നഗരസഭ ബജറ്റ്; അച്ചൻകോവിലാറിന്റെ തീരം വിനോദസഞ്ചാര മേഖലയാക്കാൻ പദ്ധതി
Mail This Article
മാവേലിക്കര ∙ അച്ചൻകോവിലാറിന്റെ തീരം വിനോദ സഞ്ചാര മേഖല ആക്കുന്നതിനും എംപി, എംഎൽഎ ഫണ്ട് മാതൃകയിൽ കൗൺസിലർമാർക്കു വാർഡ് വികസന ഫണ്ട് അനുവദിക്കുന്ന പദ്ധതിയും ലക്ഷ്യമിടുന്ന നഗരസഭയുടെ ബജറ്റ് ഉപാധ്യക്ഷ ടി.കൃഷ്ണകുമാരി അവതരിപ്പിച്ചു. 30.15 കോടി രൂപ വരവും 26.4 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ ശുദ്ധജല ശേഖരണത്തിനു വാട്ടർ കിയോസ്ക് സ്ഥാപിക്കുന്നതിനും ഗവ.ബോയ്സ് എച്ച്എസ്എസിൽ 50 ലക്ഷം രൂപ ചെലവഴിച്ച് ഓഡിറ്റോറിയം നിർമിക്കാനും പദ്ധതിയുണ്ട്. എ.ആർ.രാജരാജവർമ സ്മാരക ഗവ.ഗേൾസ് സ്കൂളിൽ ബാഡ്മിന്റൻ വോളിബോൾ കോർട്ടുകൾ ഒരുക്കാൻ 5 ലക്ഷം, 6 സർക്കാർ വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ഒരു കോടി, മണ്ഡപത്തിൻ കടവ് മുതൽ പുന്നമൂട് വരെയുള്ള റോഡിന്റെ വശങ്ങൾ മനോഹരമാക്കുന്നതിനു 5 ലക്ഷം വകയിരുത്തിയിട്ടുണ്ട്. കണ്ടിയൂർ ബൈപാസിൽ സൗരോർജ വിളക്ക്, ജലത്തിന്റെ ശുദ്ധത ഉറപ്പാക്കാൻ സൗകര്യം, സംസ്കാരത്തിനായി മൊബൈൽ സംസ്കാര യൂണിറ്റ്, നഗരസഭയിലെ 3 പ്രധാന സ്ഥലങ്ങളിൽ ജല എടിഎം സ്ഥാപിച്ചു ഒരു രൂപയ്ക്ക് ഒരു ലീറ്റർ ശുദ്ധജലം ലഭ്യമാക്കാനുള്ള പദ്ധതി, വളവുകളിൽ സുരക്ഷ കണ്ണാടി, മിൽക് സൊസൈറ്റി–റെയിൽവേ സ്റ്റേഷൻ ബൈപാസ് റോഡ് പൂർത്തീകരണം, പ്രായിക്കര–തഴക്കര ബൈപാസ് നിർമാണം, മിൽക് സൊസൈറ്റി കെഎസ്ആർടിസി റോഡ് കോട്ടത്തോടിന്റെ കവറിങ് സ്ലാബ് നിർമാണം, ടിഎ കനാൽ ആഴംകൂട്ടൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇൻസിനറേറ്റർ സ്ഥാപിക്കൽ, പാലിയേറ്റീവ് കെയർ യൂണിറ്റിനായി വാൻ വാങ്ങൽ, വെൽനെസ് സെന്റർ സൗകര്യം ഉറപ്പാക്കൽ, പുതിയകാവ് ഗവ.എൽപിഎസിനു ഇരുനില കെട്ടിടം നിർമാണം എന്നിവയ്ക്കും ഫണ്ട് അനുവദിക്കുന്നുണ്ട്. നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാർ അധ്യക്ഷനായി.