ADVERTISEMENT

ചെട്ടികുളങ്ങര ∙ ജീവിതത്തിൽ ഒരിക്കൽ കുതിരമൂട്ടിൽ കഞ്ഞി കുടിച്ചിട്ടുള്ളവർക്ക് അതിന്റെ രുചി നാവിൽ നിന്നും പോവില്ല. ഓലക്കാൽ കൊണ്ടു വൃത്താകൃതിയിൽ നിർമിച്ച തടയിൽ തൂശനില വച്ച്  അതിലേക്കു ചൂടു കഞ്ഞി ഒഴിക്കും. തടയിൽ വെച്ചിട്ടുള്ള തൂശനിലയിലേക്കു ചൂടു കഞ്ഞി വീഴുമ്പോൾ ഇല വാടി തടയ്ക്കുള്ളിലേക്കിറങ്ങും. സമീപത്തായി വച്ചിരിക്കുന്ന കീറ്റിലയിലേക്കു മുതിരയും കടുമാങ്ങയും പഴവും അവിലും ഉണ്ണിയപ്പവും ഒക്കെ പിന്നാലെയെത്തും. കഞ്ഞിയിലേക്കു അസ്ത്രം ഒഴിച്ചു അൽപം കടുമാങ്ങയും ഇട്ടു പ്ലാവില കുമ്പിൾ കൊണ്ടു ഇളക്കി കോരിക്കുടിക്കുമ്പോഴുള്ള സ്വാദ്, അതാണ് ഓണാട്ടുകര രുചി. എല്ലാവരും സമന്മാരായി തറയിൽ ഇരുന്നു കഞ്ഞി കുടിക്കുന്ന ഇവിടെ ആർക്കും പ്രത്യേക പരിഗണനയില്ല.

കുംഭഭരണി ദിനത്തിൽ ക്ഷേത്രത്തിലെ കാഴ്ചക്കണ്ടത്തിൽ അണിനിരത്താനുള്ള കെട്ടുകാഴ്ച നിർമാണം  തുടങ്ങുന്ന ദിവസം  13 കരകളിലും കുതിരമൂട്ടിൽ കഞ്ഞി എന്ന അന്നദാന വഴിപാട് തുടങ്ങും. ദേവീപ്രീതിക്കായി കരയിലെ ആളുകൾ കെട്ടുകാഴ്ച നിർമാണത്തിൽ സന്നദ്ധ സേവകരായി പ്രവർത്തിക്കുകയാണു പതിവ്. സന്നദ്ധ പ്രവർത്തകർക്കു ആവശ്യമായ ഭക്ഷണം ദേവി കണ്ടെത്തുമെന്നാണു വിശ്വാസം. പണ്ടു കരക്കാർ മാത്രമായിരുന്നു എല്ലാത്തിനും സജീവം എങ്കിൽ ഇപ്പോൾ കഞ്ഞി വഴിപാടു നടത്താനും കഞ്ഞി കുടിക്കുന്നതിനുമായി ദൂരദേശങ്ങളിൽ നിന്നു പോലും ആളുകൾ എത്തുന്നുണ്ട്. മുൻപൊക്കെ ഒരു കഞ്ഞി മാത്രമായിരുന്നെങ്കിൽ വഴിപാടുകാരുടെ എണ്ണം കൂടിയപ്പോൾ അതു മൂന്നു നേരമായി വർധിച്ചു.

കഞ്ഞി വഴിപാട് നടത്തുന്നവർ ആദ്യം കരയുടെ ആസ്ഥാനത്തെത്തും. നിർമാണം പുരോഗമിക്കുന്ന കെട്ടുകാഴ്ചക്കു സമീപമെത്തി ദക്ഷിണ വച്ചു കരക്കാരെ കഞ്ഞിക്കായി ക്ഷണിക്കും. താലപ്പൊലിയുടെ അകമ്പടിയോടെ കഞ്ഞി നടക്കുന്ന സ്ഥലത്തേക്കു കരക്കാരെ സ്വീകരിച്ച് ആനയിക്കും. കുത്തിയോട്ടപ്പാട്ടുകൾ പാടി കരക്കാർ വഴിപാട് നടക്കുന്ന സ്ഥലത്തെത്തി കഞ്ഞിസദ്യയിൽ പങ്കെടുക്കും.കുതിരമൂട്ടിൽ കഞ്ഞിയുടെ പ്രതീകമായി ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷന്റെ നേതൃത്വത്തിൽ ഓണം, പറയ്ക്കെഴുന്നള്ളത്ത് ദിവസങ്ങൾ ഒഴികെ വർഷത്തിലെ എല്ലാ ദിവസവും ഉച്ചയ്ക്ക് ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ അന്നദാന വഴിപാട് നടത്തുന്നുണ്ട്.  അത്താഴക്കഞ്ഞിയും ക്ഷേത്രത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com