നെല്ല് സംഭരണം സഹകരണ സംഘങ്ങൾ വഴി തന്നെ: കർഷകരുമായി മുഖാമുഖത്തിൽ മുഖ്യന്ത്രി
Mail This Article
ആലപ്പുഴ∙ നെല്ലുസംഭരണം സഹകരണ സ്ഥാപനങ്ങൾ വഴി തന്നെ നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ സീസണിൽ പാലക്കാട്ട് സഹകരണ സംഘങ്ങൾ മുഖേന നെല്ലു സംഭരിക്കാനായിരുന്നു ആലോചിച്ചത്. എന്നാൽ തൽക്കാലം പരിഹരിക്കാൻ പറ്റാത്ത ചില പ്രശ്നങ്ങൾ ഉയർന്നുവന്നതോടെ നടപ്പാക്കാൻ പറ്റാത്ത സ്ഥിതി വന്നു. എന്നാൽ പൂർണമായും മാറ്റിവച്ചതല്ലെന്നും ഈ പ്രശ്നങ്ങൾ കഴിയുന്ന മുറയ്ക്ക് സഹകരണ മേഖലയെത്തന്നെ നെല്ലു സംഭരണത്തിനായി ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കൃഷി മേഖലയിൽ സഹകരണ മേഖലയുടെ ഇടപെടൽ ശക്തമാക്കും.
സംഭരണത്തിനു പുറമേ കൃഷി മേഖലയിലെ അടിസ്ഥാന സൗകര്യവികസനം, മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം, ശീതീകരണ ശാലകളുടെ നിർമാണം എന്നിവയ്ക്കു സഹകരണ സ്ഥാപനങ്ങൾക്ക് സഹായിക്കാനാകും.അടുത്ത 25 വർഷംകൊണ്ട് കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങളുടെ നിലയിലേക്ക് ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി കൃഷിമേഖലയിൽ ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കും. കർഷകരുടെ വരുമാനം 50% വർധിപ്പിക്കുകയാണു ലക്ഷ്യം. ഇതിനായി പുതിയ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തും. കൃഷി മേഖല അന്തസ്സുറ്റതായി സമൂഹം കാണണം.
കൃഷിയെ മുഖ്യതൊഴിലായി ആശ്രയിക്കുന്ന സ്ഥിതിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.കൃഷിക്ക് ഈ സർക്കാർ നൽകിവരുന്ന പ്രാധാന്യം എത്രയെന്ന് ഇത്തവണത്തെ ബജറ്റ് പരിശോധിച്ചാൽ വ്യക്തമാകും. സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരാൻ തുടങ്ങിയ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി 23,245 കൃഷിക്കൂട്ടങ്ങൾ തുടങ്ങി. കൃഷിക്കൂട്ടങ്ങളുടെ രൂപീകരണത്തോടെ മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ കാർഷികമേഖലയിൽ സൃഷ്ടിച്ചു.നൂതന കാർഷിക സാങ്കേതികവിദ്യകളായ പോളിഹൗസുകൾ, മഴമറകൾ, അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് എന്നിവയിൽ താൽപര്യമുള്ള ധാരാളം യുവാക്കൾ നമ്മുടെ നാട്ടിലുണ്ട്.
അവരെ ഈ രംഗത്ത് പിടിച്ചുനിർത്താനും പ്രോത്സാഹനം നൽകാനുമുള്ള പദ്ധതികളും സർക്കാർ നടപ്പാക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി പി.പ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, ജെ. ചിഞ്ചുറാണി, എ.എം. ആരിഫ് എം.പി., എംഎൽഎമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ്, എം.എസ്. അരുൺകുമാർ, ദലീമ ജോജോ, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി. അശോക്, ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കൃഷി വകുപ്പ് ഡയറക്ടർ എസ്. സാംബശിവറാവു, കലക്ടർ ജോൺ വി. സാമുവൽ എന്നിവർ പ്രസംഗിച്ചു.
വിത്ത് സംരക്ഷകൻ ബേലേരി സത്യനാരായണ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർ ഡോ. മധുര സ്വാമിനാഥൻ, കർഷകരായ കെ.എ. റോയി മോൻ, എം. ശ്രീവിദ്യ, പി. ഭുവനേശ്വരി, എസ്.പി. സുജിത്ത്, ജെ. ജ്ഞാനശരവണൻ, ജോസ് ജോൺ,എസ്.വി. സുജിത്ത്, ബൈജു നമ്പിക്കൊല്ലി, ടി. പുരുഷോത്തമൻ, രശ്മി മാത്യു, അഗ്രി സ്റ്റാർട്ടപ് സംരംഭകൻ ദേവൻ ചന്ദ്രശേഖരൻ, മൃഗസംരക്ഷണ വിദഗ്ധൻ ഡോ. ആർ. വേണുഗോപാൽ, മത്സ്യമേഖലാ വിദഗ്ധൻ ഡോ.കെ.കെ. വിജയൻ, കൃഷി വിദഗ്ധൻ ജോർജ് അലക്സാണ്ടർ,ഡോ.സി. ഭാസ്‌കരൻ, ഡോ.എ. സജീദ് തുടങ്ങിയവർ സംവാദത്തിനു നേതൃത്വം നൽകി. ഡോ. ശ്രീവത്സൻ ജെ. മേനോൻ മോഡറേറ്ററായിരുന്നു.