ADVERTISEMENT

ആലപ്പുഴ ∙ പൈപ്പ് ചോർച്ച മൂലമുണ്ടായ കുഴിയിൽ വീണു തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുമാർ (55) മരിച്ച സംഭവത്തിൽ ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർക്കും ഓവർസീയർക്കും എതിരെ അതോറിറ്റി വിജിലൻസ് കമ്മിറ്റിയുടെ നടപടി. ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒരു ജീവനെടുത്ത് 2 വർഷം കഴിഞ്ഞാണിത്. അസിസ്റ്റന്റ് എൻജിനീയർ ബെൻ ബ്രൈറ്റിനെ ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറ്റുകയും ഒരു വർഷത്തെ ഇൻക്രിമെന്റ് തടയുകയും ചെയ്യും. പിഎച്ച് വിഭാഗം ഓവർസീയർ പി.ജെ.ജേക്കബിന്റെ ഒരു വർഷത്തെ ഇൻക്രിമെന്റ് തടയും. രണ്ടുപേർക്കും കാരണം കാണിക്കൽ നോട്ടിസ് നൽകി. ശിക്ഷാ നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ‍ നോട്ടിസ് കിട്ടി 15 ദിവസത്തിനകം വിശദീകരിക്കണമെന്നു ചീഫ് എൻജിനീയർ സജീവ് രത്നാകരൻ നൽകിയ നോട്ടിസിലുണ്ട്. മേജർ പെനൽറ്റി എന്നാണു രണ്ടുപേർക്കും എതിരെയുള്ള നടപടിയെക്കുറിച്ച് നോട്ടിസിൽ പറയുന്നത്.

അമ്പലപ്പുഴ – തിരുവല്ല റോഡിൽ അമ്പലപ്പുഴ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ 2021 ഒക്ടോബർ 27നു രാത്രിയാണു നാടക കലാകാരനായ അജയകുമാർ അപകടത്തിൽ പെട്ടത്. നവംബർ 4ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ അജയകുമാർ മരിച്ചു. അജയകുമാർ മരിച്ച വിവരം കാരണം കാണിക്കൽ നോട്ടിസിൽ പറയുന്നില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് എച്ച്.സലാം എംഎൽഎ ജല അതോറിറ്റി മാനേജിങ് ഡയറക്ടർക്കു 2021 ഒക്ടോബർ 29നു കത്തു നൽകിയിരുന്നു. ജലവിഭവ, ഫിഷറീസ് മന്ത്രിമാർക്കും എംഎൽഎ പരാതി നൽകി. അന്വേഷണം നടത്തിയ ഡപ്യൂട്ടി ചീഫ് എൻജിനീയർ ടി.കെ.സുരേഷ് കുമാർ 2023 ജനുവരി 17നു റിപ്പോർട്ട് നൽകി. 2023 മേയ് 27നാണു വിജിലൻസ് കമ്മിറ്റി തീരുമാനമെടുത്തതെന്നു നോട്ടിസിലുണ്ട്. വിജിലൻസ് കമ്മിറ്റി തീരുമാനമെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും, മന്ത്രി തന്നെ ഇടപെട്ടിട്ടും നടപടിയെടുക്കാത്തതിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. 

ഡപ്യൂട്ടി ചീഫ് എൻജിനീയറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്
∙ അപകടത്തിനു കാരണമായ ചോർച്ചയുണ്ടായ സമയത്തെ ഉദ്യോഗസ്ഥർ തമ്മിൽ ചോർച്ചയെപ്പറ്റി   ചർച്ച ചെയ്തില്ല. ചർച്ച ചെയ്ചെങ്കിൽ ചോർച്ചയുണ്ടായ പൈപ്പ് വിതരണ ശൃംഖലയിലേത് ആകാമെന്ന സാധ്യത മുൻകൂട്ടി അറിയാമായിരുന്നു. ചെറിയ ചോർച്ച പരിഹരിക്കാൻ ഇത്രയും കാലതാമസം ഉണ്ടാകില്ലായിരുന്നു.
∙ ആരോപണവിധേയരായ ഉദ്യോഗസ്ഥർ തമ്മിലുള്ള ഏകോപനത്തിന്റെ കുറവ്, കൂട്ടുത്തരവാദിത്തം ഇല്ലായ്മ, ജാഗ്രതക്കുറവ് എന്നിവ സമയബന്ധിതമായി ചോർച്ച അടയ്ക്കാൻ തടസ്സമായി.

