ADVERTISEMENT

ആലപ്പുഴ ∙ ജില്ലയിലെ പൊലീസ് വാഹനങ്ങൾ വിവിധ ഇന്ധന പമ്പുകൾക്കായി നൽകാനുള്ളത് ഒരു കോടിയോളം രൂപ. കുടിശിക കൂടിയതിനെ തുടർന്നു പല പമ്പുകാരും പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നതു നിർത്തി. ആലപ്പുഴ നഗരത്തിലെ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കാതെ വന്നതോടെ എടത്വയിലെ പമ്പിൽ ഇന്ധനം നിറയ്ക്കാൻ പോയ ആലപ്പുഴ സൗത്ത് പൊലീസിന്റെ ജീപ്പ് സ്കൂട്ടറുമായി ഇടിച്ച് കഴിഞ്ഞദിവസം സ്കൂട്ടർ യാത്രികൻ മരിച്ചിരുന്നു. നവംബർ മുതൽ ഇന്ധനം നിറച്ചതിന്റെ തുക പമ്പുകൾക്കു നൽകാനുണ്ട്. ജില്ലയിലെ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിന് ഓരോ മാസവും 30–35 ലക്ഷം രൂപയാണു വേണ്ടത്. സ്റ്റേഷനുകളിലെ ജീപ്പിനും കൺട്രോൾ യൂണിറ്റ് വാഹനത്തിനും ഓരോ മാസവും 400 ലീറ്ററോളം ഇന്ധനം വേണം. 

നേരത്തെ സെപ്റ്റംബർ മുതലുള്ള ബിൽ കുടിശിക ആയിരുന്നെങ്കിലും രണ്ടു മാസത്തെ പണം ജനുവരിയിൽ നൽകി. വീണ്ടും കുടിശിക വന്നതോടെയാണു പമ്പുകൾ ഇന്ധനം നൽകാതായത്. ചേർത്തല മുതൽ പുറക്കാട് വരെയുള്ള പ്രദേശത്താണു പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കാത്തത്. കലക്ടറേറ്റിലേത് ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം നിറച്ച വകയിൽ നഗരത്തിലെ മിക്ക പമ്പുകൾക്കും സർക്കാർ പണം നൽകാനുണ്ട്, അതിനൊപ്പം പൊലീസിന്റെ ഇന്ധന ബാധ്യത കൂടി താങ്ങാനാകില്ലെന്നാണു പമ്പുകാർ പറയുന്നത്. അതേസമയം ചില പൊലീസ് സ്റ്റേഷനുകൾക്ക് ആ പരിധിയിലെ പമ്പുകൾ ഇന്ധനം നൽകുമെങ്കിലും മറ്റൊരു സ്റ്റേഷനിലെ വാഹനത്തിനു നൽകില്ല.

ഇന്ധനം നിറയ്ക്കാൻ 390 രൂപ
10–12 കിലോമീറ്റർ ഇന്ധനക്ഷമതയുള്ള ജീപ്പ് ആലപ്പുഴ– എടത്വ റൂട്ടിൽ 25 കിലോമീറ്റർ സഞ്ചരിച്ച് വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ഓരോ തവണ പോകുമ്പോഴും യാത്രയ്ക്കു മാത്രം 4 ലീറ്ററോളം ഡീസൽ വേണം. ഇതിന്റെ ചെലവ് മാത്രം 390 രൂപയോളം വരും.

സർക്കാർ പമ്പിൽ കടമില്ല
സപ്ലൈകോയുടെയും കെഎസ്ആർടിസിയുടെയും പമ്പുകളിൽ പണമടച്ചെങ്കിൽ മാത്രമേ സർക്കാർ വാഹനങ്ങൾക്കും ഇന്ധനം നിറയ്ക്കൂ. സ്വകാര്യ പമ്പുകൾ രണ്ടു മാസം കുടിശിക ഉള്ളപ്പോഴും ഇന്ധനം നൽകുമെന്നിരിക്കെയാണു സർക്കാർ പമ്പുകൾ സഹകരിക്കാത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com