ADVERTISEMENT

സിനിമാ പേരുകളും പോസ്റ്ററുകളും പരസ്യവാചകങ്ങളുമൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തരംഗമാകുന്നത് പതിവാണ്. ഇത്തവണ ഒരു പുസ്തകത്തിന്റെ കവറും ഹിറ്റ് ആയിരിക്കുന്നു. തിരക്കഥാകൃത്തും നോവലിസ്റ്റുമായ അഖിൽ പി.ധർമജൻ എഴുതിയ ‘റാം കെയർ ഓഫ് ആനന്ദി’ എന്ന പുസ്തകത്തിന്റെ കവർ ആണ് തലക്കെട്ട് മാറ്റി, സ്ഥാനാർഥികളുടെ പ്രചാരണ പോസ്റ്ററായി പ്രചരിക്കുന്നത്. 31 എഡിഷൻ ഇറങ്ങിയതിന്റെ ആഘോഷത്തിനിടെ, കവറും ഹിറ്റ് ആയത് ഇരട്ടി സന്തോഷം നൽകുന്നെന്ന് അഖിൽ പറഞ്ഞു. ‘‘തിരഞ്ഞെടുപ്പിൽ പലരും പുസ്തകത്തിന്റെ കവർ ഉപയോഗിക്കുന്നുണ്ട്. അതിലും ഒരു പോസിറ്റിവിറ്റിയാണു കാണുന്നത്. പല കമ്പനികളും പരസ്യത്തിനായി ഈ ഡിസൈൻ ഉപയോഗിക്കുന്നുണ്ട്’’– അഖിൽ പറഞ്ഞു.

ആ കവറിന്റെ രൂപകൽപനയെപ്പറ്റി അഖിൽ പറയുന്നു:
പുസ്തകത്തിന്റെ പ്രമേയം പോലെ പോസിറ്റിവിറ്റി നൽകുന്ന കവർ പേജ് ആയിരുന്നു ആവശ്യം. ഞാനും സുഹൃത്ത് വിഷ്ണു ഉദയനും അതിനായി ഹരിൺ കൈരളി പുന്നപ്രയെ സമീപിച്ചു. പലപല ആശയങ്ങളും കളർ പാറ്റേണുകളുമൊക്കെ ഞങ്ങൾ ചർച്ച ചെയ്തു. അങ്ങനെ ഒരു കവർ ഡിസൈൻ ചെയ്തു. പക്ഷേ ഒരു ദിവസം രാത്രി ഹരിണിന്റെ ഫ്ലെക്സ് പ്രിന്റിങ് സ്ഥാപനത്തിൽ ഇരുന്നു പഴയ കവർ പേജ് പൊളിച്ച് ഒന്നര മണിക്കൂർ കൊണ്ടു പുതിയ കവറിനു രൂപം നൽകി. ബുക്കിന്റെ പേര് താഴേക്ക് എഴുതാമെന്നു ഹരിണാണു നിർദേശിച്ചത്. അക്ഷരങ്ങൾക്കു വലുപ്പം കൂട്ടാമെന്നതിനാൽ ദൂരെ നിന്നു തന്നെ പുസ്തകം തിരിച്ചറിയാമല്ലോ. പക്ഷേ ഒരു സംശയമുണ്ടായി. ‘ആ നന്ദി’ എന്നു വായിക്കുമോ? എന്നാൽ എല്ലാവരും ‘ആനന്ദി’ എന്നു തന്നെ വായിച്ചു. വൻ ഹിറ്റായി മാറിയ ‘2018: എവരിവൺ ഈസ് എ ഹീറോ’യ്ക്ക് അഖിൽ ആണു തിരക്കഥ എഴുതിയത്. റാം കെയർ ഓഫ് ആനന്ദിയും സിനിമയാക്കാൻ അഖിലും സംഘവും ആലോചിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com