ADVERTISEMENT

എടത്വ ∙ കടുത്ത ചൂടിൽ വാടിക്കരിഞ്ഞ് പച്ചക്കറിക്കൃഷി. ഉൽപാദനക്കുറവ് കാരണം 3 കോടിയോളം രൂപയുടെ വിള നഷ്ടം ഉണ്ടാകാൻ സാധ്യതയെന്ന് വിഎഫ്പിസികെ ജില്ലാ കേന്ദ്രം കണക്കാക്കുന്നു. കടുത്ത ചൂടിൽ പാവൽ, പയർ, പടവലം തുടങ്ങി പന്തലിൽ പടർന്നു പിടിക്കുന്ന എല്ലാ പച്ചക്കറികളും വിളവെത്തുന്നതിനു മുൻപ് കരിയുകയാണ്. ചൂട് ഏത്തവാഴ കർഷകരെയും കാര്യമായി ബാധിച്ചു. ഏറ്റവും കൂടുതൽ വിളവ് ലഭിക്കുന്ന മാസങ്ങളാണ് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവ്. ഉൽപാദനം പകുതിയിൽ താഴെ ആയിരിക്കുകയാണെന്നാണ് വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിൽ ഓഫ് കേരള (വിഎഫ്പിസികെ) അധികൃതർ പറയുന്നത്.

കഴിഞ്ഞ സീസണിൽ 8 കോടിയോളം രൂപയുടെ ലേലം നടന്നിരുന്നു. ഇക്കുറി ഇതുവരെ 6.5 കോടി രൂപയുടെ വിപണനം പോലും നടന്നിട്ടില്ല.കഴിഞ്ഞ സീസണിൽ 3000 ടൺ പച്ചക്കറികൾ എത്തിയ സ്ഥാനത്ത് 2200 ടൺ പച്ചക്കറികൾ മാത്രമാണ് വിപണിയിൽ എത്തിയിട്ടുള്ളത്. ജില്ലയിൽ പ്രവർത്തിക്കുന്ന നൂറനാട്, താമരക്കുളം, വള്ളിക്കുന്നം, തഴക്കര, വെൺമണി, ചെറിയനാട് ആല, പാണ്ടനാട്, ചെന്നിത്തല, ചേർത്തല, എടത്വ, പാണാവള്ളി, രാമങ്കരി തുടങ്ങി 12 വിപണികളിലെയും കണക്കാണിത്.വരൾച്ചയെ തുടർന്ന് ഏകദേശം 75 ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. വള്ളിക്കുന്നം, താമരക്കുളം, നൂറനാട്, വെൺമണി തുടങ്ങിയ സ്ഥലങ്ങളിൽ കൃഷി കരിഞ്ഞുണങ്ങിയതായി വിഎഫ്പിസികെ ജില്ലാ മാനേജർ എസ്.സിന്ധു പറഞ്ഞു.

മാമ്പ്ര പാടത്ത് ഏത്തവാഴ കൃഷിയും നശിച്ചിട്ടുണ്ട്.കഴിഞ്ഞ സീസണിൽ ഒരേക്കർ പയർ തോട്ടത്തിൽ നിന്നും ഒന്നിടവിട്ട ദിവസം 120 കിലോ വരെ പയർ ലഭിച്ചിരുന്ന സ്ഥാനത്ത് 25–30 കിലോ മാത്രമാണ് ലഭിക്കുന്നത്.ഇതേ അവസ്ഥയാണ് മറ്റ് പച്ചക്കറികൾക്കും. 12 വിപണികളിലും കൂടി 5000ൽ പരം റജിസ്റ്റേഡ് കർഷകരാണ് ഉള്ളത്. ഇതു കൂടാതെ റജിസ്റ്റർ ചെയ്യാതെ വിപണിയിൽ ലേലത്തിൽ പങ്കെടുക്കുന്ന 2000ൽ പരം കർഷകരും ഉണ്ട്. ഓരോ കർഷകനും പതിനായിരക്കണക്കിനു രൂപയുടെ ഉൽപാദന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഉൽപാദനം കുറയുമ്പോൾ ചെലവ് ഇരട്ടിയാകുകയാണെന്ന് കർഷകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com