ADVERTISEMENT

ചെട്ടികുളങ്ങര ∙ ഭക്തി കലർന്ന ശിൽപഭംഗിയോടെ കെട്ടുകാഴ്ചകൾ ചെട്ടികുളങ്ങരയമ്മയുടെ സവിധത്തിലെത്തുന്ന ദേശത്തിന്റെ പ്രധാന ഉത്സവമായ കുംഭഭരണി നാളെ. ഏറെ നാളായുള്ള ഭക്തരുടെ അധ്വാനം 13 കരകളിൽ നിന്നു കാഴ്ചക്കണ്ടത്തിൽ അണിനിരക്കും.

ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലേക്ക് നടന്ന മേനാമ്പള്ളി കരയുടെ ഉത്തൃട്ടാതി 101 കലം എഴുന്നള്ളത്ത് ഘോഷയാത്ര.
ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലേക്ക് നടന്ന മേനാമ്പള്ളി കരയുടെ ഉത്തൃട്ടാതി 101 കലം എഴുന്നള്ളത്ത് ഘോഷയാത്ര.

കാഴ്ചപ്പൊക്കങ്ങൾ കാണാനെത്തുന്നവരെക്കൊണ്ടു ക്ഷേത്രാങ്കണം നിറയും.ദിവസങ്ങളായി ക്ഷേത്രപരിസരവും സമീപ പ്രദേശങ്ങളും കുംഭഭരണിക്കായി ഒരുങ്ങുകയാണ്. കരനാഥൻമാരും ഭക്തരും മിക്കപ്പോഴും കെട്ടുകാഴ്ചയൊരുക്കത്തിലായിരുന്നു.

ഈരേഴ തെക്ക് കരയുടെ കെട്ടുകാഴ്ചയായ കുതിരയുടെ പ്രഭടയിൽ സ്ഥാപിക്കാനുള്ള നെറ്റിപ്പട്ടവുമായി പരുമല അൻപൊലി കമ്മിറ്റി നടത്തിയ ഘോഷയാത്ര
ഈരേഴ തെക്ക് കരയുടെ കെട്ടുകാഴ്ചയായ കുതിരയുടെ പ്രഭടയിൽ സ്ഥാപിക്കാനുള്ള നെറ്റിപ്പട്ടവുമായി പരുമല അൻപൊലി കമ്മിറ്റി നടത്തിയ ഘോഷയാത്ര

ഒരാഴ്ച കൊണ്ടു കരക്കാർ തയാറാക്കുന്ന കെട്ടുകാഴ്ചകൾ അമ്മയ്ക്കുള്ള സമർപ്പണമായി കാഴ്ചക്കണ്ടത്തിലേക്കു നീങ്ങുന്നതു കാണാൻ തൊഴുകൈകളും ‘അമ്മേ ശരണം’ വിളികളുമായി ഭക്തർ കാത്തുനിൽക്കും.

ചെട്ടികുളങ്ങര ഭരണിച്ചന്തയ്ക്കു തുടക്കമായപ്പോൾ.
ചെട്ടികുളങ്ങര ഭരണിച്ചന്തയ്ക്കു തുടക്കമായപ്പോൾ.

കരവിരുതിന്റെ 13 തലയെടുപ്പുകൾ അമ്മയുടെ ദർശനത്തിനായി കാഴ്ചക്കണ്ടത്തിൽ അണിയിട്ടു നിൽക്കുന്ന മനോഹാരിതയാണ് കുംഭഭരണിയുടെ കീർത്തി ലോകമെങ്ങും എത്തിക്കുന്നത്. 6 കുതിര, 5 തേര് എന്നിവയും ഭീമൻ, ഹനുമാൻ, പാഞ്ചാലി രൂപങ്ങളുമാണു കണ്ണുകൾക്ക് ആനന്ദമേകി അണിനിരക്കുന്നത്.

ജീവതയിൽ എഴുന്നള്ളിയെത്തും കരയുടെ തമ്പുരാട്ടിയമ്മ
കെട്ടുകാഴ്ചകളുടെ മുന്നിലേക്കു തിരുമേനിമാർ തോളിലേറ്റിയ ജീവതയിൽ ചെട്ടികുളങ്ങര ഭഗവതി എഴുന്നള്ളും. പതിമൂന്ന് കരകളുടെയും കെട്ടുകാഴ്ചകളുടെ മുന്നിലേക്ക് കരകളുടെ ക്രമപ്രകാരം ദേവിയെ എഴുന്നള്ളിക്കും.

