ADVERTISEMENT

മുഹമ്മ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച തണ്ണീർമുക്കം പഞ്ചായത്ത് 5–ാം വാർഡിലെ 18 പന്നികളെ ഇന്നലെ കൊന്നു മറവു ചെയ്തു. ഇതിൽ 9 പന്നിക്കുഞ്ഞുങ്ങളും ഉൾപ്പെടും. പുതുശേരിയിൽ ജസ്റ്റിന്റെയും ജോസിന്റെയും പന്നികളെയാണു ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം കൊന്നത്. ഫാമുകളോടു ചേർന്നു രണ്ടു മീറ്റർ ആഴത്തിൽ കുഴിയെടുത്താണു പന്നികളെ മറവു ചെയ്തത്. ഇന്നു രണ്ടു ഫാമുകളിലും അണുനശീകരണം നടത്തും.

തുടർന്നു 15 ദിവസം ഇടവേളകളിൽ അണുനശീകരണം നടത്തണമെന്നു ഫാം നടത്തിപ്പുകാരോടു നിർദേശിച്ചിട്ടുണ്ട്.പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിൽ രണ്ടു മാസത്തിനു ശേഷം മൃഗസംരക്ഷണ വകുപ്പ് അനുമതി നൽകിയാലേ ഇനി പന്നികളെ വളർത്താനാകൂ. ഇവിടെ നിന്നു 10 കിലോമീറ്റർ ചുറ്റളവിലുള്ള പന്നിവളർത്തൽ കേന്ദ്രങ്ങൾ രണ്ടു മാസത്തോളം മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലായിരിക്കും.

ജോസിന്റെ ഫാമിൽ ചത്ത പന്നിയുടെ സ്രവം ഭോപാലിലെ ലാബിൽ അയച്ചു നടത്തിയ പരിശോധനയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. 13 പന്നികളെയാണു കൊന്നൊടുക്കാൻ തീരുമാനിച്ചതെങ്കിലും കഴിഞ്ഞ ദിവസം ഒരു പന്നി പ്രസവിച്ചതോടെ നവജാതരായ 5 പന്നിക്കുഞ്ഞുങ്ങളെ ഉൾപ്പെടെ കൊന്നു മറവു ചെയ്യേണ്ടി വന്നു.പന്നികളെ കൊന്നതിനുള്ള നഷ്ടപരിഹാരം കർഷകർക്കു നൽകും. പ്രത്യേകം അപേക്ഷിക്കാതെ തന്നെ നഷ്ടപരിഹാരം നൽകാൻ മൃഗസംരക്ഷണ വകുപ്പു നടപടി സ്വീകരിക്കും.

ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫിസർ ഇൻ ചാർജ് ഡോ. സജീവ്കുമാർ, ജില്ലാ കോഓർഡിനേറ്റർ ‍‍ഡോ. വിമല സേവ്യർ, ജില്ല എപ്പിഡെമിയോളജിസ്റ്റ് ഡോ. വൈശാഖ് മോഹൻ, ഡോ. വാണി ഭരതൻ, ദ്രുതകർമ സേനാംഗങ്ങളായ ഡോ. സംഗീത് നാരായൺ, ഡോ. മുഹമ്മദ് ഷിഹാസ്, ഡോ. അനുരാജ്, കൊച്ചിയിൽ നിന്നെത്തിയ ഡോ. ജോമോൻ ചെറിയാൻ, ഡോ. എഡിസൻ മാത്യു എന്നിവരുടെ നേതൃത്വത്തിലാണു പന്നികളെ കൊന്നു മറവു ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com