ADVERTISEMENT

ആലപ്പുഴ ∙ വൈദ്യുതി ബോർഡിലെ സിഐടിയു യൂണിയനിൽപെട്ട ജീവനക്കാർ കൂട്ട അവധിയെടുത്ത് തൊഴിലാളി സംഗമത്തിനു പോയതു ചോദ്യം ചെയ്ത അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് മർദനമേറ്റു. എസ്എൽ പുരത്തെ സബ് ഡിവിഷൻ ഓഫിസിൽ ഇന്നലെ വൈകിട്ട് മൂന്നോടെയാണു സംഭവം. പരുക്കേറ്റ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.രാജേഷ് മോനെ (48) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചേർത്തലയിൽ നടന്ന കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുക്കാൻ കലവൂർ സെക്‌ഷൻ ഓഫിസിലെ 17 ജീവനക്കാർ അവധി ചോദിച്ചിരുന്നെന്നു പറയുന്നു. എന്നാൽ, പരീക്ഷക്കാലമായതിനാൽ കൂട്ടമായി അവധിയെടുക്കുന്നതു ശരിയല്ലെന്നും നാലുപേരെങ്കിലും ജോലി ചെയ്തിട്ടു ബാക്കിയുള്ളവർ പോയാൽ മതിയെന്നും രാജേഷ് മോൻ നിർദേശിച്ചതാണു തർക്കത്തിനു കാരണമായത്. 

പരിപാടിക്കു ശേഷം എസ്എൽ പുരത്തെ ഓഫിസിലെത്തിയ സംഘടനാ ഭാരവാഹികളും രാജേഷ് മോനുമായി തർക്കവും തുടർന്നു സംഘർഷവുമുണ്ടായി. വിവരമറിഞ്ഞ് മാരാരിക്കുളം പൊലീസും എത്തി.അതേസമയം, അവധിക്കായി മുൻകൂട്ടി നോട്ടിസ് നൽകിയിട്ടും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അനുവദിക്കാതെ ഭീഷണിപ്പെടുത്തിയെന്നാണു സംഘടനാ നേതാക്കൾ ആരോപിക്കുന്നത്. ഇക്കാര്യം സംസാരിക്കാൻ സംഘടനാ നേതാക്കൾ എത്തിയപ്പോൾ അവരോടു രാജേഷ് മോൻ മോശമായി സംസാരിച്ചെന്നും തള്ളിവീഴ്ത്തിയെന്നും അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി സഞ്ജയ് നാഥ് ആരോപിച്ചു.

സംഘർഷത്തിൽ പരുക്കേറ്റ സംഘടന നേതാക്കളായ കെ.കെ.ചന്ദ്രൻ, കെ.ആർ.ഷീജ എന്നിവർ ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണെന്നും പറഞ്ഞു. മാരാരിക്കുളം പൊലീസിൽ പരാതി നൽകി.തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ നാളെ രാവിലെ 9ന് എസ്എൽ പുരം വൈദ്യുതി ഓഫിസിലേക്കു പ്രകടനം നടത്തുമെന്ന്  അസോസിയേഷൻ ഭാരവാഹികൾ  അറിയിച്ചു.സംഭവത്തിൽ ഇരുകൂട്ടരുടെയും മൊഴിയെടുത്തെന്നും കേസ് റജിസ്റ്റർ ചെയ്യുമെന്നും മാരാരിക്കുളം എസ്എച്ച്ഒ ടി.പ്രീത് പറഞ്ഞു.

മർദനമേറ്റ കെഎസ്ഇബി എൻജിനീയർ പറയുന്നു‘‘അവരെന്നെ കൊല്ലാൻ ശ്രമിച്ചു’’
ആലപ്പുഴ ∙ ‘ഞാൻ ഈ പാ‍ർട്ടിയിലും സംഘടനയിലും അംഗമായിരുന്നു. ഇപ്പോഴും മാറ്റമില്ല. പക്ഷേ, ഇതാണോ തൊഴിലാളി സംഘടന? അവരെന്നെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു’ – മർദനമേറ്റു ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ കെ.രാജേഷ് മോന്റെ വാക്കുകൾ.രാജേഷ് മോന്റെ തലയ്ക്കു പിന്നിലും ചുണ്ടിലും നെഞ്ചിലും മർദനമേറ്റിട്ടുണ്ട്. സംഘർഷത്തിനിടയിൽ വസ്ത്രങ്ങൾ കീറി.സംഭവത്തെപ്പറ്റി രാജേഷ് മോൻ പറഞ്ഞത്:

‘‘ചേർത്തലയിൽ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്റെ പ്രചാരണത്തിന്റെ ഭാഗമായ കുടുംബസംഗമത്തിൽ പങ്കെടുക്കാൻ കലവൂർ സെക്‌ഷനിൽനിന്നു സബ് എൻജിനീയർ ഉൾപ്പെടെ 17 പേർ പങ്കെടുക്കാൻ നോട്ടിസ് കൊടുത്തു.അനുമതി നൽകാൻ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർക്കു കഴിയാത്തതിനാൽ ഡിവിഷൻ ഓഫിസിൽ ചോദിച്ചു. പരീക്ഷകളുടെയും ഉത്സവങ്ങളുടെയും സമയമായതിനാൽ കൂട്ടത്തോടെ പോകരുതെന്നും കുറച്ചുപേർ വീതം പോകാനും സമ്മതിച്ചു. ഡിവിഷന്റെ കീഴിലുള്ള പാതിരപ്പള്ളി, മുഹമ്മ, എസ്എൽ പുരം സെക്‌ഷനുകളിൽ ഇങ്ങനെയാണു ചെയ്തതെന്നും പറഞ്ഞു.പക്ഷേ, ഇന്നലെ വൈകിട്ടു മൂന്നോടെ രഘുനാഥ്, സജ്ഞയ്നാഥ്, ചന്ദ്രൻ, ഷിബുമോൻ തുടങ്ങിയവർ ഓഫിസിലെത്തി. കൂട്ടമായി പോകാൻ അനുമതി നിഷേധിച്ചെന്നു പറഞ്ഞ് അവർ ദേഷ്യപ്പെടുകയും ആക്രമിക്കുകയുമായിരുന്നു.’’

English Summary:

Is this a labor organization? 'They were trying to kill me'; KSEB engineer assaulted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com