ADVERTISEMENT

ചെട്ടികുളങ്ങര ∙ പതിമൂന്നു കരകളുടെ തിരുമുൽക്കാഴ്ചകൾ ഇന്നു കാഴ്ചക്കണ്ടത്തിൽനിന്ന് നിറങ്ങളുടെ എടുപ്പുകളായി ആകാശംമുട്ടെ ഉയരും. ആ കാഴ്ചയെ ചെട്ടികുളങ്ങരപ്പൂരമെന്നോ ഓണാട്ടുകരപ്പൂരമെന്നോ വിളിക്കാം. വേറിട്ട സംസ്കാരത്തിന്റെയും അനുഷ്ഠാനങ്ങളുടെയും തനിമയാണ് ആ അസുലഭ കാഴ്ചയിലുള്ളത്. കരകളിൽനിന്നു ക്രമമായി ക്ഷേത്രത്തിലെത്തി ഭഗവതിയെ വണങ്ങി കാഴ്ചക്കണ്ടത്തിലേക്കു നീങ്ങുന്ന കെട്ടുകാഴ്ചകൾ, കുത്തിയോട്ടപ്പാട്ടും ചുവടുകളും, അമ്മേ ശരണം വിളികൾ, ... കാഴ്ചയും കേൾവിയും സമ്മേളിക്കുന്ന നാളാണിന്ന്. കുംഭഭരണിക്കു കാണാം എന്നു പറഞ്ഞു പിരിഞ്ഞവർ വീണ്ടും സംഗമിക്കും.

കെട്ടുകാഴ്ചകളുടെ നിർമിതിയിലെ ഭക്തിയും ആവേശവും സഫലമാകുന്ന ദിവസമാണു ഭരണിനാൾ. ഈരേഴ തെക്ക് കരയുടെ കുതിരയുടെ വരവിൽ തുടങ്ങി നടക്കാവ് കരയിലെ കുതിര വരെ നീളുന്ന ഘോഷയാത്രകൾ ഒന്നാകുമ്പോൾ കാഴ്ചക്കണ്ടം അപൂർവ നിർമിതികളുടെ പ്രദർശനശാലയാകും. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, പേള, നടക്കാവ് കരകളിൽനിന്നാണു കുതിരകൾ. കണ്ണമംഗലം തെക്ക്, കടവൂർ, ആഞ്ഞിലിപ്ര, കണ്ണമംഗലം വടക്ക്, മേനാമ്പള്ളി എന്നിവിടങ്ങളിൽനിന്നു തേരുകൾ. മറ്റം വടക്ക് കരയിൽനിന്നു ഭീമസേനൻ. മറ്റം തെക്കുനിന്നു ഹനുമാനും പാഞ്ചാലിയും. കെട്ടുകാഴ്ചകളെല്ലാം കാഴ്ചക്കണ്ടത്തിൽ നിരന്നാൽ ഭഗവതി ജീവതയേറിയെത്തും. കരകളുടെ സമർപ്പണത്തെ അനുഗ്രഹിക്കും.

കുംഭഭരണി കെട്ടുകാഴ്ചയ്ക്കു പിന്നിലെ ഐതിഹ്യത്തെപ്പറ്റി പല ഭാഷ്യങ്ങളുണ്ട്. ദാരികനിഗ്രഹത്തിനു ശേഷം ദേവിയുടെ കോപം ശമിപ്പിക്കാൻ ഭക്തർ ഒരുക്കിയ കാഴ്ചയാണതെന്ന് ഒരു വിശ്വാസം. ബുദ്ധമത പാരമ്പര്യത്തിലെ പഗോഡകളെ കെട്ടുകാഴ്ചയുമായി താരതമ്യപ്പെടുത്തുന്ന പഠനങ്ങളുമുണ്ട്.
മറ്റൊന്ന് ഇങ്ങനെ: നൂറ്റാണ്ടുകൾക്കു മുൻപ്, അന്നത്തെ ഭരണാധികാരിയുടെ തീരുമാനപ്രകാരം ചെട്ടികുളങ്ങരയിൽ നിന്ന് ഒരു കൂട്ടം ഗ്രാമമുഖ്യരും തൊഴിലാളികളും കൊല്ലം – ചവറ തോട് നിർമിക്കാൻ പോയി. തോടിന്റെ നിർമാണം കണക്കുകൂട്ടലുകൾ തെറ്റിച്ചു നീണ്ടതോടെ അവർക്കു നാട്ടിലേക്കു മടങ്ങാൻ കഴിയാതായി. തിരികെ പോകണമെന്ന അപേക്ഷ അധികാരികൾ അനുവദിച്ചില്ല. ഒരു ദിവസം അവർ കൊല്ലം മുളങ്കാടകം ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയി. അവിടത്തെ കെട്ടുകാഴ്ച അവരെ ആകർഷിച്ചു. മടങ്ങിപ്പോകാൻ അവസരമുണ്ടാക്കിയാൽ എല്ലാ വർഷവും ഇതുപോലെ കെട്ടുകാഴ്ച സമർപ്പിക്കാമെന്ന് അവർ ചെട്ടികുളങ്ങര ഭഗവതിയോടു പ്രതിജ്ഞ ചെയ്തു. അടുത്ത ദിവസം അവർക്കു മടങ്ങാൻ അനുവാദം കിട്ടി. പ്രതിജ്ഞ നിറവേറ്റാൻ അവർ ഭഗവതിയുടെ മുന്നിലേക്കു കെട്ടുകാഴ്ചകളുമായി പോയിത്തുടങ്ങി. അലങ്കാരങ്ങളും ഒരുക്കുകളും മാത്രമല്ല കെട്ടുകാഴ്ചകൾ. ഐതിഹ്യങ്ങളും പുരാണകഥാ സന്ദർഭങ്ങളും അവയിൽ കൊത്തിവച്ചിരിക്കുന്നു. ദേശത്തിന്റെ പരദേവതയായ ചെട്ടികുളങ്ങരയമ്മയ്ക്കുള്ള സമർപ്പണത്തിന്റെ പല ഭാവങ്ങൾ നിറയുന്നു കുംഭഭരണിയുടെ ഓരോ അനുഷ്ഠാനത്തിലും. 

കരയും കെട്ടുകാഴ്ചയും
1. ഈരേഴ തെക്ക് കുതിര
2. ഈരേഴ വടക്ക് കുതിര
3. കൈത തെക്ക് കുതിര
4. കൈത വടക്ക് കുതിര
5. കണ്ണമംഗലം തെക്ക് തേര്
6. കണ്ണമംഗലം വടക്ക് തേര്
7. പേള കുതിര
8.കടവൂർ തേര്
9. ആഞ്ഞിലിപ്ര തേര്
10. മറ്റം വടക്ക് ഭീമൻ
11. മറ്റം തെക്ക്-ഹനുമാൻ, പാഞ്ചാല
 12. മേനാമ്പള്ളി തേര്
13. നടക്കാവ് കുതിര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com