ADVERTISEMENT

ആലപ്പുഴ∙ ആയിരങ്ങൾ അണിനിരന്ന ലോക്സഭാ മണ്ഡലം കൺവൻഷനോടെ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ഔദ്യോഗിക തുടക്കം. 5 വർഷം ലോക്സഭയിൽ താൻ നടത്തിയ ഇടപെടലുകൾ വിവരിച്ച ആരിഫിന്റെ വാക്കുകൾ പ്രവർത്തകർ കയ്യടിയോടെ സ്വീകരിച്ചു. കൺവൻഷനിൽ തിരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരിച്ചു. കൺവൻഷൻ മുതിർന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു.ജനാധിപത്യ ചർച്ചകൾ ഇല്ലാതാക്കി പാർലമെന്റ് ബിജെപിയുടെ തടവറയാക്കി മാറ്റിയെന്ന്‌ അദ്ദേഹം പറഞ്ഞു.

പാർലമെന്റിൽ നുഴഞ്ഞുകയറി അക്രമം നടത്തിയതിനെ തുടർന്ന് വിഷയത്തിൽ ആഭ്യന്തരമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട്‌ പ്രതിഷേധിച്ച 146 എംപിമാരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ജനാധിപത്യപരമായ ഒരു ചർച്ചകളും അനുവദിക്കില്ലെന്നാണു ബിജെപിയുടെ നിലപാട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങൾ കവർന്ന കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അവകാശങ്ങളും കവരുകയാണ്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ആർഎസ്‌എസിന്റെ തീവ്രഹിന്ദുത്വ നയങ്ങളെ മൃദുഹിന്ദുത്വ നയങ്ങൾ കൊണ്ട് നേരിടാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു.

സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അധ്യക്ഷനായി. മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത, ജി.സുധാകരൻ, എംഎൽഎമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്. സലാം, യു.പ്രതിഭ, തോമസ് കെ.തോമസ്, ദലീമ ജോജോ, സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ, സൂസൻ കോടി, സി.ബി.ചന്ദ്രബാബു, പി.സി.ചാക്കോ, ജോർജ്കുട്ടി ആഗസ്തി, മുജീബ് റഹ്മാൻ, ഉമ്മൻ ആലുംമൂട്ടിൽ, ഐ.ഷിഹാബുദ്ദീൻ, സലീം മാവൂർ എന്നിവർ പ്രസംഗിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി. സത്യനേശൻ പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ സെക്രട്ടറിയുമായി 5001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com