ADVERTISEMENT

കുട്ടനാട് ∙ വിജയം ആശംസിക്കാൻ അച്ഛനില്ലെന്ന വേദനയോടെ ആദർശ് എസ്എസ്എൽസി പരീക്ഷയെഴുതി. അധ്യാപകരും സഹപാഠികളും നൽകിയ ആശ്വാസത്തിലാണ് അവൻ മനസ്സു തളരാതെ ഇന്നലെ കെമിസ്ട്രി പരീക്ഷയെഴുതിയത്. നെടുമുടി കൊട്ടാരം പാർവതിയിൽ (പനങ്ങാട്) പി.ജി.മധുസൂദനന്റെ (64) മരണം മകൻ എം.ആദർശിനു താങ്ങാൻ കഴിയുമായിരുന്നില്ല. താൻ മികച്ച വിജയം നേടണമെന്ന അച്ഛന്റെ ആഗ്രഹം അവനു ധൈര്യം നൽകി.

ചമ്പക്കുളം സെന്റ് മേരീസ് എച്ച്എസ്എസ് വിദ്യാർഥിയാണ് ആദർശ്. ഹൃദയത്തിനു തകരാറുള്ള മധുസൂദനനെ ആൻജിയോപ്ലാസ്റ്റിക്കായി 2 ദിവസം മുൻപ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആൻജിയോപ്ലാസ്റ്റി ചെയ്തു. അതിനു ശേഷം മധുസൂദനൻ ബന്ധുക്കളോടു സംസാരിക്കുകയും ചെയ്തു. എന്നാൽ, ഇന്നലെ പുലർച്ചെ ഹൃദയാഘാതമുണ്ടായി. അഞ്ചേകാലോടെ മരിച്ചു. പരീക്ഷയായതിനാൽ അച്ഛന്റെ മരണം ആദർശിനെ അപ്പോൾ അറിയിച്ചില്ല.

അമ്മ ഉഷാകുമാരിയും സഹോദരൻ ആകാശും ആശുപത്രിയിലേക്കു പോയി. രാവിലെ 7 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് ആദർശ് മരണവിവരം അറിഞ്ഞത്. അധ്യാപകരും കൂട്ടുകാരും ആദർശിനെ ആശ്വസിപ്പിച്ചു പരീക്ഷയ്ക്കായി സ്കൂളിലേക്കു കൂട്ടിക്കൊണ്ടു പോകാൻ എത്തിയിരുന്നു. അച്ഛനോട് അവസാനമായി യാത്ര ചോദിച്ച് ആദർശ് പരീക്ഷയ്ക്കിറങ്ങി.വീടിനോടു ചേർന്നു പലചരക്കുകട നടത്തിയും സമീപത്തെ പാടശേഖരത്തിൽ കൃഷി ചെയ്തുമാണു മധുസൂദനൻ കുടുംബം പുലർത്തിയിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com