ADVERTISEMENT

ചാരുംമൂട്∙ ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന കെട്ടുകാഴ്ച വൈദ്യുത ലൈനിൽ തട്ടി 3 പേർക്ക് വൈദ്യുതാഘാതവും പൊള്ളലുമേറ്റു. കെട്ടുകാഴ്ച്ചയിലെ സ്വർണത്തിൽ പൊതിഞ്ഞ പ്രഭടയുടെ (നെറ്റിപ്പട്ടത്തിന്റെ ഭാഗം) മുക്കാൽ ഭാഗവും കരിഞ്ഞു പോയി. 

ഗുരുതരമായി പൊള്ളലേറ്റ കരിമുളയ്ക്കൽ വഴിയുടെതെക്കേതിൽ അമൽചന്ദ്രൻ (22), ധന്യാഭവനം ധനരാജ്(20) എന്നിവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും നിസ്സാര പൊള്ളലേറ്റ ഇന്ദുഭവനം അനന്തുവിനെ (24) കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കരിമുളയ്ക്കൽ കരയുടെ കെട്ടുകാഴ്ച തുരുത്തി ജംക്‌ഷന് വടക്കുവശത്തെ റോഡ‍ിൽ എത്തിയപ്പോഴാണ് അപകടം. കെട്ടുകാഴ്ചയുടെ മധ്യഭാഗത്തും മുകളിലും നിന്നവർക്കാണ് പൊള്ളലേറ്റത്. കെട്ടുകാഴ്ചകൾ വരുന്നതിന്റെ ഭാഗമായി 11 മണിയോടെ ചുനക്കര ഭാഗത്തെ വൈദ്യുത ലൈനുകൾ കെഎസ്ഇബി ഓഫ് ചെയ്തെങ്കിലും ഒരു ലൈൻ ഓഫ് ചെയ്യാൻ ഉദ്യോഗസ്ഥർ മറന്നെന്നാണ് നാട്ടുകാരുടെ ആരോപണം. 

സംഭവത്തെത്തുടർന്ന് കെട്ട‌ുകാഴ്ച എഴുന്നള്ളിക്കൽ മുടങ്ങി. വൈകിട്ട് നാട്ടുകാർ കെഎസ്ഇബി ഓഫ‌ിസ് ഉപരോധിച്ചു. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. രാത്രി വൈകിയും പ്രദേശത്തെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.

ചാരുംമൂട് ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിലേക്കു കൊണ്ടുവന്ന കെട്ടുകാള വൈദ്യുതി ലൈനിൽ തട്ടി, സ്വർണം പൊതിഞ്ഞ പ്രഭടയുടെ ഒരുഭാഗം കരിഞ്ഞനിലയിൽ. ചിത്രം: മനോരമ
ചാരുംമൂട് ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിലേക്കു കൊണ്ടുവന്ന കെട്ടുകാള വൈദ്യുതി ലൈനിൽ തട്ടി, സ്വർണം പൊതിഞ്ഞ പ്രഭടയുടെ ഒരുഭാഗം കരിഞ്ഞനിലയിൽ. ചിത്രം: മനോരമ

ലൈനിൽ തട്ടി അപകടം; ചതിച്ചത് തുരുത്തി ജംക്‌ഷന് സമീപത്തെ എൽടി ലൈൻ

ചാരുംമൂട് ∙ കരിമുളയ്ക്കൽ കരയുടെ കെട്ടുകാളയുടെ പുറത്തും,  മധ്യഭാഗത്ത് ഏണിയിലും നിന്നിരുന്ന അമൽചന്ദ്രനും ധനരാജും അനന്തുവുമായിരുന്നു കാളകളുടെ ശിരസ്സ് വൈദ്യുതി ലൈനിൽ തട്ടാതെ ലൈനുകൾ ഉയർത്തി, മറ്റു തടസ്സങ്ങൾ നീക്കിയത്.  പ്രദേശത്തെ വൈദ്യുതിലൈനുകളെല്ലാം ഓഫാണെന്ന ഉറപ്പിലാണ് ഇവർ ഇത് ചെയ്തിരുന്നത്. എന്നാൽ തുരുത്തി ജംക്‌ഷന് വടക്കു വശത്തെ റോഡ‍ിലെ എൽടി ലൈൻ ചതിച്ചു; വൈദ്യുതിയില്ലെന്നു കരുതി ലൈൻ ഉയർത്താൻ ശ്രമിക്കുമ്പോൾ വൈദ്യുതി പ്രവഹിച്ചു. 3 പേരും തെറിച്ചു വീണതിനൊപ്പം പ്രഭടയിൽ തീ പടർന്നു. ഉടൻതന്നെ മൂവരെയും ആശുപത്രിയിലാക്കി. ഒരു ലൈൻ  ഓഫ് ചെയ്യാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ മറന്നെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് നാട്ടുകാർ. അധികൃതർ ഉറപ്പുനൽകിയ അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com