ADVERTISEMENT

അമ്പലപ്പുഴ ∙ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ അങ്കണവാടി വർക്കർ നിയമന റാങ്ക് പട്ടികയിൽ പ്രവൃത്തി പരിചയം ഇല്ലാത്തവർ മുൻനിരയിൽ എത്തിയതായി വിവരാവകാശ രേഖ. വർക്കർ നിയമനത്തിനു പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന നൽകുമെന്നാണ് പഞ്ചായത്ത്, ശിശുവികസന പദ്ധതി ഓഫിസ് അധികാരികൾ മുഖാമുഖത്തിൽ ഉദ്യോഗാർഥികളെ  അറിയിച്ചിരുന്നത്. 2012 മുതൽ അപേക്ഷ നൽകിയ 302 പേർ മുഖാമുഖത്തിന് എത്തി. 22  അങ്കണവാടികളിലേക്ക് 44 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ 2 ഒഴിവുകളാണ്  നിലവിൽ ഉള്ളത്.

3 വർഷ കാലാവധിയുള്ള ലിസ്റ്റിൽനിന്ന് 4 പേർക്ക് മാത്രമാണ്  നിയമനം കിട്ടുക. ഒരു വർഷത്തിനു മേൽ പരിചയം ഉള്ളവരും ഇനി അപേക്ഷിക്കാൻ  പ്രായം അനുവദിക്കാത്തവരും  ലിസ്റ്റിൽ ഇടം നേടിയില്ല.റാങ്ക് ലിസ്റ്റിലെ മുൻനിരയിലുള്ളവർ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയില്ലെന്ന് ശിശുവികസന പദ്ധതി ഓഫിസറുടെ കാര്യാലയം നൽകിയ വിവരാവകാശ മറുപടിയിലുണ്ട്. മുഖാമുഖം  സമയത്ത് ഉദ്യോഗാർഥികൾക്ക് നൽകിയ മാർക്ക് പിന്നീട് സിപിഎം പ്രാദേശിക നേതാക്കൾ ഇടപെട്ടു തിരുത്തിയെന്നാണ്  ആക്ഷേപം.

യോഗ്യതയില്ലാത്തവർ ലിസ്റ്റിൽ ഇടം നേടിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റും മുഖാമുഖത്തിനു നേതൃത്വം നൽകിയവരും അമ്പരന്നെങ്കിലും പ്രാദേശിക നേതാക്കളെ പിണക്കാൻ താൽപര്യമില്ലാത്ത ഇവർ ലിസ്റ്റിനെതിരെ ശബ്ദിച്ചില്ല. ബ്രാഞ്ച് സെക്രട്ടറിയു‌ടെ ഭാര്യ, ലോക്കൽ കമ്മിറ്റി സെക്രട്ടറിയു‌ടെ മരുമകൾ, സിപിഎം ജനപ്രതിനിധിയുടെ അടുത്ത ബന്ധു, മുഖാമുഖം നടത്തിയവരിൽ ചിലരുടെ  ബന്ധുക്കൾ എന്നിവരാണ് ലിസ്റ്റിൽ മുൻനിരയിൽ ഇടം നേടിയത്. ഇതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫിസ് പടിക്കൽ സമരം  നടത്തി. ശിശുവികസന പദ്ധതി ഓഫിസർക്ക് അവർ പരാതിയും  നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com