാർ (സെക്ര.), വി.അനിൽകുമാർ (ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ എക്‌സി. അംഗം), എസ്.ശ്രീകുമാർ, രാജീവ് ഉണ്ണിച്ചേത്ത് (കൺ. അംഗങ്ങൾ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com