ADVERTISEMENT

ആലപ്പുഴ ∙ ലൈഫ് പദ്ധതിയിൽ ജില്ലാ പഞ്ചായത്തിന്റെ വിഹിതമായി 9 കോടിയിലേറെ രൂപ ഗ്രാമപഞ്ചായത്തുകൾക്കു നൽകിയെങ്കിലും ഇതിന്റെ വിനിയോഗ വിവരങ്ങൾ ഇല്ലെന്നു സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി. ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ നൽകാത്തതിനാൽ 8.61 കോടിയിലേറെ രൂപയുടെ ചെലവ് ഓഡിറ്റിൽ തടസ്സപ്പെടുത്തി. ജനറൽ, എസ്‌സിപി വിഭാഗങ്ങളിലായാണിത്. ജനറൽ വിഭാഗത്തിൽ 5.75 കോടിയോളം രൂപയും എസ്‍സിപി വിഭാഗത്തിൽ 3.32 കോടിയിലേറെയുമാണു ജില്ലാ പഞ്ചായത്ത് നൽകിയത്. ജനറൽ വിഭാഗത്തിൽ താമരക്കുളം പ‍ഞ്ചായത്തിനു നൽകിയ 14 ലക്ഷത്തിന്റെയും ഭരണിക്കാവിനു നൽകിയ 12 ലക്ഷത്തിന്റെയും എസ്‍സിപി വിഭാഗത്തിൽ താമരക്കുളം പഞ്ചായത്തിനു നൽകിയ 19.96 ലക്ഷത്തിന്റെയും വിനിയോഗ വിവരം മാത്രമാണു ലഭിച്ചത്.

ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 47 സ്കൂളുകളിലെ എസ്എസ്എൽസി വിദ്യാർഥികളിൽ പഠനത്തിൽ പിന്നാക്കമായ കുട്ടികളുടെ പഠന നിലവാരം ഉയർത്താനുള്ള 25 ലക്ഷം രൂപയുടെ പദ്ധതി ലക്ഷ്യത്തിൽനിന്നു വ്യതിചലിച്ചു നടപ്പാക്കി. സായാഹ്ന ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കു ലഘുഭക്ഷണം നൽകാനാണു ജില്ലാ പഞ്ചായത്ത് പണം ചെലവിടുന്നത്. ഒരു കുട്ടിക്കു ദിവസം 20 രൂപ ക്രമത്തിൽ 50 ദിവസത്തേക്ക് 2500 കുട്ടികൾക്കായാണ് 25 ലക്ഷം വകയിരുത്തിയത്. എന്നാൽ, മിക്ക സ്കൂളിലെയും പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും പരിശീലനവും ലഘുഭക്ഷണവും നൽകിയതായി സ്കൂൾ അധികൃതർ രേഖകൾ ഹാജരാക്കി മുഴുവൻ തുകയും കൈപ്പറ്റി. 8 സ്കൂളുകൾ മാത്രമാണു ഹാജരായ കുട്ടികളുടെ കൃത്യമായ വിവരം നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

∙ ക്ഷീരസംഘങ്ങൾക്കു 2 ലക്ഷം വീതം നൽകി 5 ക്ഷീരകർഷകർക്കു വീതം പശുക്കളെ വാങ്ങാൻ പലിശരഹിത വായ്പ നൽകുന്ന പദ്ധതിയിൽ കർഷകർ വളരെ ചെറിയ തുക മാത്രമാണു തിരിച്ചടച്ചത്. സംഘങ്ങൾക്കായി 16 ലക്ഷം നൽകിയപ്പോൾ തിരിച്ചടച്ചത് 1.29 ലക്ഷം മാത്രം.
∙ സ്കൂളുകളിൽ താൽക്കാലികമായി കായികാധ്യാപകരെ നിയമിച്ചപ്പോൾ സർക്കാർ നിർദേശം പാലിച്ചില്ല, അധിക വേതനം നൽകി – 23 സ്കൂളുകളിൽ നിയമനം നടത്തിയപ്പോൾ, അതതു ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിലവിലുള്ള ലിസ്റ്റിൽനിന്നു നിയമിക്കണമെന്ന സർക്കാർ നിർദേശം ലംഘിച്ചു. റാങ്ക് ലിസ്റ്റുണ്ടോ എന്ന് അന്വേഷിക്കുക പോലും ചെയ്തില്ല. ജോലിയിൽ ചേർന്ന തീയതി പരിഗണിക്കാതെ മുഴുവൻ ദിവസത്തെയും വേതനം നൽകി.
∙ തുല്യതാ തുടർവിദ്യാഭ്യാസ പദ്ധതി ലക്ഷ്യം നേടിയില്ല – ഹയർ സെക്കൻഡറി ഒന്നാം വർഷ തുല്യതാ കോഴ്സിൽ‍ ചേർന്നവരിൽ ഭൂരിഭാഗവും രണ്ടാം വർഷ കോഴ്സിൽ ചേരുന്നില്ല. കൊഴിഞ്ഞുപോക്കും ഒന്നാം വർഷ പരീക്ഷയിലെ പരാജയവുമാണു കാരണം. രണ്ടാം വർഷ പരീക്ഷ ജയിക്കുന്നത് എത്രപേരെന്ന കണക്ക് ജില്ലാ സാക്ഷരതാ മിഷന്റെ പക്കലില്ല. ഒന്നാം വർഷം 604 പേരും രണ്ടാം വർഷം 79 പേരുമാണു ചേർന്നത്.
∙ സെക്കൻഡറി പാലിയേറ്റിവ് കെയർ പദ്ധതിയിൽ മരുന്നും ഉപകരണങ്ങളും ലഭിച്ചതിന്റെ രേഖകൾ ഹാജരാക്കിയില്ല. ഇതിന്റെ പേരിൽ 5 ലക്ഷത്തിന്റെ ചെലവ് ഓഡിറ്റിൽ തടസ്സപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com