കേബിളിനായി കുഴിയെടുത്തപ്പോൾ ശുദ്ധജലവിതരണ പൈപ്പ് പൊട്ടി
Mail This Article
എടത്വ ∙ സ്വകാര്യ കമ്പനിക്കു വേണ്ടി കേബിളിടാൻ കുഴിയെടുത്തപ്പോൾ ഒട്ടേറെ സ്ഥലത്ത് ശുദ്ധജല വിതരണ കുഴൽ പൊട്ടി. എടത്വ പഞ്ചായത്ത് 10,11,12 വാർഡുകളിലെ നൂറുകണക്കിനു ജനങ്ങളുടെ ശുദ്ധജലവിതരണം തടസ്സപ്പെട്ടു. കോയിൽമുക്ക് പമ്പ് ഹൗസിൽ നിന്നും ശുദ്ധജലം വിതരണം ചെയ്യുന്ന പൈപ്പാണ് കോയിൽമുക്കു മുതൽ എടത്വ പാലം വരയുള്ള സ്ഥലങ്ങളിൽ വിവിധയിടങ്ങളിൽ പൊട്ടിക്കിടക്കുന്നത്. കേബിൾ ഇടാനായി രണ്ടു സ്ഥലങ്ങളിൽ കുഴിയെടുത്ത ശേഷം ഭൂമിക്കടിയിലൂടെ തുരന്ന് മറുവശത്ത് എത്തുന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കുഴിക്കുമ്പോൾ പൈപ്പ് കടന്നു പോകുന്നതറിയാതെ യന്ത്രം ജലവിതരണ കുഴലിൽ കയറുകയും പൊട്ടുകയുമാണ്.
ക്രമാതീതമായി വെള്ളം പുറത്തേക്ക് ഒഴുകുമ്പോൾ ആണ് പൈപ്പ് പൊട്ടിയതറിയുന്നത്. എല്ലാ ദിവസവും വെള്ളം വിതരണം നടക്കാത്തതിനാൽ പൊട്ടുന്ന ഉടനെ അറിയാനും കഴിയില്ല. ഇതു കാരണം പമ്പിങ് നടത്തുമ്പോൾ ലക്ഷക്കണക്കിനു ലീറ്റർ വെള്ളം ആണ് പുറത്തേക്ക് ഒഴുകുന്നത്. പൈപ്പ് നന്നാക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ആഴത്തിൽ കിടക്കുന്നതിനാൽ ദിവസങ്ങൾ എടുത്താൽ പോലും പൊട്ടിയ പൈപ്പ് കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്. കൂടുതൽ ജോലിക്കാരെ വച്ച് അറ്റകുറ്റപ്പണി നടത്തണം എന്നാണാവശ്യം.