ADVERTISEMENT

ചെങ്ങന്നൂർ ∙ ഒറ്റമുറി വീടിന്റെ മുറ്റത്തെ അടുപ്പുകല്ലു നീക്കി സിൽവർലൈനിനു മഞ്ഞക്കുറ്റി നാട്ടിയതിന്റെ രണ്ടാം വാർഷികം അടുക്കുമ്പോൾ കൊഴുവല്ലൂർ കിഴക്കേ മോടിയിൽ തങ്കമ്മയ്ക്കു പുതിയ വീടായി. വീടു പൂർത്തിയാക്കി താക്കോൽ കൊടുത്തതു സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി. ‘‘ആരെയും ശപിക്കില്ല. വീടു കിട്ടിയതിൽ സന്തോഷം. മന്ത്രി വീടു തരാമെന്നു പറഞ്ഞു. തന്നില്ല. അതു ദൈവം അദ്ദേഹത്തോടു ചോദിച്ചോട്ടെ’’ – വീടിന്റെ താക്കോൽ വാങ്ങി തങ്കമ്മ പറഞ്ഞു.

alappuzhas-silver-line

2022 മാർച്ച് 14ന് ആണു തങ്കമ്മയുടെ വീട്ടുമുറ്റത്തു മഞ്ഞക്കുറ്റിയിട്ടത്. അടുപ്പു പൊളിച്ചു നാട്ടിയ മഞ്ഞക്കുറ്റി രമേശ് ചെന്നിത്തല എംഎൽഎയുടെ നേതൃത്വത്തിൽ അടുത്ത ദിവസം പിഴുതു മാറ്റിയതും മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ വീണ്ടും കുറ്റി സ്ഥാപിച്ചതും വാർത്തയായിരുന്നു.  സമരത്തിന്റെ ഭാഗമായി നട്ട വാഴകളിലെ കുലകൾ ലേലം ചെയ്തു കിട്ടിയ പണവും വീടിനായി ഉപയോഗിച്ചു.

2 മുറികളും ഹാളും അടുക്കളയുമുണ്ട് പുതിയ വീട്ടിൽ. 7.75 ലക്ഷം രൂപയാണു നിർമാണച്ചെലവ്.  തങ്കമ്മയ്ക്കു വീടു നൽകുമെന്നു വാഗ്ദാനം ചെയ്ത മന്ത്രി വാക്കു പാലിച്ചില്ലെന്ന് ആരോപിച്ചാണു സമരസമിതി വീടുനിർമാണം ഏറ്റെടുത്തത്. താക്കോൽ കൈമാറൽ ചടങ്ങ് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.

ഭവന നിർമാണ സമിതി പ്രസിഡന്റ് കെ.കെ.സജികുമാർ അധ്യക്ഷത വഹിച്ചു. ജോസഫ് എം.പുതുശേരി, സി.ആർ.നീലകണ്ഠൻ, ജോസഫ് സി.മാത്യു, എം.പി.ബാബുരാജ്, എസ്.രാജീവൻ, കെ.ശൈവപ്രസാദ്, പ്രഫ. കുസുമം ജോസഫ്, എം.ടി.തോമസ്, ആർ.പാർഥസാരഥി വർമ, എസ്.സൗഭാഗ്യകുമാരി, സിന്ധു ജയിംസ്, മധു ചെങ്ങന്നൂർ, ടി.കോശി, വി.ജെ.ലാലി, ഫിലിപ്പ് വർഗീസ്, ജൂണി കുതിരവട്ടം, എബി കുര്യാക്കോസ്, എസ്.സീതിലാൽ, ജോർജ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com