ADVERTISEMENT

കെട്ടുകാഴ്ചകൾ നാടിന്റെ ആവേശവും ആഘോഷവുമാണെങ്കിൽ, ചെട്ടികുളങ്ങര ഭഗവതിക്കു മുന്നിലെ ഭക്തിസാന്ദ്രമായ വഴിപാടാണ് കുത്തിയോട്ടം. അഭീഷ്ടം സാധിച്ച ഭക്തർ ദേവിയെ പ്രീതിപ്പെടുത്താൻ വഴിപാടായാണു കുത്തിയോട്ടം നടത്തുന്നത്.പൊതുവെ, ശിവരാത്രിക്കാണ് കെട്ടുകാഴ്ചയുടെയും കുത്തിയോട്ടത്തിന്റെയും ആരംഭം.

ഇത്തവണ ശിവരാത്രി വരുന്നത് അടുത്ത മാസമാണ്. അതിനാൽ ശിവരാത്രിക്ക് മുൻപുള്ള തിരുവോണം നാൾ എന്നു കണക്കാക്കിയാണ് ഇത്തവണ കെട്ടുകാഴ്ചകളുടെ പണിക്കും കുത്തിയോട്ടത്തിനും തുടക്കമിട്ടത്. ഇനി രേവതി നാൾ വരെയുള്ള ദിവസങ്ങളിൽ വഴിപാടുകാരുടെ വീടുകളിലാണു കുത്തിയോട്ടം നടത്തുന്നത്.

ദേവീസ്തുതികളുടെ ത്രിസന്ധ്യ
ക്ഷേത്രത്തിൽ വൈകിട്ടു ദീപാരാധന കഴിഞ്ഞ ശേഷമാണു കുത്തിയോട്ടച്ചടങ്ങ് വീടുകളിൽ ആരംഭിക്കുക. അർധരാത്രി വരെ ഇതു നീളാം. കരക്കാരെല്ലാം ഇതു കേൾക്കാനെത്തും. ഓണാട്ടുകരയ്ക്കുള്ളിലെ വീടുകളിൽ മാത്രമല്ല, ഭക്തർക്ക് അവരുടെ വീടുകളിലെല്ലാം ദേവിക്കുള്ള വഴിപാടായി ഈ സമയത്തു കുത്തിയോട്ടം നടത്താം. ഇത്തവണ ആകെ നടക്കുന്ന കുത്തിയോട്ട ചടങ്ങുകളിൽ ഏതാണ്ട് പകുതി കരയ്ക്കു പുറത്തുള്ള വീടുകളിലാണ്. 

ദേവിയെത്തും ഓരോ പന്തലിലേക്കും
വഴിപാട് നടത്തുന്നയാൾ ഒരു വർഷം മുൻപേ ആശാനു ദക്ഷിണ നൽകി കുത്തിയോട്ട ചുമതല ഏൽപ്പിക്കണം. ആശാനാണ് പ്രധാന പാട്ടുകാരൻ. രണ്ടോ മൂന്നോ സഹപാട്ടുകാർ ഉണ്ടാവും. 10 മുതൽ 20 പേർ വരെ താനവട്ടക്കാരുണ്ട്. ഗഞ്ചിറ, തകിൽ, നാഗസ്വരം, തബല, കൈമണി എന്നിവയുമായി വാദ്യക്കാരും ഉണ്ടാവും. പാട്ടിനൊത്തു ചുവട് വയ്ക്കാൻ പതിനഞ്ചോ ഇരുപതോ പേരും ഉണ്ടാവും– ഇതെല്ലാം ചേരുന്നതാണ് ഓരോ കുത്തിയോട്ട സംഘം. കുതിരച്ചുവട്ടിൽ ദക്ഷിണ വച്ച് വഴിപാടുകാരൻ കരക്കാരെ കുത്തിയോട്ട സദസ്സിലേക്കു ക്ഷണിക്കുന്ന ആചാരവുമുണ്ട്. കുത്തിയോട്ടപ്പന്തലിൽ ദേവീസ്ഥാനം അഥവാ മണ്ഡപം നിർമിക്കും. അതിൽ ഭദ്രകാളിയുടെ ചിത്രം വയ്ക്കും. കുത്തിയോട്ട ആശാൻ അതിനു മുന്നിൽ വാൾ വച്ചു ദേവിയെ കുടിയിരുത്തും. ദേവീസ്ഥാനത്തു നിത്യവും സന്ധ്യയ്ക്കു ദീപാരാധന ഉണ്ടായിരിക്കും.

 രേവതി നാളിൽ പൊലിവ് പാട്ട്
എല്ലാ ദിവസവും ദീപാരാധനയും ഭക്ഷണവും കഴിഞ്ഞു ചുവടുകാരും ആശാന്മാരും പന്തലിൽ ചുവടു വച്ചു തുടങ്ങുന്നു. നാല് താനവട്ടം വരെ ചുവട് വയ്ക്കും. ഒന്നാം ദിവസം കൂടുതൽ സമയം കുത്തിയോട്ടം ഉണ്ടാവും. അന്നാണ് ആശാന്മാർക്കു ദക്ഷിണ നൽകുന്നത്. രണ്ടാം ദിവസം മുതൽ ചുവടും പാട്ടും ഇതുപോലെ ആവർത്തിക്കും. കൊച്ചുകുട്ടികൾ മുതൽ പല പ്രായക്കാരും പ്രത്യേകം പ്രത്യേകമായി ഒരേസമയം ചുവടു വയ്ക്കും. രേവതി നാളിലാണു പൊലിവ് ചടങ്ങ്. ഇതിനായി മണ്ഡപത്തിനു മുന്നിൽ പൊലിവ് തട്ടം തയാറാക്കും. പണം, വസ്ത്രം, വെറ്റില തുടങ്ങിയവ പൊലിവ് തട്ടത്തിൽ സമർപ്പിക്കുന്നതിനെയാണ് പൊലിക്കുക എന്നു പറയുന്നത്. 

താലപ്പൊലിയോടെ കുതിരച്ചുവട്ടിലേക്ക്
കുംഭഭരണി നാളിലെ ആഘോഷമായ കാഴ്ചയാണു കുത്തിയോട്ട വീടുകളിൽ നിന്നു ക്ഷേത്രത്തിലേക്കുള്ള താലപ്പൊലി ഘോഷയാത്ര. ആഭരണങ്ങൾ സൂക്ഷിക്കാൻ എന്ന സങ്കൽപത്തിൽ ആമാടപ്പെട്ടി ചുമന്ന് ഒരാൾ ഘോഷയാത്രയെ അനുഗമിക്കും. ഏതു കരയിലെയാണോ കുത്തിയോട്ടം ആ കരയിലെ കുതിരമൂട്ടിൽ ഘോഷയാത്ര എത്തിച്ചേരും. അവിടെ നിന്നു ക്ഷേത്രത്തിലേക്കാണ് അടുത്ത യാത്ര. ദേവിയുടെ മുന്നിൽ പാട്ടുപാടി ചുവടു വച്ച് കുത്തിയോട്ടം ഭഗവതിക്കു സമർപ്പിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com