ADVERTISEMENT

തഴക്കര ∙ കല്ലിമേൽ ജില്ലാ കൃഷിത്തോട്ടത്തിലെ ചുറ്റുമതിൽ നിർമാണത്തിലെ ക്രമക്കേട് സംബന്ധിച്ച പ്രശ്നം പരിഹരിക്കാനായി നടന്ന രണ്ടാംഘട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാൻ കോൺഗ്രസ്. ജില്ലാ അഗ്രികൾചർ ഓഫിസറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡപ്യൂട്ടി ഡയറക്ടർ, കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ (കെഎൽ‍ഡിസി) പ്രോജക്ട് എൻജിനീയർ, ഫാം കൗൺസിൽ അംഗങ്ങൾ, കോൺഗ്രസ് പ്രതിനിധികൾ എന്നിവരുമായി ഇന്നലെയാണു രണ്ടാം ഘട്ട ചർച്ച നടന്നത്. 

ചർച്ചയിൽ പങ്കെടുത്തവർ അവരവരുടെ വാദങ്ങളിൽ ഉറച്ചു നിന്നു. അവസാനം നിർമാണം നടക്കുന്ന സ്ഥലം പരിശോധിക്കാമെന്നു തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. മതിലിന്റെ നിലവിലെ ഫൗണ്ടേഷൻ ബലമുള്ളതാണെന്ന ചിലരുടെ വാദം തെറ്റാണെന്നു ഫാം കൗൺസിൽ അംഗം സുരേഷ് കുമാർ കളീയ്ക്കലും കോൺഗ്രസ് വെട്ടിയാർ മണ്ഡലം പ്രസിഡന്റ് വൈ.രമേശും സ്ഥലത്തു നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. അതിനാൽ എസ്റ്റിമേറ്റ് പ്രകാരം മതിൽ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട ഇരുവരും യോഗം ബഹിഷ്കരിച്ചു.

കഴിഞ്ഞ ജനുവരിയിലാണു കൃഷിത്തോട്ടത്തിന്റെ ചുറ്റുമതിൽ നവീകരണം ആരംഭിച്ചത്. നിലവിലുള്ള മതിൽ പൂർണമായി പൊളിച്ചു നീക്കി പുതുതായി നിർമിക്കുന്നതിനു നൽകിയ കരാർ പാലിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി അന്നു പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു. വെട്ടിയാർ മണ്ഡലം പ്രസിഡന്റ് വൈ.രമേശിനു വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകൾ പ്രകാരം ജില്ലാ കൃഷിത്തോട്ടത്തിലെ 3 ബ്ലോക്കുകളിലായി 3600 മീറ്റർ നീളത്തിൽ മതിൽ പുനർനിർമാണത്തിനു 2.87 കോടി രൂപയാണ് എസ്റ്റിമേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനു പകരം നിലവിലെ മതിലിന്റെ ഫൗണ്ടേഷൻ പോലും ഇളക്കാതെ നിർമാണം നടക്കുകയാണ്. നിലവിലെ നിർമാണം നിർത്തിവച്ചു പ്ലാനും എസ്റ്റിമേറ്റും അനുസരിച്ച് അഴിമതിരഹിതമായി മതിൽ നിർമിക്കണം എന്നാണു കോൺഗ്രസിന്റെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com