ADVERTISEMENT

ചെട്ടികുളങ്ങര∙ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ ഇന്നു നടക്കുന്ന കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് ,  വ്രതനിഷ്ഠയോടെ കുത്തിയോട്ട വഴിപാട് നടന്ന വീടുകളിൽ നിന്നു ഘോഷയാത്രയായെത്തി കുത്തിയോട്ട സമർപ്പണം നടത്തുന്ന ചടങ്ങ് രാവിലെ മുതൽ നടക്കും. കുത്തിയോട്ട കുട്ടികളെ ഇന്നു രാവിലെ കുളിപ്പിച്ചു ചമയങ്ങളണിയിച്ച ശേഷം മാതാപിക്കാന്മാർക്കും ആശാന്മാർക്കും ദക്ഷിണ കൊടുപ്പിക്കും. കണ്ണും പുരികവും എഴുതി മീശയും കൃതാവും വരച്ചു സ്വർണ വർണത്തിലുള്ള കിരീടവും തോൾവളയും രക്ത വർണമുള്ള മാലയും അണിയിക്കും. അരയിൽ തറ്റുടുത്ത് പട്ടു ചേലയ്ക്കു മുകളിലായി വാട്ടിയ തൂശനില താഴോട്ട് ഉടുപ്പിക്കും. ഒറ്റപ്പിടിയൻ പിച്ചാത്തി മുനയിൽ പഴുക്കാ പാക്ക് കുത്തി നിർത്തി ഇരുകൈ കൊണ്ടും ചേർത്തു പിടിപ്പിച്ച ശേഷം കുത്തിയോട്ട സംഘം ഇവർക്കു ചുറ്റുമായി നിന്നു കുത്തിയോട്ടപ്പാട്ടും പാടി ക്ഷേത്രത്തിലേക്ക് ആനയിക്കും. ഘോഷയാത്രയിൽ താലപ്പൊലി, പമ്പമേളം, അമ്മൻകുടം എന്നിവയും ഉണ്ടാകും. ഘോഷയാത്രയിൽ നെട്ടൂർപെട്ടി തലയിലേന്തി വഴിപാടുകാരനും ഉണ്ടാകും. 

1. ചെട്ടികുളങ്ങര ഈരേഴ തെക്ക് കരയുടെ കെട്ടുകാഴ്ചയായ കുതിരയുടെ മേൽക്കൂടാരം ഉയർത്തുന്നു. 2. മറ്റം തെക്ക് കരയുടെ പാഞ്ചാലിക്കു വഴിപാടായി സാരി സമർപ്പിക്കുന്നു.
1. ചെട്ടികുളങ്ങര ഈരേഴ തെക്ക് കരയുടെ കെട്ടുകാഴ്ചയായ കുതിരയുടെ മേൽക്കൂടാരം ഉയർത്തുന്നു. 2. മറ്റം തെക്ക് കരയുടെ പാഞ്ചാലിക്കു വഴിപാടായി സാരി സമർപ്പിക്കുന്നു.

വിരലിലെണ്ണാവുന്ന കുത്തിയോട്ടങ്ങൾ മാത്രമുണ്ടായിരുന്ന മുൻപ് കുത്തിയോട്ട കുട്ടികൾക്കു  അണിയാനുള്ള വസ്ത്രങ്ങളും ആഭരണങ്ങളും രാജകൊട്ടാരത്തിൽ നിന്നും കൊട്ടാരം കാര്യസ്ഥൻ പെട്ടിയിൽ കുത്തിയോട്ട വീട്ടിൽ എത്തിക്കുമായിരുന്നു. ആഭരണങ്ങൾ അണിയിച്ച ശേഷം പെട്ടി തലച്ചുമടായി ക്ഷേത്രത്തിലേക്കും കൊണ്ടു വരും. കുത്തിയോട്ട സമർപ്പണം കഴിയുമ്പോൾ ആഭരണങ്ങൾ ഊരി വാങ്ങി കൊട്ടാരത്തിലേക്കു തിരികെ കൊണ്ടുപോകുകയായിരുന്നു പതിവ്. ഇതിന്റെ സ്മരണയ്ക്കായാണു ഇപ്പോൾ നെട്ടൂർ പെട്ടി ഉപയോഗിക്കുന്നത്.

ഹിന്ദുമത സമ്മേളനം ഇന്ന്
ഇന്ന് രാത്രി 8നു ഹിന്ദുമത സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എ.എം.ആരിഫ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. തിരുവിതാംകൂർ ദേവസ്വം ബോർ‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഗ്രാന്റ് വിതരണം ചെയ്യും. ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റ് പ്രസിഡന്റ് ബി.ഹരികൃഷ്ണൻ അധ്യക്ഷത വഹിക്കും. 10നു ദക്ഷയാഗം സമ്പൂർണ കഥകളി.

