ADVERTISEMENT

ഓണാട്ടുകരക്കാർക്കു കുംഭഭരണിയെന്നാൽ ചെട്ടികുളങ്ങര ഭഗവതിയുടെ ഉത്സവമാണ്. തടസ്സങ്ങൾ എന്തു തന്നെയാണെങ്കിലും സംഘബലം കൊണ്ടും ഭഗവതീകടാക്ഷം കൊണ്ടും ലക്ഷ്യം കാണാനൊക്കുമെന്ന പാഠം ഓണാട്ടുകരക്കാർ ഉറപ്പിക്കുന്നതു കുംഭഭരണിയുടെ നാളുകളിലാണ്.തേരും കുതിരയുമൊരുക്കി കരക്കാർ ക്ഷേത്രനടയിൽ കുംഭമാസത്തിലെ ഭരണിനാളിൽ ആഘോഷത്തോടെ എത്തും. കണ്ണമംഗലം വടക്കുംതെക്കും, കടവൂർ, ആഞ്ഞിലിപ്ര, മേനാമ്പള്ളി എന്നിങ്ങനെ അഞ്ചു കരക്കാരാണു ഭഗവതി നടയിൽ കുംഭഭരണിക്കു തേരുകൾ എത്തിക്കുന്നത്. മറ്റം തെക്കുള്ളവർ ഹനുമാനെയും പാഞ്ചാലിയെയും കൊണ്ടുവരുമ്പോൾ മറ്റം വടക്കുളളവർ ഭീമസേനനെ എഴുന്നള്ളിക്കും. മറ്റുള്ളവർ കുതിരകളെയും.ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടക്കാവ് എന്ന ക്രമത്തിലാണു തേരായാലും കുതിരയായാലും കരക്കാർ ഭഗവതി നടയിലേക്കു കൊണ്ടുവരേണ്ടത്.

ഇതിനു പുറമെയാണു ഭീമന്റെയും ഹനുമാന്റെയും പാഞ്ചാലിയുടെയും കോലങ്ങളുടെ വരവുകൾ.ക്ഷേത്രമുറ്റത്ത് അണിനിരക്കുന്ന വൻ തേരുകളും കുതിരകളും ഇതിഹാസ കഥാപാത്രങ്ങളും കാണാൻ എഴുന്നള്ളിയെത്തുന്ന ചെട്ടികുളങ്ങര ഭഗവതി ഒരു കരയുടെയാകെ ആഘോഷങ്ങൾക്കു സാക്ഷിയായി പിറ്റേദിവസം പുലരി വരെ അമ്പലമുറ്റത്തുണ്ടാകും!ഇടയ്ക്കുവച്ച് എന്നോ മുടങ്ങിപ്പോയ കെട്ടുകാഴ്ച, തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാളിന്റെ ചെറിയമ്മയായ പാർവതി റാണിയുടെ കാലത്ത് (1815–1829) പുനരാരംഭിച്ചതാണെന്നും കൊല്ലത്ത് പാർവതി പുത്തനാർ തോടു വെട്ടാൻ പോയ ചെട്ടികുളങ്ങരക്കാരാണ് ഇതിനു കാരണഭൂതരായതെന്നും ഐതിഹ്യം പറയും. ദേശിങ്ങനാട് (കൊല്ലം), ഇളയിടം (കൊട്ടാരക്കര), കായംകുളം സ്വരൂപങ്ങൾ ഭരിച്ചിരുന്ന ദേശങ്ങളിലെ ക്ഷേത്രങ്ങളിൽ മാത്രമാണു കെട്ടുകാഴ്ചകൾ നടക്കുന്നത്.

