ADVERTISEMENT

കായംകുളം ∙ ദേശീയപാത നിർമാണത്തിന് ചെമ്മണ്ണ് ഇട്ട് തറ നിരപ്പാക്കേണ്ട  നിർമാണ രീതിക്ക് പകരം നിലവിലെ റോഡിലെ ടാർ ഇളക്കിപ്പൊടിച്ച് വീണ്ടും നിരത്തുന്ന രീതി  തുടങ്ങി. കല്ലുംമൂട്, ചിറക്കടവം മേഖലകളിലാണ് ഇത്തരത്തിൽ ഇളക്കിയ ടാർ പാളി പുനരുപയോഗിക്കുന്നത്. ചെമ്മണ്ണ് കിട്ടുന്നതിന്  കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ രീതി പരീക്ഷിക്കുന്നത്. നിലവിലുള്ള റോഡിലെ ടാർഭാഗം കുത്തിയിളക്കി ലോറിയിൽ കയറ്റി പ്ലാന്റിലേക്ക് കൊണ്ടുപോകും. അവിടെ ആധുനിക യന്ത്രത്തിൽ ടാർ പാളി പൊടിച്ച് വീണ്ടും റോഡിൽ ഉപയോഗിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. 

ടാർ ഇളക്കിയ ശേഷം ആ ഭാഗം കുത്തിയിളക്കി മറിക്കും. അതിന്  മീതെയാണ് ടാർ മിശ്രിതം പൊടിച്ചത് ഉപയോഗിക്കുന്നത്. അതിന് മുകളിൽ വീണ്ടും മെറ്റൽ നിരത്തും. പിന്നീട് പാറപ്പൊടി വിരിച്ച ശേഷമാണ് ആധുനികയന്ത്ര സാമഗ്രികൾ ഉപയോഗിച്ച് അവസാനവട്ട ടാറിങ് നടത്തുന്നത്. പ്രധാനമായും സർവീസ് റോഡിലാണ് ഇത്തരം നിർമാണ രീതിയെന്ന് കരാറുകാർ പറയുന്നെങ്കിലും പ്രധാന പാതയിലും ഈ രീതി പരീക്ഷിക്കുന്നുണ്ട്. 

തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടായ സാഹചര്യത്തിൽ ചെമ്മണ്ണ് എടുക്കുന്നതിന്  മലകളിൽ നിയന്ത്രണമുണ്ട്. ഇത് റോഡ് നിർമാണത്തിന് കാലതാമസം വരുത്തുമെന്നതിനാലാണ് ഇത്തരം രീതി പരീക്ഷിക്കുന്നതെന്നാണ് കരാറുകാർ പറയുന്നത്. ചെമ്മണ്ണ് ഉപയോഗിച്ചുള്ള നിർമാണത്തെപ്പോലെ  തന്നെ ബലം ഈ രീതിയിലെ നിർമാണത്തിലും ഉറപ്പാണെന്നും പറയുന്നു. അതേസമയം ചെമ്മണ്ണ് ഇറക്കാതെ നിർമാണ പ്രവൃത്തി നടക്കുന്നതിലൂടെ  വൻ സാമ്പത്തിക നേട്ടം കരാറുകാർ ഉണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com