ADVERTISEMENT

ആലപ്പുഴ∙ തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡിലെ കർഷകന്റെ പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ ഫാമിലെയും ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശത്തെ പന്നികളെയും നാളെ (12) കൊന്നൊടുക്കും. രണ്ടു കർഷകരുടേതായി 13 പന്നികളെയാണു കൊന്നു മറവു ചെയ്യുക. രോഗത്തിനു ചികിത്സയോ വാക്സീനോ ഇല്ല. കോട്ടയം ഉൾപ്പെടെ പല ജില്ലകളിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നെങ്കിലും ആലപ്പുഴ ജില്ലയിൽ ഇതാദ്യമായാണു റിപ്പോർട്ട് ചെയ്യുന്നത്. രണ്ടു പന്നികൾക്കാണു രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച ഇടവേളയ്ക്കിടെ രണ്ടും ചത്തിരുന്നു. ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് ആഫ്രിക്കൻ പന്നിപ്പനിയാണെന്നു മനസ്സിലായത്. രോഗസ്ഥിരീകരണത്തിനു പിന്നാലെ പ്രദേശത്തെ ഒരു ഫാമിൽ നിന്നു പന്നികളെ മറ്റൊരിടത്തേക്കു മാറ്റിയെന്ന് ആരോപണമുയർന്നു. തുടർന്നു കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണു കർശന മുൻകരുതൽ നടപടിക്കു തീരുമാനിച്ചത്. പക്ഷിപ്പനിക്കു സമാനമാണു നടപടിക്രമം. ഇലക്ട്രിക് സ്റ്റെൻഗൺ ഉപയോഗിച്ചു പന്നികളെ കൊന്ന ശേഷം ആഴത്തിൽ കുഴിയെടുത്തു മറവു ചെയ്യും. കർഷകർക്കു നഷ്ടപരിഹാരവും നൽകും. 

പകർന്നത്  ആഹാരത്തിലൂടെ? 
രോഗബാധയുടെ പ്രാഥമിക ഉറവിടം കണ്ടെത്തിയിട്ടില്ല. പന്നികളിൽ നിന്നു പന്നികളിലേക്കോ ആഹാരത്തിലൂടെയോ ആണു രോഗം പകരുക. രോഗബാധ സ്ഥിരീകരിച്ച ഫാമിൽ പന്നികൾക്കു ഭക്ഷണാവശിഷ്ടങ്ങൾ നൽകിയിരുന്നു.  രോഗബാധയുണ്ടായിരുന്ന പന്നികളുടെ മാംസം ഇതിലുണ്ടായിരുന്നിരിക്കാമെന്നാണു കരുതുന്നത്. രോഗബാധയുണ്ടായാൽ പ്രദേശത്തെ പന്നികൾ കൂട്ടത്തോടെ ചാകുന്നതാണു കണ്ടുവരുന്നത്. തണ്ണീർമുക്കത്ത് അതുണ്ടായിട്ടില്ല. 

മുൻകരുതൽ, നിരോധനം 
പന്നി, പന്നിമാംസം, കാഷ്ഠം, തീറ്റ എന്നിവ രോഗബാധിത മേഖലയിലേക്കു കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു. പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ, വില്ലേജ് ഓഫിസർ എന്നിവരെ ഉൾപ്പെടുത്തി ദ്രുതകർമസേന രൂപീകരിച്ചു. പ്രദേശത്തെ കാട്ടുപന്നി സാന്നിധ്യം ഇവർ‍ പരിശോധിക്കും. 

രണ്ടു ജില്ലകളിലെ പഞ്ചായത്തുകൾ നിരീക്ഷണത്തിൽ 
ചേർത്തല നഗരസഭയെയും ചേർത്തല തെക്ക്, തണ്ണീർമുക്കം, കഞ്ഞിക്കുഴി, മുഹമ്മ, കടക്കരപ്പള്ളി, പട്ടണക്കാട്, ചേന്നം പള്ളിപ്പുറം, മാരാരിക്കുളം വടക്ക്, വയലാർ പഞ്ചായത്തുകളെയും കോട്ടയം ജില്ലയിലെ വെച്ചൂർ, വൈക്കം, കുമരകം, തലയാഴം, അയ്മനം, ടി.വി.പുരം, ആർപ്പൂക്കര പഞ്ചായത്തുകളെയും രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com