ADVERTISEMENT

ഹരിപ്പാട് ∙ ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് സിഗ്നൽ ലൈറ്റുകൾ മാറ്റിയതോടെ ജംക്‌ഷനുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. മാധവാ ജംക്‌ഷൻ, നങ്ങ്യാർകുളങ്ങര ജംക്‌ഷൻ എന്നിവിടങ്ങളിലാണ് ഗതാഗതം നിയന്ത്രിക്കാൻ സംവിധാനമില്ലാത്തത് രൂക്ഷമായ പ്രശ്നമാകുന്നത്. മാവേലിക്കരയിൽ നിന്നും കാർത്തികപ്പള്ളിയിൽ നിന്നുമുള്ള റോഡുകൾ ദേശീയപാതയിൽ സംഗമിക്കുന്നത് നങ്ങ്യാർകുളങ്ങര ജംക്‌ഷനിലാണ്.

ദേശീയപാതയിലേക്ക് കടക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവു സംഭവമാണ്. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് ജംക്‌ഷനാണെന്നും വേഗതകുറയ്ക്കണമെന്നുമുള്ള മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാത്തതാണ് അപകട സാധ്യത വർധിപ്പിക്കുന്നത്. രാത്രികാലങ്ങളിൽ ജംക്‌ഷനുകളിൽ മതിയായ വെളിച്ചമില്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മാധവാ ജംക്‌ഷനിൽ മേൽപാലം നിർമിക്കുന്നതിനുള്ള പണികൾ നടക്കുകയാണ്.

റോഡിന്റെ മധ്യഭാഗത്ത് ഡിവൈഡറുകൾ സ്ഥാപിച്ച് വേർതിരിക്കുകയും ഇരു ഭാഗത്തു കൂടി വാഹനങ്ങൾ പോകുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. വീയപുരം റോഡിൽ നിന്നു ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ റോഡ് മുറിച്ചു കടന്നു ഡാണാപ്പടി ഭാഗത്തേക്കു പോകുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ഇപ്പോൾ വീയപുരം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഡിവൈഡർ ചുറ്റിവേണം ഡാണാപ്പടിക്കു പോകാൻ.

എന്നാൽ ഇത് സംബന്ധിച്ച് സൂചനാ ബോർഡുകളോ ഗതാഗതം നിയന്ത്രിക്കാൻ പൊലീസോ ഇവിടെയില്ല. ദേശീയപാത നിർമാണ കമ്പനിയുടെ ജീവനക്കാർ ചില സമയങ്ങളിൽ മാത്രമാണ് ഗതാഗതം നിയന്ത്രിക്കാൻ എത്തുന്നത്. ഇത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. തെരുവു വിളക്കുകൾ പ്രകാശിക്കാത്തതും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. ജംക്‌ഷനുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com