പൊലീസ് സുരക്ഷ ശക്തം
ചെട്ടികുളങ്ങര ∙ ദേവീ ക്ഷേത്രം, മറ്റം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ  ഇന്നു ഉത്സവം നടക്കുന്നതിനാൽ പൊലീസ് സുരക്ഷ ശക്തമാക്കി. 4 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 600 പൊലീസുകാരാണു ക്രമസമാധാന പാലനത്തിനുള്ളത്. ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ചെട്ടികുളങ്ങര ക്ഷേത്രത്തിനു 4 കിലോമീറ്റർ ചുറ്റളവിൽ 8 സ്ഥലങ്ങളിൽ പാർക്കിങ് ക്രമീകരിച്ചിട്ടുണ്ട്. പാർക്കിങ് മൈതാനം സംബന്ധിച്ചു ഗൂഗിൾ മാപ്പ് ലിങ്ക് മാവേലിക്കര പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലുണ്ട്. മാല മോഷണം തടയാൻ ക്ഷേത്രത്തിൽ എത്തുന്നവർക്കു സേഫ്റ്റി പിൻ വിതരണം ചെയ്യുന്ന ‘പിൻ ഓഫ് സേഫ്റ്റി പദ്ധതി’ നടപ്പിലാക്കുന്നുണ്ട്. ഗതാഗത നിയന്ത്രണം ലംഘിച്ചു പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ചു നീക്കം ചെയ്യും. മോഷണം തടയാൻ നിരീക്ഷണ ക്യാമറ, ഡ്രോൺ നിരീക്ഷണം എന്നിവയും ഏർപ്പെടുത്തി.

ചെട്ടികുളങ്ങരയുടെ രുചിയായി കൊഞ്ചും മാങ്ങയും
കുംഭഭരണി നാളിൽ ചെട്ടികുളങ്ങരക്കാരനു കൊഞ്ചും മാങ്ങയും ചേർന്നുള്ള ഉച്ചയൂണ് പ്രധാനമാണ്. കുംഭഭരണി നാളിൽ ചെട്ടികുളങ്ങരയിലെ ഏതു വീട്ടിൽ ചെന്നാലും കൊഞ്ചും മാങ്ങയും ഉച്ചയൂണിനു വിഭവമായി ഉണ്ടാകും. രാവിലെ ക്ഷേത്രത്തിലേക്കുള്ള കുത്തിയോട്ട ഘോഷയാത്ര ദർശിച്ച ശേഷം കൊഞ്ചും മാങ്ങയും കൂട്ടിയുള്ള വിഭവസമൃദ്ധമായ സദ്യയും കഴിഞ്ഞാണു കരക്കാർ കെട്ടുകാഴ്ചയുടെ സമീപത്ത് എത്തുന്നത്. രാവിനെ പകലാക്കി നിർമിച്ച കെട്ടുകാഴ്ചയെ ക്ഷേത്ര ത്തിൽ എത്തിക്കുന്നതിനുള്ള ആവേശമാണു നിറയുന്നത്. കൊഞ്ചും മാങ്ങയും ചെട്ടികുളങ്ങരക്കാരന്റെ കുംഭഭരണി ജീവിതത്തിന്റെ ഭാഗമായതിനു പിന്നിലൊരു വാമൊഴി കഥയുണ്ട്. 
കുംഭഭരണി നാളിൽ വീട്ടമ്മ അടുക്കളയിൽ കൊഞ്ചും മാങ്ങയും തയാറാക്കുന്നതിനിടയിൽ റോഡിലൂടെ കുത്തിയോട്ട ഘോഷയാത്ര ക്ഷേത്രത്തിലേക്കു പോകുന്നതിന്റെ ആരവം കേട്ടു. എല്ലാം ദേവീ നോക്കിക്കോണേ എന്നു പ്രാർഥിച്ച ശേഷം വീട്ടമ്മ ഘോഷയാത്ര കാണാൻ പോയി. ഘോഷയാത്ര കണ്ടു മണിക്കൂറിനു ശേഷം തിരിച്ചെത്തുമ്പോൾ കൊഞ്ചും മാങ്ങയും കരിയാതെ പാകമായിരിക്കുന്നതു കണ്ടു. ഇക്കഥ നാട്ടിൽ പ്രചരിച്ചതോടെയാണു ചെട്ടികുളങ്ങര കരകളിൽ കൊഞ്ചും മാങ്ങയും ഇഷ്ട വിഭവം ആയതെന്നാണു വാമൊഴിക്കഥ.  കൊഞ്ചുംമാങ്ങയും കുംഭഭരണി നാളിൽ ഭൂരിഭാഗം വീടുകളിലും പ്രധാനവിഭവമായി സദ്യയിൽ സ്ഥാനം പിടിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com