വിജിലൻസ് കമ്മിറ്റിയുടെ കണ്ടെത്തലുകൾ
∙ റോഡിന് ഇരുവശത്തുമായി 10 കിലോമീറ്ററിൽ പുതിയ പൈപ്പിടുകയും ഇന്റർകണക്‌ഷൻ നൽകുകയും പഴയ കണക്‌ഷൻ മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നതിന്റെ മേൽനോട്ടം പി.ജെ.ജേക്കബിനായിരുന്നു. പണി പൂർത്തിയായ ശേഷവും ചോർച്ചയുണ്ടായിരുന്നെന്ന് ഇൻസിഡന്റ് റിപ്പോർട്ടിലുണ്ട്. പഴയ പൈപ്പ് മാറ്റുന്ന പണി പൂർത്തിയാക്കിയില്ലെന്നു വ്യക്തം. ഇക്കാര്യം ഓവർസീയർ മേലധികാരികളെ അറിയിച്ചിരുന്നെങ്കിൽ ചോർച്ച പരിഹരിക്കാൻ കാലതാമസം ഉണ്ടാകില്ലായിരുന്നു.
∙ 800 എംഎം ട്രാൻസ്മിഷൻ മെയിനിലാണു ചോർച്ചയെന്ന നിഗമനത്തിൽ അസിസ്റ്റന്റ് എൻജിനീയർ ബെൻ ബ്രൈറ്റ് അതിനുള്ള സന്നാഹങ്ങൾ തയാറാക്കി. ഈ ലൈനിലെ ചോർച്ച തടയാനുള്ള സന്നാഹങ്ങളോ കാലതാമസമോ വിതരണ പൈപ്പിലെ ചോർച്ച തടയാൻ ആവശ്യമില്ല. ചോർച്ച 800 എംഎം പൈപ്പിലല്ലെന്ന് അസിസ്റ്റന്റ് എൻജിനീയർ മേലധികാരികളെ അറിയിച്ചിരുന്നെങ്കിൽ ചോർച്ച തടയുന്നതിലെ കാലതാമസം കുറയ്ക്കാമായിരുന്നു.
∙ ഇത്തരം ജോലികൾ സംബന്ധിച്ചു ടെക്നിക്കൽ അംഗത്തിന്റെ സർക്കുലർ നടപ്പാക്കുന്നതിൽ അസിസ്റ്റന്റ് എൻജിനീയർ വീഴ്ച വരുത്തി.

ഒരു വർഷത്തോളം മൂടാതെ ആ കുഴി
പൈപ്പ് ചോർച്ചയുണ്ടായി ഒരു വർഷത്തോളം മൂടാതെ കിടന്ന കുഴിയിലാണ് അജയകുമാർ വീണത്. അപകടമുണ്ടായിട്ടും കുഴി മൂടിയില്ല. അജയകുമാർ മരിച്ച ദിവസം മാത്രമാണു മൂടിയത്. വീഴ്ചയിൽ അജയകുമാറിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. അജയകുമാർ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് അപകടം. അജയകുമാറിന്റെ കുടുംബത്തിന് ഒരു നഷ്ടപരിഹാരവും കിട്ടിയിട്ടില്ല. നാട്ടുകാർ വാങ്ങി നൽകിയ സ്ഥലത്തു റിബിൽഡ് കേരള പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും പണി പൂർത്തിയായില്ല. അജയകുമാറിന്റെ ഭാര്യ പ്രതിഭയും മകളും മാത്രമാണു വീട്ടിലുള്ളത്. അജയകുമാർ മരിക്കുന്നതിന് ഒന്നര വർഷം മുൻപ് മകൻ സിദ്ധാർഥ് മരിച്ചിരുന്നു.

''അധികൃതരുടെ അനാസ്ഥകൊണ്ടു മാത്രമാണ് എന്റെ ഭർത്താവ് മരിച്ചത്.  എന്റെ കുടുംബം അനാഥമായി. സർക്കാർ മറ്റു സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകാറുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒരു രൂപ പോലും നൽകിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ഇൻക്രിമെന്റ് തടഞ്ഞതുകൊണ്ടോ സ്ഥലംമാറ്റിയതുകൊണ്ടോ അവർ ചെയ്തതു തെറ്റല്ലാതാകുന്നില്ല. ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥർക്കു തക്ക ശിക്ഷ കൊടുത്താലേ ഇനിയും ഇങ്ങനെ ജീവനുകൾ നഷ്ടപ്പെടാതിരിക്കൂ''.

''സംസ്ഥാന പാതയിൽ ജലഅതോറിറ്റി പൈപ്പ് ചോർന്നുണ്ടായ കുഴിയിൽ വീണ് അജയകുമാർ മരിച്ചത് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച കാരണമാണ്. മേലിൽ ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിൽ അലംഭാവം കാണിക്കരുത്. ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ജല അതോറിറ്റിയും ഉദ്യോഗസ്ഥരും ശ്രദ്ധിക്കണം ''.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com