കെട്ടുകാഴ്ചകളുടെ മുന്നിലെത്തി ദേവി അനുഗ്രഹ വർഷം ചൊരിയുന്നതോടെയാണു കുംഭഭരണി ഉത്സവത്തിനു സമാപനമാവുക. ഈ അസുലഭ കാഴ്ചകൾ പകർത്താൻ വിദേശത്തു നിന്നും കലാപ്രേമികൾ എത്താറുണ്ട്. ചെട്ടികുളങ്ങര ഭഗവതിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടം നടന്ന 15 വീടുകളിൽ നിന്നുള്ള കുത്തിയോട്ട ഘോഷയാത്രകൾ നാളെ രാവിലെ 6 മുതൽ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും.

വൈകിട്ടു 4 നു കെട്ടുകാഴ്ചകളുടെ വരവു തുടങ്ങും. കെട്ടുകാഴ്ചകൾ അണിനിരന്ന ശേഷം ദീപാരാധന, രാത്രി 8നു സമ്മേളനം, ഗ്രാന്റ് വിതരണം, 10.30നു കഥകളി, 16നു പുലർച്ചെ 3നു വേലകളി, 4ന് എഴുന്നള്ളത്ത് എന്നിവയും നടക്കും.

തനിമയുടെ ഭരണിച്ചന്ത
ഓണാട്ടുകരയുടെ കാർഷിക സംസ്കൃതിയുടെ ഈടുവയ്പാണ് കുംഭഭരണിയോട് അനുബന്ധിച്ചുള്ള ഭരണിച്ചന്ത. ക്ഷേത്രത്തിനു കിഴക്ക് കുടുംബാരോഗ്യ കേന്ദ്രം വളപ്പിൽ ഇന്നലെ ചന്ത തുടങ്ങി. പ‍ഞ്ചായത്താണു ചന്ത ഒരുക്കുന്നത്. 

ഓണാട്ടുകരയുടെ പ്രത്യേകതയായ കിഴങ്ങുവർഗങ്ങൾ, മറ്റു നടീൽ വസ്തുക്കൾ, കൃഷി ഉപകരണങ്ങൾ, കരിമ്പ് തുടങ്ങിയവയൊക്കെ ഇവിടെയുണ്ട്. പണ്ടു മുതലേ കുംഭഭരണിക്കു രണ്ടു ദിവസം മുൻപു ചന്ത തുടങ്ങും.

കുതിരമൂട്ടിൽ കഞ്ഞി ഇന്നുകൂടി
കെട്ടുകാഴ്ചകൾ ഒരുക്കുന്ന സ്ഥലങ്ങളിൽ ഭക്തരുടെ വഴിപാടായ കുതിരമൂട്ടിൽ കഞ്ഞി ഇന്നു കൂടി ഉണ്ടാവും. കഞ്ഞിക്കൊപ്പം കിഴങ്ങുവർഗങ്ങൾ കൊണ്ടു തയാറാക്കുന്ന അസ്ത്രം എന്ന കറിയും മുതിരയുമാണു പ്രധാന വിഭവങ്ങൾ. കടുമാങ്ങ, പപ്പടം, ഉണ്ണിയപ്പം, അവൽ, പഴം എന്നിവയും ചേർത്ത് എട്ടുകൂട്ടം വിഭവങ്ങൾ വിളമ്പാറുണ്ട്.

ചെട്ടികുളങ്ങര ഭരണി അവസാനവട്ട ഒരുക്കത്തിൽ ഓണാട്ടുകര
ചെട്ടികുളങ്ങര ∙ ഓണാട്ടുകര കാത്തിരിക്കുന്ന മഹാ സുദിനം നാളെ, ഭരണി നാളിൽ അമ്മയുടെ സന്നിധിയിൽ സമർപ്പിക്കാനുള്ള തിരുമുൽ കാഴ്ച ഒരുക്കുന്ന ജോലികൾ 13 കരകളിലും സജീവമായി പുരോഗമിക്കുകയാണ്. കലാത്മകതയുടെയും കൂട്ടായ്മയുടെയും നിദർശനമാണു കെട്ടുകാഴ്ചകൾ.

പരിചയ സമ്പന്നരായ തച്ചുശാസ്ത്ര വിദഗ്ധർ ചുക്കാൻ പിടിക്കുന്ന കെട്ടുകാഴ്ച നിർമാണം തലമുറകളായി കൈമാറി വരുന്ന രീതിയാണ്. കെട്ടുകാഴ്ച നിർമാണം ഓണാട്ടുകരയുടെ അഭിമാനമാകുന്നതിനൊപ്പം നിർമാണ വേളയിൽ ഉപയോഗിക്കുന്ന പദാവലി നാടിന്റെ സ്വന്തം ശബ്ദതാരാവലിയാണ്.

