ADVERTISEMENT

മാന്നാർ(ആലപ്പുഴ) ∙ പതിനെട്ടാംപടിക്കു മുകളിൽ പീഠത്തിൽ ഉപവിഷ്ടനായ അയ്യപ്പ സ്വാമിയെ ഭക്തർക്ക് ഇനി അബുദാബി ബാപ്സ് ഹിന്ദു മന്ദിറിലും ദർശിക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു ഭക്തർക്കു സമർപ്പിച്ച ക്ഷേത്രത്തിലെ ഏഴു പ്രതിഷ്ഠകളിൽ ഒന്നായ ഈ അയ്യപ്പ വിഗ്രഹം നിർമിച്ചത് പരുമലയിലാണ്. 

ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ അയ്യപ്പ വിഗ്രഹമായിരിക്കും ഇത്.  പീഠം ഉൾപ്പെടെ വിഗ്രഹത്തിനു നാലടിയോളം ഉയരം. 3 അടി ഉയരത്തിലാണു പതിനെട്ടു പടികളുടെ ചെറിയ മാതൃക പണിതിരിക്കുന്നത്. ഇതിന്റെ വശങ്ങളിൽ ശബരിമലയിലെന്ന പോലെ ആനയുടെയും കടുവയുടെയും രൂപങ്ങളുണ്ട്.

അബുദാബി  ക്ഷേത്രത്തിലേക്ക് അയ്യപ്പ വിഗ്രഹം നിർമിച്ച പി.പി. അനന്തൻ ആചാരിയും മകൻ അനു അനന്തനും.
അബുദാബി ക്ഷേത്രത്തിലേക്ക് അയ്യപ്പ വിഗ്രഹം നിർമിച്ച പി.പി. അനന്തൻ ആചാരിയും മകൻ അനു അനന്തനും.

ഭക്തർക്കു പടി ചവിട്ടാൻ കഴിയില്ല. തൊട്ടുതൊഴുകയും പടിപൂജ നടത്തുകയും ചെയ്യാം. യുഎഇയിലെ 7 എമിറേറ്റ്സുകളെ പ്രതിനിധീകരിച്ച് ഏഴു ഗോപുരങ്ങളാണു അബുദാബി ബിഎപിഎസ് ക്ഷേത്രത്തിലുള്ളത്. ഓരോ ഗോപുരത്തിലും ഓരോ പ്രതിഷ്ഠയാണ്. 

അതിലൊന്നാണ് ഈ അയ്യപ്പ വിഗ്രഹം. ഇതു നിർമിച്ചത് പരുമല കാട്ടുംപുറത്ത് പന്തപ്ലാംതെക്കേതിൽ പി.പി.അനന്തൻ ആചാരിയുടെയും മകൻ അനു അനന്തന്റെയും നേതൃത്വത്തിലുള്ള ആർട്ടിസാൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസാണ്. അലങ്കാരപ്രഭ, വിളക്കുകൾ തുടങ്ങിയവയും പരുമലയിലെ പണിശാലയിൽ നിന്നു ക്ഷേത്രത്തിലെത്തിച്ചിട്ടുണ്ട്.

ചന്ദ്രൻ, രഘു, രാജപ്പൻ, രാധാകൃഷ്ണൻ, ജഗദീഷ്, ജഗന്നാഥൻ തുടങ്ങിയവരും വിഗ്രഹ നിർമാണത്തിൽ പങ്കെടുത്തു.ഈ അവസരം ലഭിച്ചതിനു ശബരിമല താഴമൺ തന്ത്രികുടുംബത്തോടാണ് ഇവർ നന്ദി പറയുന്നത്.  സംസ്ഥാനത്തിനകത്തും പുറത്തും വിവിധ ക്ഷേത്രങ്ങളിലെ നിർമാണ ജോലികൾ ആർട്ടിസാൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയ്തിട്ടുണ്ട്. 

ശബരിമലയ്ക്കു പുറമെ ഏറ്റുമാനൂരിലെയും പാറമേക്കാവിലെയും സ്വർണക്കൊടിമരങ്ങൾ, ഗുരുവായൂർ ക്ഷേത്രത്തിലെ രണ്ടായിരത്തോളം ലീറ്റർ പായസം തയാറാക്കാവുന്ന 2 ടൺ വീതം ഭാരമുള്ള  വാർപ്പുകൾ, യുഎസിലെ ടാമ്പ അയ്യപ്പക്ഷേത്രത്തിലെ ശ്രീകോവിൽ അലങ്കാരങ്ങൾ, കൊടിമരം, ബലിക്കല്ല് എന്നിവയിലെ അലങ്കാരങ്ങൾ തുടങ്ങിയവയാണത്.  ന്യൂയോർക്കിലെ ക്രിസ്ത്യൻ പള്ളി, ചിക്കാഗോയിലെ കത്തീഡ്രൽ എന്നിവിടങ്ങളിലെ കൊടിമരങ്ങളും നിർമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com