കുംഭഭരണി കഴിഞ്ഞുള്ള കാർത്തിക ഉത്സവം മുൻപൊക്കെ നടത്തിയിരുന്നതു കോമലേഴത്തു കുടുംബക്കാരായിരുന്നു. വാഴപ്പിണ്ടികൾ മുറിച്ചുനാട്ടിയും കുരുത്തോല തണ്ടുകളിൽ മൺചിരാതുകൾ കത്തിച്ചുവച്ചും അടർത്തിമാറ്റിയ വാഴപ്പോളകളിൽ ചെറുപന്തങ്ങൾ കുത്തിനിർത്തിയും നടത്തുന്ന കാർത്തിക ദീപക്കാഴ്ച, ശ്രീലങ്കൻ ക്ഷേത്രങ്ങളിലെ ബുദ്ധപൗർണമി ആഘോഷങ്ങളെ അനുസ്മരിപ്പിച്ചിരുന്നു. കെട്ടുകാഴ്ചകളും ബുദ്ധമത അനുയായികളുടെ ഉത്സവാനുഷ്ഠാനമാണെന്നു പ്രശസ്ത പുരാവസ്തു പണ്ഡിതനായ ടി.എ.ഗോപിനാഥ റാവു വാദിച്ചു(1920). തൃക്കുന്നപ്പുഴയിലെ ശ്രീമൂലവിഹാരത്തിലെ കെട്ടുകാഴ്ചകളുടെ അനുകരണമാണു ചെട്ടികുളങ്ങരയിൽ കാണുന്നതെന്നുവരെ ചില നിയോബുദ്ധിസ്റ്റുകൾ എഴുതിയിട്ടുണ്ട്. യൂറോപ്പിലെ കത്തോലിക്കാ വിശ്വാസികളും പ്രൊട്ടസ്റ്റന്റ് വിശ്വാസങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ മാത്രമാണു ഹിന്ദുമതത്തിനും താന്ത്രിക ബുദ്ധമതത്തിനും തമ്മിൽ ഉണ്ടായിരുന്നതെന്ന് ഈ പണ്ഡിതന്മാർ ഓർക്കാറില്ല.

13 ദിവസം നീണ്ടുനിൽക്കുന്ന ചെട്ടികുളങ്ങരയിലെ ഉത്സവം കരക്കാരുടെ പൂർണനിയന്ത്രണത്തിലാണ്. ഈ ദിവസങ്ങളിൽ ഭഗവതിയെ ആചാരപൂർവം എഴുന്നള്ളിച്ചിരുത്താൻ ക്ഷേത്രത്തിനു മുൻപിൽ പ്രത്യേകം സ്ഥാനമുണ്ട്. തിരുവനന്തപുരം കണിയാപുരത്തു നിന്നുള്ള കുറുപ്പന്മാരാണ് തോറ്റംപാടാനായി ചെട്ടികുളങ്ങരയിൽ എത്തുന്നത്.ഓണാട്ടുകരയുടെ ഹൃദയവികാരമാണ് ചെട്ടികുളങ്ങര ഭരണി. പല നാടുകളിലായി കഴിയുന്നവരെല്ലാം ഈ വേളയിൽ ഓടിയെത്തും. അതിഥികളെയും ബന്ധുക്കളെയും കൊണ്ടു ചെട്ടികുളങ്ങരയിലെ ഓരോ വീടും ഉത്സവകാലത്തു നിറഞ്ഞിരിക്കും. കഞ്ഞിയും പുഴുക്കുമാണ് അക്കാലത്തെ പ്രിയ ഭക്ഷണം. അസ്ത്രം എന്ന, ഓണാട്ടുകരക്കാരുടെ സവിശേഷമായ ഒഴിച്ചുകൂട്ടാന്റെ സ്വാദ് മറ്റുള്ളവർ അറിയുന്നതും ഇക്കാലത്താണ്. കുതിരമൂട്ടിൽ കഞ്ഞിയുടെയും കൊഞ്ചു മാങ്ങാക്കറിയുടെയും രുചികളും അവർ പങ്കിടും.ഭരണി മുതൽ ശിവരാത്രി വരെയുള്ള ദിവസങ്ങൾ ഓണാട്ടുകരക്കാർക്കു സംസ്കൃതിയുടെ വീണ്ടെടുപ്പിനുള്ള നാളുകൾ കൂടിയാണ്. താളഭേദങ്ങളോടു കൂടിയ കൈകൊട്ടലുകളിൽ കുത്തിയോട്ട പൈതൃകത്തിന്റെ സ്പന്ദനങ്ങൾ കേൾക്കാം.. തമ്പുരാട്ടിയമ്മയെ സന്തോഷിപ്പിക്കാനെത്തുന്ന മക്കളുടെ വീറും വാശിയും കാണാം...അസാധ്യമായതിനെ സാധ്യമാക്കാനുള്ള ഇച്ഛാശക്തി അറിയാം..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com