ADVERTISEMENT

എടത്വ ∙ എല്ലാ അളവ് തൂക്ക മെഷിനറികളുടെയും പ്രവർത്തനത്തിലെ കൃത്യത ഉറപ്പാക്കാൻ സംവിധാനം ഉണ്ടെങ്കിലും കാർഷിക മേഖലയിൽ ഏറ്റവും അധികം തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും കാരണമാകുന്ന മോയ്സ്ചർ (ഈർപ്പം) മെഷീന്റെ കൃത്യത ഉറപ്പാക്കാൻ (കാലിബ്രേഷൻ) സംവിധാനമില്ല. ഇത് കാർഷിക മേഖലയിൽ എന്നും തർക്കത്തിനു കാരണമാകുന്നു.  സാധാരണ എല്ലാ അളവു തൂക്ക സാധനങ്ങൾക്കും ലീഗൽ മെട്രോളജി വകുപ്പാണ് പരിശോധന ഉറപ്പാക്കുന്നതും പരാതികൾക്ക് പരിഹാരം കാണുന്നതും. എന്നാൽ മോയ്സ്ചർ മെഷീന്റെ കാര്യത്തിൽ അതിന് അധികാരമില്ലെന്നാണ് അവർ പറയുന്നത്. ലീഗൽ മെട്രോളജി വകുപ്പിൽ മോയ്സ്ചർ മെഷിനറി ഉൾപ്പെട്ടിട്ടില്ലെന്നും അവർ പറയുന്നു.ഇതിന്റെ ഉത്തരവാദിത്തം ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങൾക്കാണ് എന്നും ഇവർ പറയുന്നു. 

സാധാരണ ഏത് അളവ് തൂക്ക യന്ത്രങ്ങൾ വാങ്ങിയാലൂം ആദ്യ വർഷം ഒഴികെ തുടർന്നുള്ള വർഷങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പിനെക്കൊണ്ട് കൃത്യത ഉറപ്പാക്കേണ്ടത് ഉടമസ്ഥരുടെ ജോലിയാണ്. ഇല്ലാത്ത പക്ഷം ഏതു നിമിഷവും പരിശോധന നടത്തി ശിക്ഷ നൽകാൻ ഇവർക്ക് അധികാരമുണ്ട്.കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ നിന്നും നെല്ലു സംഭരിക്കുന്ന സമയത്ത് ഈർപ്പത്തിന്റെ പേരിൽ കർഷകരെ ചൂഷണം ചെയ്യുന്നത് ഈർപ്പത്തിന്റെ അളവ് പരിശോധിക്കുന്ന സമയത്താണ്.       ഈർപ്പം അളവ് 17 ശതമാനത്തിൽ കൂടുതലാണെങ്കിൽ അധിക തൂക്കം നെല്ല് കൊടുക്കണം എന്നാണ് നിർദേശിച്ചിരിക്കുന്നത്. അല്ലെങ്കിൽ നെല്ല് വീണ്ടും ഉണക്കി പതിരു കളഞ്ഞ് 17 ശതമാനത്തിൽ കുറവാക്കി നൽകാൻ കർഷകർ തയാറാകണം എന്നാണ്. യന്ത്രത്തിനു കൃത്യതയില്ലാത്തതിനാൽ ഈർപ്പത്തിന്റെ അളവ് കൂടുതലായി കാണിക്കുമെന്നാണ് കർഷകർ പറയുന്നത്. 

ഇടനിലക്കാരായ ഏജന്റുമാർ കൊണ്ടു വരുന്ന മോയ്സ്ചർ മീറ്റർ കാലപ്പഴക്കം ചെന്നതും കാലാകാലങ്ങളിൽ പതിപ്പിക്കാത്തതുമാണെന്നാണ് പരാതി. ചെറിയ വ്യത്യാസം പോലും ഡിജിറ്റൽ മെഷിനിൽ അറിയാം എന്നിരിക്കെ ഒരു സമയത്ത് ഒരേ സ്ഥലത്തുനിന്നും പരിശോധനയ്ക്ക് എടുക്കുന്ന നെല്ല് മൂന്നു തവണ  പരിശോധിച്ചാൽ മൂന്നു വിധത്തിലാണ് റീഡിങ് കാണിക്കുന്നത്.       കൈകൊണ്ടു പോലും നെല്ലെടുത്തു മീറ്ററിൽ ഇടാൻ പാടില്ലെന്നാണ് നിർദേശം. കൈയിലെ വിയർപ്പിന്റെ അംശം പോലും റീഡിങ്ങിൽ തെളിയും. അതിനിടയിലാണ് വർഷങ്ങൾ പഴക്കമുള്ള മെഷീൻ ഉപയോഗിക്കുന്നത്. ഇതിനെതിരെ പാഡി മാർക്കറ്റിങ് അധികൃതർക്ക് പരാതി കൊടുത്താൽ അവർ എത്തിക്കുന്ന മെഷിനിൽ റീഡിങ് എടുക്കും. അതിനും വ്യത്യാസമായിരിക്കും എന്ന് കർഷകർ പറയുന്നു. 

കഴിഞ്ഞ സീസണിൽ 4 പ്രാവശ്യം റീഡിങ് എടുത്തിട്ടും 17 ശതമാനത്തിൽ കൂടുതൽ റീഡിങ് കാണിച്ചിടത്ത് പരാതിയെ തുടർന്ന് അധികൃതർ പരിശോധന നടത്തിയപ്പോൾ 13 ശതമാനത്തിൽ താഴെ റീഡിങ് കാണിച്ചതായി കർഷകനായ കൊച്ചുമോൻ അഞ്ചിൽ കൊല്ലം മുറി പറഞ്ഞു. യന്ത്രത്തിന്റെ വില 20000 രൂപ ആയിനാൽ ഏജന്റുമാർ പഴക്കം ചെന്ന മോയ്സ്ചർ മീറ്റർ ഉപയോഗിക്കുകയാണ്. പുതിയതു വാങ്ങുകയോ  മെഷീന്റെ കൃത്യത ഉറപ്പുവരുത്താൻ പരിശോധന നടത്തുകയോ വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ഇപ്പോൾ ജില്ലയിലെ ഏജന്റുമാരുടെ പക്കൽ എത്ര മെഷീൻ ഉണ്ടെന്നു പോലും അറിയാൻ കഴിയാത്ത സ്ഥിതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com