നഗരസഭാ ബജറ്റ് നാളെ; മുൻ ബജറ്റുകളിലെ പല പദ്ധതികളും പാതിവഴിയിൽ
Mail This Article
ആലപ്പുഴ∙ നഗരസഭ നാളെ നാലാമത്തെ ബജറ്റ് അവതരിപ്പിക്കാനിരിക്കെ, കഴിഞ്ഞ മൂന്നു ബജറ്റിലെയും പല പദ്ധതികളും പാതിവഴിയിൽ ആണെന്ന വിമർശനവുമായി ഭരണകക്ഷി അംഗങ്ങൾ തന്നെ രംഗത്ത്. ‘അഴകോടെ ആലപ്പുഴ’ പദ്ധതിയെ എന്തു കൊണ്ടാണ് കരട് രേഖയിൽ ഉൾപ്പെടുത്താതിരുന്നതെന്നു കൗൺസിലർ എ.ഷാനവാസ് ചോദിച്ചു. ശതാബ്ദി സ്മാരക മന്ദിരം, ഇഎംഎസ് സ്റ്റേഡിയം, ടൗൺ ഹാൾ, ബീച്ച് വ്യായാമ കേന്ദ്രം, കനാൽ നവീകരണം തുടങ്ങി പല പദ്ധതികളും നടപ്പായില്ല. അതേസമയം ലോകസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തിരക്കിട്ടു തയാറാക്കിയ പദ്ധതികളാണെന്നു വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ പറഞ്ഞു. പണത്തിന്റെ കുറവുള്ളതിനാൽ അനുമതി കിട്ടാതെ വരുമെന്ന ആശങ്കയുമുണ്ടായെന്നു ഹുസൈൻ പറഞ്ഞു.
കൗൺസിലർമാരുടെ നിർദേശങ്ങൾ:
തീരദേശ വാർഡുകളിൽ കൂടുതൽ വഴിവിളക്കുകൾ, ജംക്‌ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റ്, പറവൂർ വാട്ടർ വർക്സിൽ ഫ്ലാറ്റ് നിർമാണം പൂർത്തിയാക്കുക, കുറഞ്ഞ വരുമാനക്കാർക്കു സെപ്റ്റിക് ടാങ്ക് നിർമിക്കാൻ സഹായം, ചാത്തനാട്, വലിയ ചുടുകാട് പാർക്കുകളിൽ സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കണം, നഗരസഭയുടെ കാറും ആംബുലൻസും മറ്റും കിടന്നു നശിക്കുന്നത് സംരക്ഷിക്കണം, വലിയകുളത്തു മത്സ്യ മാർക്കറ്റും ഷോപ്പിങ് കോംപ്ലക്സും നിർമിക്കണം, ജനറൽ ആശുപത്രി വികസനം പൂർത്തിയാക്കണം.