ADVERTISEMENT

ആലപ്പുഴ ∙ കെ.സി.വേണുഗോപാൽ വീണ്ടും മത്സരിക്കാനുള്ള സാധ്യത വർധിച്ചതോടെ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു ചിത്രം തെളിയുകയാണ്. എ.എം.ആരിഫിനെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചിട്ടു ദിവസങ്ങൾ കഴിഞ്ഞെങ്കിലും കോൺഗ്രസ് സ്ഥാനാർഥി ആരാണെന്ന കാര്യത്തിൽ ഇതുവരെ ഉണ്ടായിരുന്ന അവ്യക്തത നീക്കിയാണു കെ.സി.വേണുഗോപാൽ എന്ന പേരു ചർച്ചയാകുന്നത്. വേണുഗോപാലിന്റെ സ്ഥാനാർഥിത്വം അന്തിമമായി തീരുമാനിച്ചിട്ടില്ലെങ്കിലും സാധ്യത കൂടിയിട്ടുണ്ട്. വേണുഗോപാൽ വന്നാൽ ആലപ്പുഴയിൽ പോരാട്ടം വീറുറ്റതാകും.എ.എം.ആരിഫിന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂ. അതു വരുന്നതിനു മുൻപേ നേതൃത്വത്തിന്റെ അനുമതിയോടെ ആരിഫ് അനൗപചാരിക പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ദിവസങ്ങളായി ആരിഫ് വ്യക്തികളെ സന്ദർശിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലാണ്.

ഇന്നു വൈകിട്ട് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ആരിഫിന്റെ റോഡ് ഷോ നടത്താൻ അവിടത്തെ പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ഇത്തരം പരിപാടികൾക്ക് ഉടൻ രൂപം നൽകുമെന്ന് അറിയുന്നു.എൻഡിഎയിൽ ഇതു ബിജെപിയുടെ സീറ്റാണ്. പക്ഷേ, സ്ഥാനാർഥി ആരെന്നു തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച ഡോ. കെ.എസ്.രാധാകൃഷ്ണൻ, കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജീത് ശ്രീനിവാസിന്റെ ഭാര്യ ലിഷ രൺജീത് എന്നീ പേരുകളാണു പ്രധാന പരിഗണനയെന്ന് അറിയുന്നു.ആലപ്പുഴയിൽ കിടിലൻ സ്ഥാനാർഥി വരുമെന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പു കാലത്ത് അങ്ങനെയല്ലേ നേതാക്കൾ പറയൂ എന്നാണു പലരും കരുതിയത്. ദേശീയ തലത്തിൽ വലിയ ചുമതലകളുള്ള വേണുഗോപാൽ മത്സരിക്കാൻ സാധ്യത കുറവാണെന്നാണ് അവരിൽ പലരും പറഞ്ഞിരുന്നത്

.വേണുഗോപാൽ വന്നാൽ കോൺഗ്രസ് പ്രവർത്തകരിൽ അതുണ്ടാക്കുന്ന ആവേശം നേതാക്കളെ സന്തോഷിപ്പിക്കുന്നുണ്ട്. സ്ഥാനാർഥി വേണുഗോപാലാണെങ്കിൽ‍ കോൺഗ്രസിന്റെ ആത്മവിശ്വാസം ഏറെ വർധിക്കും. ദേശീയ നേതാവ് എന്ന പ്രതിഛായയും മുൻപ് എംപിയായിരുന്നപ്പോഴുള്ള പ്രവർത്തനങ്ങളുമാണ് അതിനു കാരണങ്ങളായി നേതാക്കൾ പറയുന്നത്. വേണുഗോപാൽ വന്നാൽ ഗ്രൂപ്പിസം പോലുള്ള പലതും ഇല്ലാതാകുമെന്നും പ്രവർത്തകരും നേതാക്കളും ഒറ്റക്കെട്ടാകുമെന്നുമാണ് പൊതുഅഭിപ്രായം.പാർട്ടി അനുവദിച്ചാൽ ആലപ്പുഴയിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്നു വേണുഗോപാൽ നേരത്തെ തന്നെ അടുപ്പമുള്ളവരോടു പറഞ്ഞിരുന്നു. പക്ഷേ, പല ഘടകങ്ങളും നോക്കിയേ തന്റെ സ്ഥാനാർഥിത്വം ഉറപ്പിക്കാൻ പാർട്ടിക്കു കഴിയൂ എന്നു കൂടി അദ്ദേഹം പറഞ്ഞിരുന്നു.

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായതിനാൽ രാജ്യത്തെ മുഴുവൻ പാർട്ടിയുടെയും ഇന്ത്യ മുന്നണിയുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത് വേണുഗോപാലാണ്. സംസ്ഥാനത്തെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിയും മുന്നണിയും നോക്കുന്ന സമുദായ സമവാക്യം മറ്റൊന്ന്.‌വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുമെങ്കിൽ അതനുസരിച്ചു പല ക്രമീകരണങ്ങളും തിരഞ്ഞെടുപ്പ് ഏകോപനത്തിലും സ്ഥാനാർഥി നിർണയത്തിലുമൊക്കെ പാർട്ടി നടത്തേണ്ടിവരും എന്നാണ് ഇതിനർഥം. പക്ഷേ, അതിനപ്പുറം മറ്റു കാര്യങ്ങളും ചിന്തിക്കണമെന്ന് അഭിപ്രായമുള്ള നേതാക്കളുണ്ട്.കഴിഞ്ഞ തവണ സംസ്ഥാനത്തു നഷ്ടപ്പെട്ട ഏക സീറ്റ് വീണ്ടെടുക്കുകയെന്ന പരിഗണന വരുമ്പോൾ അതിന് ഏറ്റവും യോജിച്ച സ്ഥാനാർഥിയെ തീരുമാനിക്കുക എന്നതാണ് അതിൽ പ്രധാനം. അതു മനസ്സിൽ വച്ചു മറ്റു നീക്കുപോക്കുകൾ നടത്തണമെന്ന അഭിപ്രായമുള്ള നേതാക്കൾ ഏറെയുണ്ട്.

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ സമരാഗ്നി പരിപാടി ഉദ്ഘാടനം ചെയ്ത കെ.സി.വേണുഗോപാൽ സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷമായി ചിലതു പറഞ്ഞിരുന്നു. ആലപ്പുഴയിൽ പ്രത്യേകം പ്രസക്തമായ വിഷയമായി കണ്ടായിരുന്നു ആ വാക്കുകളെന്നാണു സൂചന. മുഖ്യമന്ത്രിമാർ എന്ന നിലയിൽ പിണറായി വിജയനെയും വി.എസ്.അച്യുതാനന്ദനെയും താരതമ്യം ചെയ്തായിരുന്നു അത്. ആലപ്പുഴയിൽ കൂടുതൽ പ്രസക്തമായ വിഷയമാണ് അതെന്നു യുഡിഎഫ് നേതാക്കൾ വ്യാഖ്യാനിക്കുന്നുണ്ട്.പിണറായിയെയും വിഎസിനെയും താരതമ്യം ചെയ്തു സിപിഎമ്മി‍ൽ ഇപ്പോൾ ഒരു ഹിതപരിശോധന നടത്തിയാൽ ഈ സർക്കാർ എത്രമാത്രം ജനവിരുദ്ധമാണെന്നു വ്യക്തമാകും എന്നായിരുന്നു വേണുഗോപാൽ പറഞ്ഞതിന്റെ സാരം. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ യുഡിഎഫ് അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിച്ചിട്ടില്ലെന്നു കൂടി വേണുഗോപാൽ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com