പാചകവാതകം ചോർന്നു തീപിടിത്തം; 4 പേർക്കു പൊള്ളലേറ്റു
Mail This Article
ചെട്ടികുളങ്ങര ∙ പാലുകാച്ചൽ ചടങ്ങു നടന്ന വീട്ടിൽ തൊട്ടടുത്ത ദിവസം പാചകവാതക സിലിണ്ടറിൽ നിന്നു പാചകവാതകം ചോർന്നു തീപിടിച്ചു അമ്മയും മക്കളും ഉൾപ്പെടെ 4 പേർക്കു പൊള്ളലേറ്റു. ചെട്ടികുളങ്ങര ഈരേഴ തെക്ക് ഷിബു ഭവനം ഷിബു ആന്റണിയുടെ വീട്ടിൽ ഇന്നലെ ഉച്ചയോടെയാണു സംഭവം. ഷിബു ആന്റണിയുടെ ഭാര്യ ജിജി (34), മക്കളായ അനന്യ (13), അയൻ (05), പാചകവാതക സ്റ്റൗ തകരാർ പരിഹരിക്കാൻ എത്തിയ സുനീഷ് (30) എന്നിവർക്കാണു പൊള്ളലേറ്റത്. വീടിന്റെ പാലുകാച്ചൽ ചടങ്ങ് കഴിഞ്ഞദിവസം ആയിരുന്നു. ആധുനിക രീതിയിലുള്ള അടുക്കളയിൽ സ്ഥാപിച്ച സ്റ്റൗവിന്റെ ക്രമീകരണം വിശദീകരിക്കാനെത്തിയ സുനീഷ് കാര്യങ്ങൾ പറയവേയാണ് തീ പടർന്നത്. പാചകവാതകത്തിന്റെ ഗന്ധം ഉണ്ടെന്നു പറയുന്നതിനിടെ തീപിടിക്കുകയായിരുന്നു. സാരമായി പൊള്ളലേറ്റ അയൻ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.