ഏറെ നാളായി മോഹിച്ചത്; ആദ്യ വിമാനയാത്രയ്ക്ക് തയാറെടുത്ത് കുടുംബശ്രീ അംഗങ്ങൾ

Mail This Article
ആലപ്പുഴ ∙ ആദ്യ വിമാനയാത്രയ്ക്ക് തയാറെടുത്ത് കൈതവന കീർത്തി കുടുംബശ്രീ അംഗങ്ങൾ. സാന്ത്വന പരിചരണവും തൊഴിൽ യൂണിറ്റുകളും ബുക്ക് സ്റ്റാൾ വിൽപനയും തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ ഏറെ നാളായി മോഹിച്ചതാണ് ഈ ഉല്ലാസയാത്ര എന്ന് അംഗങ്ങൾ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ നെടുമ്പാശേരിയിൽ നിന്നു ബെംഗളൂരുവിനു വിമാനം പറക്കുമ്പോൾ കീർത്തി കുടുംബശ്രീയുടെ പ്രസിഡന്റ് ഗിരിജ വിജയൻ, സെക്രട്ടറി ബീനാ ഗോപാലകൃഷ്ണൻ ഉൾപ്പെടെ 16 അംഗങ്ങളും ഉണ്ടാകും.
ബെംഗളൂരുവിൽ കാഴ്ചകൾ കണ്ടും ഷോപ്പിങ് നടത്തിയും ഞായർ രാത്രി തിരിച്ചെത്തും. വിമാന ടിക്കറ്റ് ഉൾപ്പെടെ ഒരാൾക്ക് 5500 രൂപ വീതമാണ് ചെലവ്. ഉല്ലാസയാത്രാ സംഘത്തെ നഗരസഭാധ്യക്ഷ കെ.കെ.ജയമ്മയുടെ സാന്നിധ്യത്തിൽ ഇന്നലെ അനുമോദിച്ചു. കൗൺസിലർ സജേഷ് ചക്കുപറമ്പിൽ, കുടുംബശ്രീ ചെയർപഴ്സൻ ഷീലാ മോഹൻ, കുടുംബശ്രീ അംഗം മിനി വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.