എടത്വ– ചമ്പക്കുളം– ആലപ്പുഴ കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു

Mail This Article
എടത്വ ∙ വിദ്യാർഥികളുടെയും നാട്ടുകാരുടെയും നിവേദനങ്ങൾ ഫലം കണ്ടു. രണ്ടു വർഷത്തിലേറെയായി നിർത്തിവച്ചിരിക്കുന്ന എടത്വ–തായങ്കരി– കണ്ടങ്കരി–ചമ്പക്കുളം വഴി ആലപ്പുഴയ്ക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിച്ചു.എല്ലാ ദിവസവും രാവിലെ 7 ന് എടത്വയിൽ നിന്നും ആരംഭിച്ച് കണ്ടങ്കരി ചമ്പക്കുളം വഴി ആലപ്പുഴയിലെത്തും. തിരികെ 8.30 ന് പുറപ്പെട്ട് എടത്വയിലെത്തും. വൈകിട്ട് 4.10 ന് എടത്വയിൽ നിന്നും പുറപ്പെട്ട് 5.30 ന് ആലപ്പുഴയിൽ എത്തി തിരികെ എടത്വയിൽ എത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ഒട്ടേറെ സ്കൂളുകൾ പ്രവർത്തിക്കുന്ന പ്രദേശത്ത് ആകെ രാവിലെയും വൈകിട്ടും സർവീസ് നടത്തിയിരുന്നത് ഒരു ബസ് മാത്രമായിരുന്നു. റോഡിന്റെ തകർച്ചയെ തുടർന്ന് രണ്ടു വർഷത്തിലേറെയായി അത് നിർത്തി വച്ചിരിക്കുകയാണ്. മാസങ്ങൾക്കു മുൻപ് റോഡ് പുനർ നിർമിച്ചെങ്കിലും വീതി കുറവാണെന്ന പേരിൽ സർവീസ് പുനരാരംഭിക്കാൻ കെഎസ്ആർടിസി തയാറായില്ല.ബസ് സർവീസ് ആരംഭിക്കണം എന്നാവശ്യപ്പെട്ട് കണ്ടങ്കരി ദേവി വിലാസം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളും, നിരവധി സംഘടനകളും, നാട്ടുകാരും മന്ത്രി കെ.ബി. ഗണേശ് കുമാറിന് നിവേദനം നൽകിയിരുന്നു ഇതേ തുടർന്നാണ് സർവീസ് പുനരാരംഭിച്ചത്.