ADVERTISEMENT

മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ബിജെപിയുടെ വോട്ടുവിഹിതം കുത്തനെ ഉയർത്തിയ ചരിത്രവുമായാണു സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ആലപ്പുഴ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായി എത്തുന്നത്. ഒൻ‍പതാം തിരഞ്ഞെടുപ്പിനിറങ്ങുന്ന ശോഭ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു. 

∙ യുഡിഎഫും എൽഡിഎഫും മാറി മാറി ജയിക്കുന്ന മണ്ഡലത്തിൽ എൻഡിഎയുടെ സാധ്യതയെന്താണ്? 

ഇരുമുന്നണികളും തങ്ങളെ മാറി മാറി പറ്റിക്കുകയായിരുന്നുവെന്ന് ആലപ്പുഴയിലെ ജനങ്ങൾക്കു മനസ്സിലായിട്ടുണ്ട്. ഇവിടത്തെ വ്യവസായമേഖല തകർന്നു. യുവാക്കൾക്കു തൊഴിലില്ല. ആകെ നടക്കുന്നതു കരിമണൽ കച്ചവടം മാത്രമാണ്. പൊതുമേഖലയ്ക്കു പകരം സ്വകാര്യ കരിമണൽ കച്ചവടക്കാരെയാണു സർക്കാർ സംരക്ഷിക്കുന്നത്. കരിമണൽ കർത്തയുടെ പണം വാങ്ങുന്ന കാര്യത്തിൽ ഇടതുപക്ഷവും വലതുപക്ഷവും ഒപ്പത്തിനൊപ്പമാണ്. നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെത്തി കേരളത്തിനായി പ്രഖ്യാപിച്ച ഗാരന്റികൾ മനസ്സിലാക്കിയ ആലപ്പുഴക്കാർ ഇത്തവണ എൻഡിഎയ്ക്കൊപ്പം നിൽക്കും.  

∙ തിരഞ്ഞെടുപ്പിലെ അനുകൂലഘടകങ്ങൾ എന്തെല്ലാമാണ്? 

ഇതെന്റെ മൂന്നാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പാണ്. 2009ൽ ബിജെപി സ്ഥാനാർഥി 60,000 വോട്ടു നേടിയ പാലക്കാട് മണ്ഡലത്തിൽ 2014ൽ എനിക്കു ലഭിച്ചത് 1.35 ലക്ഷം വോട്ടാണ്. 2014ൽ ബിജെപി സ്ഥാനാർഥി 90,000 വോട്ടു നേടിയ ആറ്റിങ്ങൽ മണ്ഡലത്തിൽ  2019ൽ എനിക്കു ലഭിച്ചത് 2.48 ലക്ഷം വോട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 1.87 ലക്ഷം വോട്ടാണ് ആലപ്പുഴ മണ്ഡലത്തിൽ ബിജെപിക്കു ലഭിച്ചത്. ഇത് ഇരട്ടിയാക്കാനായാൽ വിജയിക്കാൻ കഴിയും. ഭരണപക്ഷത്തുള്ള എംപി വേണമെന്ന ആഗ്രഹം ആലപ്പുഴക്കാർക്കുണ്ട്. കേരളത്തിലെ എല്ലാ സ്ത്രീകൾക്കു വേണ്ടിയും എല്ലാ കാലത്തും പോരാടിയ ആളാണു ഞാൻ. കക്ഷിരാഷ്ട്രീയം നോക്കാതെ ആലപ്പുഴയിലെ സ്ത്രീ വോട്ടർമാർ എനിക്കൊപ്പം നിൽക്കും.

∙ കേന്ദ്രസർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം എൻഡിഎ സ്ഥാനാർഥിയെ ബാധിക്കില്ലേ? 

രാജ്യത്തു നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപി നേട്ടമുണ്ടാക്കുന്നതു കേന്ദ്രസർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ല എന്നതിന്റെ തെളിവല്ലേ. സാമ്പത്തിക രംഗത്തു മുന്നേറിയ ഇന്ത്യയുടെ സ്ഥാനം ലോകരാജ്യങ്ങളുടെ നെറുകയിലാണ്. കൃഷി മേഖലയിൽ വലിയ ഉണർവുണ്ടായി. രാജ്യത്തെ പാവപ്പെട്ടവർക്കായി എത്ര പദ്ധതികളാണു നടപ്പാക്കിയത്. ഇതെല്ലാം ബിജെപി അനുകൂല തരംഗമുണ്ടാക്കും.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com