ലഹരി മരുന്ന് മാഫിയയിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
Mail This Article
ഹരിപ്പാട് ∙ ലഹരി മരുന്ന് മാഫിയയിലെ പിടികിട്ടാപ്പുള്ളി 2 വർഷത്തിന് ശേഷം അറസ്റ്റിലായി. 2021 നവംബർ 7ന് ഹരിപ്പാട് ഡാണാപ്പടിയിലെ ലോഡ്ജിൽ മുറിയെടുത്ത് 174 ഗ്രാം എംഡിഎംഎ കച്ചവടം ചെയ്ത കേസിലെ പ്രധാന പ്രതിയായ കണ്ടല്ലൂർ, പട്ടോളി മാർക്കറ്റ് പടണത്തറ വടക്കത്തിൽ നിതിനെ (28) കനകക്കുന്നിൽ വച്ച് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു വർഷമായി മുംബൈയിലും, മറ്റ് ഇതര സംസ്ഥാനങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്നു.
ഫോൺ, സിം എന്നിവ മാറിമാറി ഉപയോഗിച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. നിതിനുമായി ലഹരി മരുന്ന് ബന്ധമുള്ള കൂട്ടുകാരും അടുപ്പക്കാരും പൊലീസ് നിരീക്ഷണത്തിലായിരുന്നു.പ്രതി നാട്ടിൽ വന്നതായി വിവരം ലഭിച്ച പൊലീസ് കനകക്കുന്നു ഭാഗത്തു വച്ച് പിടികൂടുകയായിരുന്നു. സഹോദരന് പ്രതിയുടെ രൂപസാദൃസ്യമുള്ളതിനാൽ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ലഹരി മരുന്ന് കേരളത്തിൽ കച്ചവടം ചെയ്യുന്ന പ്രധാനിയാണ് നിതിൻ എന്നു പൊലീസ് പറഞ്ഞു.
20 പ്രതികളുള്ള കേസിൽ മൊത്തകച്ചവടക്കാരൻ മുതൽ ചില്ലറ കച്ചവടക്കാരൻ വരെയുള്ള വലിയ ലഹരിമരുന്ന് മാഫിയ ആണ് പിടിയിലായത്. കേസിലെ 20 പ്രതികളിൽ 16 പ്രതികൾ പിടിയിലായി. ബാക്കിയുള്ള പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഹരിപ്പാട് എസ്എച്ച്ഒ സി. ദേവരാജ്, എസ്ഐ ഷൈജ, എഎസ്ഐ പ്രദീപ്, സിവിൽ പൊലീസ് ഓഫിസർമാരായ അജയൻ, നിഷാദ്, ഷിജാർ എന്നിവരടങ്ങുന്ന സംഘമാണു അന്വേഷണം നടത്തി പ്രതിയെ പിടിക്കൂടിയത്.