ADVERTISEMENT

ചേർത്തല ∙ എൻഡിഎയിൽ ബിഡിജെഎസിന്റെ സീറ്റുകളിൽ സ്ഥാനാർഥികളെ ഞായറാഴ്ച പ്രഖ്യാപിച്ചേക്കും. ഇതിന്റെ ഭാഗമായി സംസ്ഥാന സമിതിയോഗം ചേർത്തലയിൽ ചേരുന്നുണ്ട്. നാലു സീറ്റുകളാണ് ബിഡിജെഎസ് മത്സരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കോട്ടയത്തു മത്സരിക്കാനാണ് സാധ്യത. മാവേലിക്കരയിലും ഇടുക്കിയിലും ബിജെപിക്കുകൂടി സമ്മതരായ സ്വതന്ത്രരെ മത്സരിപ്പിക്കാനാണ് നീക്കം. മാവേലിക്കരയിൽ കെപിഎംഎസിന്റെ മുൻ നേതാവിനെ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്.

ഇതിനൊപ്പം കോൺഗ്രസ് വിട്ട കെപിഎംഎസ് നേതാവിനെയും പരിഗണിക്കുന്നുണ്ട്. ഇടുക്കിയിൽ പാർട്ടി നേതാക്കളായ സിനിൽ മുണ്ടപ്പള്ളി, കെ.പത്മകുമാർ എന്നിവരെയും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച വയനാടിനു പകരം എറണാകുളമോ, ചാലക്കുടിയോ ചോദിച്ചേക്കും. ചാലക്കുടിയാണെങ്കിൽ റബർ ബോർഡ് വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ ചാലക്കുടിയെയാണ് പരിഗണിക്കുന്നത്. എറണാകുളത്താണെങ്കിൽ വടക്കൻ പറവൂരിൽ നിന്നുള്ള ബിഡിജെഎസ് വനിതാ വിഭാഗം നേതാവ് ഇ.എസ്.ഷീബയെയാണ് പരിഗണിക്കുന്നത്. നിലവിൽ ഡൽഹിയിലുള്ള തുഷാർ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുന്നുണ്ട്.

ആരിഫിന് ഇന്ന് കുടുംബയോഗങ്ങൾ
എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ് ഇന്ന് വിവിധ കേന്ദ്രങ്ങളിലെ കുടുംബയോഗങ്ങളിൽ പങ്കെടുക്കും ഓച്ചിറ, ആലുംപീടിക, വള്ളിക്കാവ്, വാഴക്കൂട്ടത്തിൽ കടവ്, കാക്കാത്തുരുത്ത്, പാവുമ്പാസ മണപ്പള്ളി എന്നിവിടങ്ങളിലാണു കുടുംബയോഗങ്ങൾ. വൈകിട്ട് 3ന് കരുനാഗപ്പള്ളിയിൽ റോഡ് ഷോ നടത്തും.

ശോഭ സുരേന്ദ്രന് ഇന്നു സ്വീകരണം
ആലപ്പുഴ∙ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന് നാളെ മണ്ഡലത്തിൽ സ്വീകരണം. രാവിലെ 11ന് എൻഡിഎ ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലുപാലത്തിനു സമീപമാണ് സ്വീകരണം. ക്വിറ്റ് ഇന്ത്യ സ്മാരകത്തിലെ പുഷ്പാർച്ചനയ്ക്കു ശേഷം റോഡ് ഷോ. കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജീത് ശ്രീനിവാസന്റെ കുടുംബത്തെയും മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സന്ദർശിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com