നിർമാണ വസ്തുക്കളുടെ പേരുകൾ പുറത്തു നിന്നെത്തുന്ന പലർക്കും ആദ്യമായി കേൾക്കുമ്പോൾ അത്ഭുതം ജനിപ്പിക്കുന്നവയാണ്. അടിക്കൂട്ട്, ചീപ്പ്, അച്ചുതടി, പിള്ളച്ചാട്, ചിറകുപടി, കുറ്റിക്കാൽ, കമഴ്ത്തുപടി, മലർത്തുപടി, കതിരുകാൽ, താങ്ങുപടി, വല്ലഴി, തിരുമ്മിക്കെട്ട്, ഇല്ലിത്തട്ട്, കുത്തു കത്രിക, ചാരിക്കെട്ട്, പക്കലക്, വെട്ടലക്, കോഴിക്കാൽ, അമണ്ഡം, ഓടുവല്ലഴി, വട്ടക്കെട്ട്, ഇടക്കൂടാരം, പ്രഭട, മുടിച്ചട്ടം, മൃഗപടി, മേൽക്കൂടാരം എന്നിങ്ങനെ ആ പദങ്ങൾ നീളുമ്പോൾ കെട്ടുകാഴ്ചയുടെ സ്വന്തം പദാവലി തലമുറകളായി അവ കൈമാറി വരികയാണ്. ‍

തനതായ ഓണാട്ടുകര ശൈലിയിൽ, സന്ദർഭത്തിനും ആവശ്യത്തിനും അനുയോജ്യമായി കൃത്യമായി അർഥം സംവേദനം ചെയ്യുന്ന ലളിതമായ നാട്ടുഭാഷയാണിത്. ചെട്ടികുളങ്ങരയിലെ 13 കരകൾക്കപ്പുറത്തേക്കു ഈ പദാവലി സ്ഥിരമായി ഉപയോഗിക്കുന്നുണ്ടോയെന്നു പോലും സംശയമാണ്.

കെട്ടുകാഴ്ച തച്ചുശാസ്ത്രത്തിന്റെ കണിശതയാർന്ന കണക്കുകൾ ഓരോ പദാവലിയിലും ഉൾക്കൊണ്ടിരിക്കുന്നു. മുതിർന്നവരോടൊപ്പം ചേർന്നു കെട്ടുകാഴ്ച ഒരുക്കുന്നതിൽ സജീവമാകുന്ന യുവാക്കൾ പ്രയോഗത്തിലൂടെ ആ പദങ്ങളും അവയുടെ അർഥവും മനസ്സിലേക്കു ആവാഹിക്കുകയാണു പതിവ്.

അല്ലാതെ ആരും ആരെയും ഈ പദാവലി പഠിപ്പിക്കുന്നില്ല എന്നതാണു ഏറെ പ്രത്യേകത. കുത്തിയോട്ട വഴിപാട് വീടുകളിൽ നടന്ന കുത്തിയോട്ടച്ചുവടിനു ഇന്നലെ സമാപനമായി. ഇന്നു കുത്തിയോട്ടത്തിനു വിശ്രമ ദിനമാണ്. പതിവു ദീപാരാധന നടക്കും. കുംഭഭരണി ദിവസത്തേക്കുള്ള ഒരുക്കങ്ങളാണു അശ്വതി നാളായ ഇന്നു നടക്കുന്നത്. കുത്തിയോട്ട കുട്ടികളുടെ മുടി വെട്ടുന്ന കോതുവെട്ടൽ ചടങ്ങും ഇന്നു നടക്കും.

മേനാമ്പള്ളി കരയുടെ ഉത്തൃട്ടാതി 101 കലം ഉത്സവം ഘോഷയാത്ര ആവേശമായി
ചെട്ടികുളങ്ങര ∙ ദേവീ ക്ഷേത്രത്തിൽ ഉത്തൃട്ടാതി അടിയന്തിരം, മേനാമ്പള്ളി കരയുടെ 101 കലം ഉത്സവം എന്നിവ ആവേശമായി. ഘോഷയാത്ര 9.50നു ക്ഷേത്രത്തിലെത്തി പ്രദക്ഷിണം നടത്തി ഭഗവതിക്കുള്ള നിവേദ്യ വസ്തുക്കൾ തിരുനടയിൽ സമർപ്പിച്ചു. 13 വർഷം കൂടുമ്പോഴാണു ക്ഷേത്രവുമായി ബന്ധപ്പെട്ട ഓരോ കരകൾക്കും 101 കലം ഉത്സവം നടത്താനുള്ള അവസരം ലഭിക്കുന്നത്. 

