ജില്ലയിലെ 9 പദ്ധതികൾ 26ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Mail This Article
ആലപ്പുഴ ∙ പ്രധാനമന്ത്രി 26ന് ഉദ്ഘാടനം ചെയ്യുന്ന രാജ്യത്തെ വിവിധ പദ്ധതികളിൽ ജില്ലയിലെ 9 പദ്ധതികളും. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഉദ്ഘാടനമാണ് ഇവയിൽ പ്രധാനം. 5 മേൽപാലങ്ങൾക്കു കല്ലിടലും 3 അടിപ്പാതകളുടെ ഉദ്ഘാടനവുമാണു മറ്റു ചടങ്ങുകൾ. 26ന് ഉച്ചയ്ക്കു 12ന് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുമ്പോൾ അതതു പദ്ധതിക്കു സമീപത്തോ അടുത്ത റെയിൽവേ സ്റ്റേഷനിലോ നടക്കുന്ന ചടങ്ങുകളിൽ ജനപ്രതിനിധികൾ പങ്കെടുക്കും. ഈ യോഗങ്ങൾ രാവിലെ 10നു തുടങ്ങും.
ചെങ്ങന്നൂരിലെ ചടങ്ങിൽ മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭാധ്യക്ഷ ശോഭ വർഗീസ് തുടങ്ങിയവർ പങ്കെടുക്കും. മാവേലിക്കര കല്ലുമല മേൽപാലത്തിനു കല്ലിടുന്ന ചടങ്ങിൽ എം.എസ്.അരുൺകുമാർ എംഎൽഎ, നഗരസഭാധ്യക്ഷൻ കെ.വി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും. നങ്ങ്യാർകുളങ്ങര കവല ഗേറ്റിലെ മേൽപാലത്തിന്റെ കല്ലിടലിൽ എ.എം.ആരിഫ് എംപി, നഗരസഭാധ്യക്ഷൻ കെ.കെ.രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
ചെറുതന അടിപ്പാത ഉദ്ഘാടനത്തിൽ ജെബി മേത്തർ എംപി, പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു തുടങ്ങിയവരാണു പങ്കെടുക്കുന്നത്. വീയപുരം കച്ചേരി ജംക്‌ഷൻ മേൽപാലം കല്ലിടലിൽ തോമസ് കെ.തോമസ് എംഎൽഎ, വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. കരുവാറ്റ – വീയപുരം അടിപ്പാത ഉദ്ഘാടനത്തിൽ രമേശ് ചെന്നിത്തല എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് തുടങ്ങിയവരാണു പങ്കെടുക്കുന്നത്. ഹരിപ്പാട് ടിബി റോഡ് അടിപ്പാത ഉദ്ഘാടനത്തിൽ മന്ത്രി പി.പ്രസാദ്, കൗൺസിലർ നിർമല തുടങ്ങിയവർ പങ്കെടുക്കും.
കായംകുളം കാക്കനാട് മേൽപാലം കല്ലിടൽ ചടങ്ങിൽ യു.പ്രതിഭ എംഎൽഎ, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സുധാകരക്കുറുപ്പ് തുടങ്ങിയവർ പങ്കെടുക്കും. കൃഷ്ണപുരം മേൽപ്പാലം കല്ലിടലിൽ എ.എം.ആരിഫ് എംപി, യു.പ്രതിഭ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് രാധാമണി രാജൻ തുടങ്ങിയവർ പങ്കെടുക്കും.