ജീവനൊടുക്കിയ കർഷകരുടെ കുടുംബങ്ങൾ മുഖ്യമന്ത്രിയുടെ മുഖാമുഖത്തിനു പുറത്ത്
Mail This Article
അമ്പലപ്പുഴ∙ സംഭരിച്ച നെല്ലിന്റെ വില കിട്ടാത്തതിനാലും ബാങ്ക് വായ്പ വൈകിയതു മൂലവും ആത്മഹത്യ ചെയ്ത 2 കർഷകരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ ക്ഷണമില്ല.വണ്ടാനം നീലുകാട് ചിറയിൽ കെ.ആർ.രാജപ്പൻ സെപ്റ്റംബർ 17ന് വിഷം ഉള്ളിൽ ചെന്നാണ് മരിച്ചത്. നെൽവില കിട്ടാൻ വൈകിയതിനെ തുടർന്നാണ് രാജപ്പൻ ജീവനൊടുക്കിയത്. പിന്നാലെ ഡിസംബർ 21ന്, രാജപ്പന്റെ മകൻ അർബുദ രോഗബാധിതനായ ആർ. പ്രകാശനും മരിച്ചു.സപ്ലൈകോയ്ക്ക് നെല്ലു കൊടുത്ത ഇനത്തിൽ രാജപ്പനും പ്രകാശിനും നെല്ലിന്റെ വില കിട്ടാനുണ്ടായിരുന്നു.
മകന്റെ ചികിത്സയ്ക്ക് പണമില്ലാതെ വന്നതും, കൊടുത്ത നെല്ലിന്റെ വില വൈകിയതും രാജപ്പനെ ആശങ്കയിലാക്കിയിരുന്നു.പ്രകാശനെ ആശുപത്രിയിൽ പോയി കണ്ടശേഷം തിരികെ വന്നാണ് രാജപ്പൻ ജീവനൊടുക്കിയത്. രാജപ്പനും പ്രകാശനും കൊടുക്കാനുള്ള തുക രാജപ്പന്റെ മരണശേഷം ബാങ്കുകൾ പിആർഎസ് വായ്പ വഴി കൈമാറി.പ്രകാശന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. മന്ത്രി പി. പ്രസാദ് രാജപ്പന്റെ വീട്ടിൽ എത്തിയെങ്കിലും സർക്കാർ സഹായം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. കെപിസിസിയും , ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ചേർന്ന് രാജപ്പന്റെ കുടുംബത്തിന് 4.50 ലക്ഷം രൂപ നൽകി.ബാങ്ക് വായ്പ നിഷേധിക്കപ്പെട്ട് കൃഷിയിറക്കാനാകാതെ മനോവിഷമത്തിൽ കഴിഞ്ഞ തകഴി കുന്നുമ്മ കാട്ടിൽപറമ്പിൽ കെ.ജി.പ്രസാദ്(55) കഴിഞ്ഞ നവംബർ11ന് വിഷം ഉള്ളിൽ ചെന്നാണ് മരിച്ചത്.
പ്രസാദിന്റെ ഭാര്യ കെ.കെ.ഓമന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷനിൽ നിന്ന് സ്വയം തൊഴിലിനായി എടുത്ത വായ്പയ്ക്ക് തവണ കുടിശിക വരുത്തിയതിനെ തുടർന്ന് ജപ്തി നോട്ടീസ് കിട്ടി. 60,000 രൂപയാണ് വായ്പ എടുത്തത്. 22000 രൂപ അടച്ചു.കുടിശികയായ 17600 രൂപ 5 ദിവസത്തിനുള്ളിൽ അടയ്ക്കണമെന്നാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് മന്ത്രി കെ.രാധാകൃഷ്ണൻ ഇടപെട്ട് നോട്ടിസ് മരവിപ്പിച്ചു.മുംബൈ മലയാളിയും നടൻ സുരേഷ്ഗോപിയും ചേർന്ന് നൽകിയ തുക കോർപറേഷനിൽ അടയ്ക്കാൻ ചെന്നപ്പോൾ ഉദ്യോഗസ്ഥർ തുക സ്വീകരിച്ചില്ല. തുടർന്ന് കോർപറേഷൻ തുക എഴുതി തള്ളി. പിന്നീട് വീടിന്റെ ആധാരം ഉദ്യോഗസ്ഥർ വീട്ടിൽ എത്തിച്ചു.