ഇത്തവണ കുംഭഭരണി കെട്ടുകാഴ്ച ഒരുക്കത്തിനിടയിൽ ഉത്തൃട്ടാതി അടിയന്തരവും 101 കലം ഘോഷയാത്രയും എത്തിയെന്ന പ്രത്യേകതയുണ്ട്. മേനാമ്പള്ളി പ്രസിഡന്റ് കെ.കൃഷ്ണകുമാർ, സെക്രട്ടറി കെ.ഉണ്ണിക്കൃഷ്ണൻ, ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ജോയിന്റ് സെക്രട്ടറി ജി.സതീഷ്, കൺവൻഷൻ അംഗങ്ങളായ വി.അനീഷ്കുമാർ, സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.

കരകളിലൂടെ....
മേനാമ്പള്ളി
ക്ഷേത്രവുമായി ബന്ധപ്പെട്ട പന്ത്രണ്ടാമത്തെ കരയാണു മേനാമ്പള്ളി. തേരാണ് കരയുടെ കെട്ടുകാഴ്ച. മേനാമ്പള്ളി കര പ്രതിനിധികൾ: കെ.കൃഷ്ണകുമാർ (പ്രസി.), കെ.ഉണ്ണിക്കൃഷ്ണൻ (സെക്ര.), ജി.സതീഷ് (കൺവൻഷൻ ജോയിന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗം), വി.അനീഷ്കുമാർ, സുരേഷ് ബാബു (കൺവൻഷൻ അംഗങ്ങൾ).
നടയ്ക്കാവ്
ക്ഷേത്രത്തിൽ നിന്നും ഏറെ അകലെ സ്ഥിതി ചെയ്യുന്ന കരയാണ് നടയ്ക്കാവ്. കുതിരയാണു കരയുടെ കെട്ടുകാഴ്ച. നടയ്ക്കാവ് കര പ്രതിനിധികൾ: എൻ.അച്യുതൻ (പ്രസി.), എൻ.രാധാകൃഷ്ണൻ (സെക്ര.), എൻ.മോഹനൻനായർ (കൺവൻഷൻ എക്സിക്യൂട്ടീവ് അംഗം), എ.വിജയകുമാർ, എസ്.ഹരി (കൺവൻഷൻ അംഗങ്ങൾ).

പാർക്കിങ് നിരോധനം
ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ 250 മീറ്റർ ചുറ്റളവിൽ ഔദ്യോഗിക വാഹനങ്ങൾ അല്ലാതെ മറ്റൊരു വാഹനങ്ങളും പാർക്ക് ചെയ്യാൻ പാടില്ല. അനധികൃ‌തമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ചു മാറ്റും. ചെങ്ങന്നൂർ, കായംകുളം ഡിവൈഎസ്പി ഓഫിസ് പരിധിയിലെ സിഐമാർക്കാണു മേഖലകൾ തിരിച്ചു സുരക്ഷയുടെ ചുമതല. ബൈക്കിലും ജീപ്പിലും പൊലീസിന്റെ പട്രോളിങ് സംഘം ഉണ്ടാകും.

