മുഞ്ഞയുടെ ആക്രമണം: നെൽച്ചെടികൾ ഉണങ്ങുന്നു
Mail This Article
എടത്വ ∙ കുട്ടനാട് അപ്പർകുട്ടനാടൻ പാടശേഖരങ്ങളിൽ വ്യാപകമായി മുഞ്ഞയുടെ ആക്രമണം നെൽച്ചെടികൾ കരിയുന്നു. ആദ്യം വട്ടം വട്ടം കരിയും.പിന്നീട് അത് പടർന്നു പിടിക്കുകയാണ്. മുഞ്ഞ ബാധിച്ചാൽ വിളവിനെ കാര്യമായി ബാധിക്കും. മുഞ്ഞയെ നിയന്ത്രിച്ചില്ലെങ്കിൽ പാടശേഖരം ഒന്നാകെ മുഞ്ഞയുടെ പിടിയിലാകും. എടത്വ കൃഷിഭവൻ പരിധിയിലും ചമ്പക്കുളം കൃഷിഭവൻ പരിധിയിലും മുഞ്ഞയുടെ ആക്രമണം ശക്തമായിരിക്കുകയാണ്.പ്ലാൻതോപ്പർ ബേൺ എന്നാണ് ഇതിനെ പറയുന്നത്.
മുഞ്ഞ ബാധിക്കുന്ന നെൽച്ചെടികളുടെ കതിരുകൾ പതിരാവുകയാണ് . ഇതിനു കാരണം നെൽച്ചെടിയുടെ നീര് ഊറ്റി കുടിക്കുന്നതാണ്. 60 ദിവസം പിന്നിട്ട പാടശേഖരങ്ങളിലും ചുണ്ടു പഴുത്തു തുടങ്ങിയ പാടശേഖരങ്ങളിലുമാണ് മുഞ്ഞ കൂടുതലായി കാണുന്നത്. നെൽച്ചെടികൾ വളരെ തിക്കത്തിൽ വളരുന്നതിനാൽ ചുവട്ടിൽ പുറ്റു പോലെ ഇത് വ്യാപിക്കും. രണ്ടു തരത്തിലുള്ള മുഞ്ഞയാണുള്ളത്. ബ്രൗൺ നിറത്തിലും വെളുത്ത നിറത്തിലും. വിളവ് എത്താറായതിനാൽ കീടനാശിനി പ്രയോഗം നടത്താൻ പറ്റാത്ത സ്ഥിതിയാണ്. കാലാവസ്ഥയിലെ മാറ്റം മുഞ്ഞ കൂടാൻ കാരണമായി അധികൃതർ പറയുന്നു.
പ്രതിവിധി
നെൽച്ചെടികളുടെ നടീൽ കാലം മുതൽ വിളവെടുപ്പു വരെ ശ്രദ്ധിക്കണം. ഒരേ വെള്ളം കെട്ടിക്കിടക്കാതെ പലപ്പോഴായി വെള്ളം കയറ്റുകയും ഇറക്കുകയും വേണം. വായു സഞ്ചാരം ഉണ്ടാകുന്ന വിധത്തിൽ വിളവ് എത്താറാകുമ്പോൾ വകന്നു വയ്ക്കണം. ചെറിയ കരിച്ചിൽ വരുമ്പോൾ തന്നെ നെല്ലു ഗവേഷണ കേന്ദ്രത്തിൽ നിന്നോ കീടനിരീക്ഷണ കേന്ദ്രത്തിൽ നിന്നോ മാർഗ നിർദേശവും പ്രതിവിധിയും സ്വീകരിക്കണം.
പാടശേഖരങ്ങളിൽ മുഞ്ഞയുടെ സാന്നിധ്യം:ജാഗ്രത വേണം
എടത്വ ∙ കുട്ടനാട്ടിൽ പുഞ്ചക്കൃഷി ചെയ്തിട്ടുള്ള ചില പാടശേഖരങ്ങളിൽ മുഞ്ഞയുടെ സാന്നിധ്യം കണ്ടെത്തി.കർഷകർ ജാഗ്രത പുലർത്തുകയും, നിരന്തരം നെൽച്ചെടികളുടെ ചുവട്ടിൽ പരിശോധന നടത്തുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.മുഞ്ഞയ്ക്കെതിരെ രാസ കീടനാശിനി പ്രയോഗിക്കുന്നതിന് മുൻപ് കർഷകർ നിർബന്ധമായും സാങ്കേതിക ഉപദേശം തേടണം. കീടനാശിനികൾ തളിക്കുന്നത് കീടബാധ കൂടുതൽ ഇടങ്ങളിലേക്ക് ബാധിക്കുന്നതിനു കാരണമാകും.നിലവിൽ എല്ലായിടത്തും രാസകീടനാശിനി പ്രയോഗം നടത്തേണ്ട സാഹചര്യമില്ല.
കീടനിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥർ അതത് കൃഷിയിടങ്ങൾ സന്ദർശിച്ച് ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുന്നതാണ്. ഇതിനായി കർഷകർക്ക് ഇതോടൊപ്പമുള്ള നമ്പറുകളിൽ ബന്ധപ്പെടാം.ചമ്പക്കുളം– നെടുമുടി–8547865338, കൈനകരി–9961392082, എടത്വ–തലവടി– 9633815621, തകഴി–9496764141, ആലപ്പുഴ–പുന്നപ്ര തെക്ക്–7034342115, പുളിങ്കുന്ന്–കാവാലം, നീലംപേരൂർ–9567819958, കരുവാറ്റ, ചെങ്ങന്നൂർ, മാവേലിക്കര– 8281032167, അമ്പലപ്പുഴ, പുന്നപ്ര വടക്ക് 9747731783, പുറക്കാട്, ഹരിപ്പാട്, വീയപുരം, ചെറുതന, പള്ളിപ്പാട്–9747962127, രാമങ്കരി, മുട്ടാർ, വെളിയനാട്– 9526254400.