ദേശീയപാത വികസനം: നങ്ങ്യാർകുളങ്ങരയിലെ ഫ്ലാറ്റ് പൊളിക്കാൻ നിയമോപദേശം തേടി
Mail This Article
ആലപ്പുഴ ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു നങ്ങ്യാർകുളങ്ങരയിലെ ഫ്ലാറ്റ് സമുച്ചയം ഭാഗികമായി പൊളിക്കുന്നതിൽ ജില്ലാ ഭൂമിയേറ്റെടുക്കൽ വിഭാഗം അഡ്വക്കറ്റ് ജനറൽ ഓഫിസിന്റെ നിയമോപദേശം തേടി.ഫ്ലാറ്റ് മുഴുവനായും നഷ്ടപരിഹാരം നൽകി ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഫ്ലാറ്റിലെ താമസക്കാർ നൽകിയ ഹർജിയെ തുടർന്നു ഫ്ലാറ്റ് പൊളിക്കുന്നതിനു ഹൈക്കോടതി സ്റ്റേ അനുവദിച്ചെങ്കിലും സ്റ്റേ കാലാവധി കഴിഞ്ഞു. ഇതോടെയാണു നഷ്ടപരിഹാരം നൽകി കെട്ടിടം ഏറ്റെടുത്തു പൊളിച്ചു നീക്കാൻ ഭൂമിയേറ്റെടുക്കൽ വിഭാഗം നടപടി തുടങ്ങിയത്.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാൽ ഫ്ലാറ്റ് പൊളിക്കുന്നതു കോടതിയലക്ഷ്യമാകുമോ എന്നാണു പ്രധാനമായും പരിശോധിക്കുന്നത്. രണ്ടു ബ്ലോക്കുകളുള്ള ഫ്ലാറ്റിൽ റോഡിനോടു ചേർന്നുള്ള ഒരു ബ്ലോക്കാണു പൊളിച്ചു നീക്കേണ്ടത്. പൊതുമരാമത്ത് എൻജിനീയറിങ് വിഭാഗം നടത്തിയ പഠനത്തിൽ, ഒരു ബ്ലോക്ക് പൊളിച്ചാലും ബാക്കിയുള്ള ഭാഗത്തിനു കേടുണ്ടാകില്ലെന്നാണു കണ്ടെത്തിയത്. നങ്ങ്യാർകുളങ്ങര ജംക്‌ഷനിൽ മേൽപാലം നിർമാണത്തിനായി തൂണുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഫ്ലാറ്റ് ഭാഗികമായി പൊളിച്ചു നീക്കിയാൽ മാത്രമേ മേൽപാലം നിർമാണം പൂർത്തിയാക്കാനാകൂ.
ദേശീയപാത അതോറിറ്റിയും ഹൈക്കോടതിയിലെ കേസ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങളിലാണ്. ഫ്ലാറ്റ് സമുച്ചയത്തിന്റെ മൂല്യനിർണയം പൂർത്തിയായി. പൊളിച്ചു നീക്കുന്ന ഫ്ലാറ്റ് ഭാഗത്തെ താമസക്കാർക്കാകും നിർമിതികൾക്കുള്ള നഷ്ടപരിഹാരം ലഭിക്കുക. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരം ഫ്ലാറ്റിലെ എല്ലാ താമസക്കാർക്കും ലഭിക്കും. നങ്ങ്യാർകുളങ്ങര ജംക്‌ഷനിൽ 35 മീറ്റർ നീളമുള്ള സ്പാനുകളോടു കൂടിയ മേൽപാലമാണു നിർമിക്കുന്നത്. ഫ്ലാറ്റിന് ഇരുവശത്തും വരെ റോഡിനായി സ്ഥലമേറ്റെടുക്കൽ പൂർത്തിയായിട്ടുണ്ട്.