ചെട്ടികുളങ്ങര പ്രദേശത്തെ വിവിധ മേഖലകളായി തിരിച്ചാണ് പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. പ്രശ്ന സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉള്ള സ്ഥലങ്ങൾ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ഉച്ചയ്ക്കു ശേഷം കുംഭഭരണി, മറ്റം മഹാദേവർ ക്ഷേത്രം അശ്വതി ഉത്സവം കെട്ടുകാഴ്ചകൾ കടന്നു പോകുന്നതിനാൽ ഇത്തവണ രാവിലെ മുതൽ രാത്രി വരെ പ്രധാന റോഡിൽ ഗതാഗത തടസ്സം ഉണ്ടാകുന്നതിനു സാധ്യതയുണ്ട്.
∙ ചെട്ടികുളങ്ങര ദേവീ ക്ഷേത്ര നട നാളെ അടയ്ക്കില്ല.
∙ കുത്തിയോട്ടം വരുമ്പോൾ കുത്തിയോട്ട കുട്ടികൾ, ആശാന്മാർ, വഴിപാടു വീട്ടുകാരുടെ 20 അംഗങ്ങൾ, കരനാഥന്മാർ എന്നിവരെ മാത്രമേ നടപ്പന്തലിലെത്തി സോപാനത്തിലേക്കു പ്രവേശിപ്പിക്കുകയുള്ളൂ.
∙കുത്തിയോട്ടം ചൂരൽ മുറിയൽ, സമർപ്പണം എന്നിവയുടെ വിഡിയോ, ഫോട്ടോ എന്നിവ എടുക്കാൻ അനുവദിക്കില്ല.
∙ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷന്റെ നേതൃത്വത്തിൽ വൊളന്റിയേഴ്സ്, കൺവൻഷൻ ഭാരവാഹികൾ ഉൾപ്പെടെ 130 അംഗ സംഘം നാളെ ക്ഷേത്രത്തിനകത്തും പുറത്തും സേവനം ചെയ്യും. കുത്തിയോട്ടം, കെട്ടുകാഴ്ച എന്നിവ എത്തുന്ന സമയത്തു വൊളന്റിയേഴ്സിന് ആയിരിക്കും പൂർണ നിയന്ത്രണം.
∙കുംഭഭരണി കെട്ടുകാഴ്ച ദൂരദർശൻ മലയാളം, ഡിഡി ഭാരതി, ഡിഡി നാഷനൽ ചാനലുകളിൽ നാളെ സംപ്രേഷണം ചെയ്യും.
∙ ക്ഷേത്രത്തിനകത്തും രണ്ടു കിലോമീറ്റർ ചുറ്റളവിലും പുറത്തും നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്.
∙ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ചുക്കുവെള്ളം വിതരണം ചെയ്യും.
∙ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ കൗണ്ടർ. ആയുർവേദ മെഡിക്കൽ കൗണ്ടർ എന്നിവ ക്ഷേത്ര പരിസരത്തു പ്രവർത്തിക്കും. സേവാഭാരതി, പഞ്ചായത്ത് എന്നിവയുടെ ആംബുലൻസും ക്രമീകരിക്കും.
∙ കെട്ടുകാഴ്ചകൾ വരുന്ന വഴിയിൽ നാളെ വൈകിട്ടു 3 മുതൽ 16നു രാവിലെ 8 വരെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

നാളെ വൈദ്യുതി മുടങ്ങും
ചെട്ടികുളങ്ങര, തട്ടാരമ്പലം, കണ്ടിയൂർ, ആഞ്ഞിലിപ്ര, കരിപ്പുഴ, വലിയപെരുമ്പുഴ മേഖലകളിൽ നാളെ പകൽ വൈദ്യുതി മുടങ്ങും. ചെട്ടികുളങ്ങര കുംഭഭരണി ഉത്സവം, മറ്റം മഹാദേവർ ക്ഷേത്രം അശ്വതി ഉത്സവം എന്നിവ ഒരേ ദിവസം നടക്കുന്നതിനാൽ കൂടുതൽ നേരം വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ട്. ചുനക്കര സംഭവത്തിന്റെ പശ്ചാത്തലത്തിൽ കെട്ടുകാഴ്ച കടന്നു പോകുന്ന സമയത്തു കർശന നിയന്ത്രണം ഏർപ്പെടുത്താനാണു വൈദ്യുതി വകുപ്പിന്റെ തീരുമാനം.

നാളെ ഗതാഗത നിയന്ത്രണം
ചെട്ടികുളങ്ങരയിൽ നാളെ ഗതാഗത നിയന്ത്രണം. നാളെ കുത്തിയോട്ട ഘോഷയാത്ര കടന്നുപോകുന്ന സമയം വരെയും കെട്ടുകാഴ്ച ക്ഷേത്രത്തിലേക്കു ആനയിക്കാൻ തുടങ്ങുന്ന വൈകിട്ടു 3 മുതലും തട്ടാരമ്പലം- ചെട്ടികുളങ്ങര- കായംകുളം റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.

കായംകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ കണ്ടിയൂർ ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് ഈരേഴ, കൊയ്പ്പള്ളികാരാണ്മ വഴി കെപി റോഡിൽ ഒന്നാംകുറ്റി ജംക്‌ഷനിലെത്തി പോകണം. കായംകുളത്തു നിന്നുള്ള വാഹനങ്ങൾ ഭഗവതിപ്പടി ജംക്‌ഷനിൽ നിന്നു തിരിഞ്ഞു പത്തിയൂർ, കണ്ണമംഗലം, വടക്കേത്തുണ്ടം കരിപ്പുഴ വഴി തട്ടാരമ്പലം- കവല റോഡിൽ കയറി പോകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com